ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലെ ഒന്നാംപ്രതി അതേ സ്കൂളില്‍ പി.ടി.എ പ്രസിഡന്‍റ്!

കോഴിക്കോട്: യുവമോ൪ച്ച നേതാവ് കെ.ടി. ജയകൃഷ്ണൻ മാസ്റ്ററെ ക്ളാസ് മുറിയിൽ വെട്ടിക്കൊന്ന കേസിലെ ഒന്നാംപ്രതി അതേ സ്കൂളിൽ പി.ടി.എ പ്രസിഡൻറ്. പാനൂ൪ മൊകേരി ഈസ്റ്റ് യു.പി സ്കൂളിലാണ് ഈ അസാധാരണ സംഭവം.
കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ കഴിഞ്ഞ എൽ.ഡി.എഫ് സ൪ക്കാറിൻെറ അവസാന കാലത്ത് ജയിലിൽനിന്ന് വിട്ടയക്കപ്പെട്ട അച്ചാരുപറമ്പത്ത് പ്രദീപനാണ് കഥാനായകൻ.


1999 ഡിസംബ൪ ഒന്നിന് കാലത്ത് ക്ളാസിൽ കണക്ക് പഠിപ്പിച്ചുകൊണ്ടിരിക്കെയാണ് ജയകൃഷ്ണൻ കൊല്ലപ്പെട്ടത്. കേരള ചരിത്രത്തിലെ അതിനിഷ്ഠുര കൊലകളിൽ ഒന്നായിരുന്നു അത്. ക്ളാസ് മുറിയിൽ അന്ന് ബോധംകെട്ട് വീണ കുട്ടികളിൽ പലരും ദീ൪ഘകാല കൗൺസിലിങ്ങിലൂടെയാണ് മനോനില വീണ്ടെടുത്തത്.


അന്ന് സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന പ്രദീപൻ അടക്കം ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അവരിൽ പ്രദീപൻ അടക്കം അഞ്ചുപേ൪ക്ക് തലശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി വധശിക്ഷ വിധിച്ചു. അപ്പീലിൽ ഹൈകോടതി ശിക്ഷ ശരിവെച്ചു. സുപ്രീംകോടതി പ്രദീപൻെറ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. മറ്റു പ്രതികളെ വിട്ടയച്ചു. ജീവപര്യന്തം തടവു അനുഭവിക്കുന്ന പ്രദീപനെ എൽ.ഡി.എഫ് സ൪ക്കാറിൻെറ അവസാന കാലത്ത് ജയിലിൽനിന്ന് വിട്ടയച്ചു. ഗവ൪ണ൪ക്ക് സ൪ക്കാ൪ നൽകിയ വിട്ടയക്കാൻ പോകുന്ന തടവുപുള്ളികളുടെ ലിസ്റ്റിൽ പ്രദീപൻ ഉൾപ്പെട്ടതറിഞ്ഞ് ജയകൃഷ്ണൻ മാസ്റ്ററുടെ അമ്മ കൗസല്യ ഹൈകോടതിയിൽ ഹരജി നൽകി. തുട൪ന്ന് എൽ.ഡി.എഫ് നേതൃത്വവും ആ൪.എസ്.എസ് നേതൃത്വവും തമ്മിൽ കൂടിയാലോചന നടന്നു. പ്രദീപന് പകരം കൊലപാതകം അടക്കം കുറ്റകൃത്യങ്ങൾക്ക് ജീവപര്യന്തം തടവനുഭവിക്കുന്ന ഏതാനും ആ൪.എസ്.എസുകാരെ വിട്ടയക്കണമെന്ന് ആ൪.എസ്.എസ് നേതൃത്വം ആവശ്യപ്പെട്ടത് അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ അംഗീകരിച്ചു. ആ൪.എസ്.എസ് ഇടപെട്ട് കൗസല്യയുടെ ഹരജി പിൻവലിപ്പിച്ചതോടെയാണ് പ്രദീപൻെറ ജയിൽ മോചനത്തിന് വഴിതുറന്നത്. സ്കൂളിലെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നി൪ബന്ധത്തിലാണത്രെ പ്രദീപൻ പി.ടി.എ പ്രസിഡൻറായത്.
അതിനിടെ, ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ അറസ്റ്റിലായ ക്വട്ടേഷൻ സംഘ നേതാവ് ടി.കെ. രജീഷിൻെറ മൊഴിയുടെ അടിസ്ഥാനത്തിൽ ജയകൃഷ്ണൻ വധക്കേസ് പുനരന്വേഷിക്കാൻ സ൪ക്കാ൪ നിയമവശം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.