കോഴിക്കോട്: ‘പ്രിയപ്പെട്ട നാട്ടുകാരേ, നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ നല്‍കി...’ ശനിയാഴ്ച അഞ്ചുമണിവരെ അങ്ങാടിയിലും നാട്ടിന്‍പുറങ്ങളിലെ ഇടവഴികളിലും ഇത്തരം ഘനഗംഭീരന്‍ അനൗണ്‍സ്മെന്‍റുകളിലൂടെയാണ് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ചത്.
എന്നാല്‍, നിശ്ശബ്ദപ്രചാരണവേളയിലും നിശ്ശബ്ദമല്ലാതെയാണ് നവമാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ കത്തിക്കയറിയത്.
നവമാധ്യമങ്ങളുടെ സാന്നിധ്യത്താല്‍ വ്യത്യസ്തമാകുന്ന ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഓണ്‍ലൈന്‍ പ്രചാരണങ്ങളും തുടക്കംമുതലേ സജീവമായിരുന്നു.
ദിവസങ്ങളായി ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും നടത്തിയ പ്രചാരണങ്ങളുടെ കൊട്ടിക്കലാശമാണ് നിശ്ശബ്ദ പ്രചാരണ ദിവസം നടന്നത്.
ഞായറാഴ്ച വോട്ടര്‍മാരുടെ വീടുകയറി വോട്ടഭ്യര്‍ഥിക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കിലും വാട്സ്ആപ് ഗ്രൂപ്പിലിട്ടും പ്രചാരണം കൊഴുപ്പിച്ചു.
പാര്‍ട്ടികളെ വിമര്‍ശിച്ചുകൊണ്ടുള്ള ഹാസ്യപ്രചാരണങ്ങളും ഞായറാഴ്ച സജീവമായി വാട്സ്ആപ്പിലൂടെ പ്രചരിച്ചു. ഹാസ്യ പോസ്റ്ററുകള്‍ നിമിഷങ്ങള്‍ക്കകമാണ് വാട്സ്ആപ്പിലൂടെയും മറ്റും പ്രചരിക്കുന്നത്. നിശ്ശബ്ദ പ്രചാരണ ദിവസം അത്തരത്തിലുള്ള പ്രചാരണങ്ങളെ ഹാസ്യാത്മകമായി ചിത്രീകരിച്ചാണ് ചിരിപടര്‍ത്തുന്നത്. പാര്‍ട്ടികളുടെ കൊട്ടിക്കലാശം അതിരുവിട്ടിട്ടും പാര്‍ട്ടികള്‍ മൗനംപാലിച്ചതിനെതിരെയും വിമര്‍ശമുണ്ട്.
ചില സിനിമകളിലെ താരങ്ങളുടെ സംഭാഷണം നിശ്ശബ്ദ പ്രചാരണസമയത്തെ വോട്ടഭ്യര്‍ഥനയായും ഹാസ്യരൂപേണ ചിത്രീകരിക്കുന്നുണ്ട്.
ഇത്തരത്തില്‍ ഹിറ്റ് സിനിമകളിലെ തമാശരംഗങ്ങള്‍ നിശ്ശബ്ദപ്രചാരണവുമായി കുട്ടിച്ചേര്‍ത്താണ് സന്ദേശങ്ങള്‍ വൈറലാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.