ചാരക്കേസിനെ ചാരം മൂടാന്‍ അനുവദിക്കില്ല -മുരളി

തിരുവനന്തപുരം: ഐ.എസ്.ആ൪.ഒ ചാരക്കേസിനെ ചാരം മൂടാൻ ആരെങ്കിലും ശ്രമിച്ചാൽ അതിനെതിരെ പോരാടുമെന്ന് കെ.മുരളീധരൻ എം.എൽ.എ. തന്റെ പിതാവും മുൻമുഖ്യമന്ത്രിയുമായ കെ.കരുണാകരന്റെ നിരപരാധിത്തം തെളിയിക്കാൻ ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് താൻ കൊടുത്ത കത്ത് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. അത് അദ്ദേഹത്തിന്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണ്. കത്ത് സ്വീകരിക്കുകയാണെങ്കിൽ അന്വേഷണമുണ്ടാകും, മറിച്ചാണെങ്കിൽ നിയമനടപടികളുമായി മുന്നോട്ടു പോകും. പുനരന്വേഷണം നടത്തുന്നതുകൊണ്ട് പാ൪ട്ടിക്കോ സ൪ക്കാരിനോ എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ കെ.പി.സി.സി പ്രസിഡന്റോ മുഖ്യമന്ത്രിയോ അക്കാര്യം പറയണം. അച്ചടക്കമുള്ള പാ൪ട്ടി പ്രവ൪ത്തകൻ എന്ന നിലയിൽ അവ൪ പറയുന്നത് കേൾക്കാൻ തയ്യാറാണ്. അല്ലാത്ത പക്ഷം അന്വേഷണമെന്ന ആവശ്യവുമായി മുന്നോട്ടുപോകും- മുരളീധരൻ പറഞ്ഞു.

എ.കെ ആന്റണിയെ കേസിലേക്ക് താൻ വലിച്ചിഴച്ചിട്ടില്ല. ആന്റണിക്കെതിരെ ഒരു സംശയവുമില്ല. പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യേണ്ടെന്ന മുല്ലപ്പള്ളിയുടെ നിലപാട് ദൗ൪ഭാഗ്യകരമാണ്.

സി.ബി.ഐ കുറ്റക്കാരെന്ന് കണ്ടെത്തിയവരെ ശിക്ഷിക്കാത്തത് എന്തുകൊണ്ടാണെന്നും മുരളി ചോദിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.