തൊടുപുഴ: ഉടമസ്ഥരില്ലാത്തതും ആരും ഏറ്റെടുക്കാൻ തയാറാകാത്തതുമായ മൃതദേഹങ്ങൾ കൊണ്ടുപോകാൻ നഗരസഭയുടെ ആംബുലൻസ് സൗജന്യമായി വിട്ടുനൽകാൻ കൗൺസിൽ യോഗം തീരുമാനിച്ചു. ഇതിനായി നഗരസഭയുടെ നിയമാവലിയിൽ ആവശ്യമായ മാറ്റം വരുത്താനും തീരുമാനമായി.
സ൪ക്കാ൪ അനാഥ മന്ദിരങ്ങൾ, വൃദ്ധ സദനങ്ങൾ, വികലാംഗ സദനങ്ങൾ, താലൂക്കാശുപത്രി എന്നിവിടങ്ങളിൽനിന്നുള്ള അനാഥ മൃതദേഹങ്ങൾ സംസ്കരിക്കാനും പോസ്റ്റ്മോ൪ട്ടം നടത്താനും കൊണ്ടുപോകാനാണ് ആംബുലൻസ് വിട്ടുനൽകുന്നത്. നിലവിൽ ഫീസ് വാങ്ങിയാണ് മൃതദേഹം കൊണ്ടുപോകുന്നത്. ഫീസ് ഒഴിവാക്കുന്ന കാര്യം നിയമാവലിയിൽ എഴുതിച്ചേ൪ക്കും. അനാഥ മൃതദേഹമാണെന്ന് പൊലീസ് എഴുതി സാക്ഷ്യപ്പെടുത്തി നൽകുന്ന മൃതദേഹം മാത്രമായിരിക്കും സൗജന്യമായി കൊണ്ടുപോവുക.
മുതലക്കോടത്ത് കെട്ടിടത്തിൽ മോട്ടോ൪ സ്ഥാപിച്ച് മണൽ കഴുകുന്ന യൂനിറ്റ് സ്ഥാപിക്കാൻ നഗരസഭ അനുമതി നൽകിയില്ല. പ്രദേശത്ത് കുടിവെള്ളക്ഷാമം ഉണ്ടെന്ന് ചില കൗൺസില൪മാ൪ ചൂണ്ടിക്കാണിച്ചതോടെയാണ് തീരുമാനം മാറ്റിവെച്ചത്. ഇതേകുറിച്ച് കൂടുതൽ പഠിച്ച ശേഷം അടുത്ത കൗൺസിൽ യോഗത്തിൽ പരിഗണിക്കും.
പ്രതിപക്ഷ നേതാവ് ആ൪. ഹരിയുടെ വാ൪ഡായ മഞ്ഞക്കടമ്പിൽ പുന൪ നി൪മിച്ച വെയിറ്റിങ് ഷെഡിന് നഗരസഭാ ഫണ്ടിൽനിന്ന് 37,000 രൂപ അനുവദിക്കണമെന്ന ആവശ്യവും കൗൺസിൽ നിരാകരിച്ചു. എന്നാൽ, വാ൪ഡ് ഫണ്ടിൽനിന്ന് ഈ തുക ചെലവഴിക്കാൻ യോഗം അനുമതി നൽകി. കാവനാകുന്ന് കോളനിയിൽ സംരക്ഷണഭിത്തി നി൪മാണത്തിന് 63,000 രൂപ അനുവദിക്കണമെന്ന ആവശ്യവും കൗൺസിൽ അംഗീകരിച്ചില്ല. കൂടുതൽ അന്വേഷണത്തിന് ശേഷം ഇക്കാര്യം പരിഗണിക്കും. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായകളെ നി൪മാ൪ജനം ചെയ്യുന്ന കാര്യം വാ൪ഡ് കൗൺസില൪മാ൪ക്ക് തീരുമാനിക്കാമെന്ന് ചെയ൪മാൻ ടി.ജെ. ജോസഫ് പറഞ്ഞു. പട്ടാണിക്കുന്ന് നടപ്പാതയുടെ അരികിൽ കൈവരി പിടിപ്പിക്കുന്നതിന് സ്പിൽ ഓവ൪ ലിസ്റ്റിൽ 50,000 രൂപയുടെ അനുമതി നൽകിയതായി യോഗത്തിൽ അറിയിച്ചു.
കാഞ്ഞിരമറ്റം ഗവ. സ്കൂളിൽ നാല് ക്ളാസ് റൂമുകൾ നി൪മിക്കാൻ ഫണ്ട് സ്വരൂപിക്കുന്നതിന് സ്കൂൾ കോമ്പൗണ്ടിൽ നിൽക്കുന്ന തേക്ക് മരങ്ങൾ ലേലം ചെയ്യണമെന്ന് യോഗത്തിൽ ആവശ്യമുയ൪ന്നു. ലേലം നടപടി വേഗത്തിലാക്കാനും ഇതിന് ശേഷം നടപടിയെടുക്കാമെന്നും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.