തൃശൂ൪: കറൻറില്ലെങ്കിലും ഇനി പൊതുമരാമത്ത് വകുപ്പിൻെറ വൈദ്യുതി വിഭാഗം തൃശൂ൪ മേഖലാ ഓഫിസിൽ വെളിച്ചവും കാറ്റും ലഭിക്കും. രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ മറികടക്കാൻ എന്തു വേണമെന്നറിയാതെ സ൪ക്കാറും വൈദ്യുതി വകുപ്പും തല പുകച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് വൈദ്യുതി വകുപ്പ് തന്നെ ബദൽ മാ൪ഗം പരീക്ഷിക്കുന്നത്.
സൂര്യതാപത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിച്ച് മേഖലാ ഓഫിസിലെ ബൾബുകൾ തെളിച്ചും ഫാനുകൾ കറക്കിയും വൈദ്യുതി വകുപ്പിൻെറ ആദ്യഘട്ടപരീക്ഷണമാണ് വിജയിച്ചത്. 1024 വാട്സ് ഉൽപാദന ശേഷിയുള്ള സൗരോ൪ജ പാനലാണ് ഓഫീസിൻെറ മേൽക്കൂരയിൽ സ്ഥാപിച്ചത്. അനെ൪ട്ട് വികസിപ്പിച്ചെടുത്തതിൽനിന്ന് വ്യത്യസ്തമായി, മഴക്കാലത്തെയും മൂടിക്കെട്ടിയ കാലാവസ്ഥയെയും നേരിടാനും നേരിയ സൂര്യതാപത്തിലും ഊ൪ജം ഉൽപാദിപ്പിക്കാനും കഴിയുന്ന വിധത്തിലുള്ളതാണ് വൈദ്യുതി വിഭാഗം തന്നെ രൂപകൽപന ചെയ്ത സൗരോ൪ജ വൈദ്യുതി ഉൽപാദന സംവിധാനം. പരമ്പരാഗത ഊ൪ജസ്രോതസ്സുകളെ ഉപയോഗപ്പെടുത്തുന്നതിൻെറ ഭാഗമായാണിത്. സെയ്ഫ് ലൈൻ ഇലക്ട്രിക്കൽ എൻജീനീയേഴ്സിലെ രാജൻ മേനോനാണ് രൂപകൽപന ചെയ്തത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉൾക്കൊണ്ട് ട്രിപ്പിൾ ജങ്ഷൻ ഫ്ളക്സിബിൾ തിൻഫിലിം പാനലുകളാണ് വൈദ്യുതി വിഭാഗം വികസിപ്പിച്ചെടുത്ത സൗരോ൪ജ പാനലിൽ ഉപയോഗിച്ചിരിക്കുന്നത്.
180 ചതുരശ്ര അടി ചുറ്റളവിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനാവശ്യമായ ഊ൪ജം സ്വീകരിക്കും. 3600 വാട്സ് സംഭരണ ശേഷിയുണ്ട് പാനലിന്. പ്രതിവ൪ഷം 1400 യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാവുമെന്ന് പൊതുമരാമത്ത് വകുപ്പ് തൃശൂ൪ മേഖലാ ഇലക്ട്രിക്കൽ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയ൪ വിദ്യാധരൻ പറഞ്ഞു. തൃശൂ൪ മേഖലാ ഓഫിസിലെ ലൈറ്റ്, ഫാൻ, കമ്പ്യൂട്ട൪ തുടങ്ങിയവയെല്ലാം പുതിയ സംവിധാനത്തിൽ പ്രവ൪ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മേഖലാ ഓഫിസിൽ സ്ഥാപിച്ച സൗരോ൪ജ വൈദ്യുതി ഉൽപാദന സംവിധാനത്തിൻെറ ഉദ്ഘാടനം വൈദ്യുതി വിഭാഗം സൂപ്രണ്ടിങ് എൻജിനീയ൪ ടി.പി.സദാനന്ദപൈ നി൪വഹിച്ചു. ഡിവിഷൻ എ.എക്സ്.ഇ സോമസുന്ദരപിള്ളയും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.