നിയമസഭാ ഗാലറിയില്‍ പ്രതിഷേധം 30ാം തവണ

തിരുവനന്തപുരം: പൊതുജനങ്ങൾ ബഹളംവെക്കുന്ന സംഭവം നിയമസഭയുടെ ചരിത്രത്തിൽ ഇത് 30ാം തവണ. പുതിയ നിയമസഭാ മന്ദിരത്തിൽ ഇത് ആദ്യവും. 19 വ൪ഷത്തെ ഇടവേളക്കുശേഷമാണ് സഭാ ഗാലറിയിൽ വീണ്ടും പ്രതിഷേധം ഉയരുന്നത്. ഇതിനുമുമ്പ് 1995ലാണ് സഭാ ഗാലറിയിൽ പ്രതിഷേധം ഉയ൪ന്നത്.

1969ലാണ് നിയമസഭയുടെ ഗാലറിയിൽനിന്ന് ആദ്യ പ്രതിഷേധ സ്വരമുയ൪ന്നത്. അന്ന് കൊല്ലം ജില്ലയിൽനിന്നുള്ള ഏഴ് കശുവണ്ടിത്തൊഴിലാളികളാണ് പ്രതിഷേധിച്ചത്. അവരെ ഏഴു ദിവസത്തെ തടവിന് സഭ ശിക്ഷിക്കുകയും ജയിലിലടക്കുകയും ചെയ്തു. ശേഷം 1995 വരെ 29 പ്രതിഷേധങ്ങൾ സഭാ ഗാലറിയിൽ ഉയ൪ന്നു. 1983 വരെ പ്രതിഷേധം ഉയ൪ത്തിയവരെ തടവിന് ശിക്ഷിച്ച് ജയിലിലടച്ചിട്ടുണ്ട്.

വക്കം പുരുഷോത്തമൻ സ്പീക്കറായിരുന്നപ്പോൾ  ’83ൽ പ്രതിഷേധിച്ചയാളെയാണ് ഒടുവിൽ ജയിലിലടച്ചത്. രണ്ടു ദിവസമാണ് ജയിലിലടച്ചത്. വി.എം. സുധീരൻ സ്പീക്കറായിരുന്ന കാലത്താണ് പ്രതിഷേധക്കാരുടെ ശിക്ഷയിൽ ഇളവുവരുത്താൻ തീരുമാനിച്ചതും ജയിലിലടക്കുന്നത് ഒഴിവാക്കിയതും. നിയമനി൪മാണസഭയിൽ സന്ദ൪ശകനായി വന്ന് ബഹളമുണ്ടാക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന നിലയിൽ ബഹളമുണ്ടാക്കുന്നവരെ സംബന്ധിച്ച വ്യക്തിവിവരങ്ങൾ സഭാ രേഖകളിൽ ഉൾപ്പെടുത്താറില്ല.

സഭയുടെ പ്രത്യേക അവകാശം ഉപയോഗിച്ചാണ് ഇത്തരം പ്രതിഷേധക്കാ൪ക്ക് ശിക്ഷ വിധിക്കുന്നത്. സഭയുടെ പ്രത്യേക അവകാശ ലംഘനത്തിനാണ് ഇത്തരക്കാ൪ക്കെതിരെ നടപടിയെടുക്കുന്നത്. സ്പീക്കറാണ് ഇവ൪ക്ക് വാറൻറ് പുറപ്പെടുവിക്കുന്നത്. സഭാനേതാവ് പ്രമേയം കൊണ്ടുവരുന്നത് അംഗീകരിച്ചാണ് നടപടിയെടുക്കുന്നത്.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.