സിഡ്നി: മാസ്റ്റർ ഷെഫ് ആസ്ട്രേലിയ സീസൺ 13ൽ ഇന്ത്യൻ വംശജനായ ജസ്റ്റിൻ നാരായണൻ വിജയിയായി. ഫൈനലിസ്റ്റുകളായ കിഷ്വാർ ചൗധരിയെയും പെറ്റ് കാംബലിനെയും തോൽപിച്ചാണ് ജസ്റ്റിൻ 250,000 യു.എസ് ഡോളർ (ഏകദേശം 1.86 കോടി രൂപ) സമ്മാനത്തുകയുള്ള പരിപാടിയിൽ ജേതാവായത്. ഫൈനലിസ്റ്റുകളിൽ ഒരാളായ കിഷ്വാർ ചൗധരിക്ക് ബംഗ്ലാദേശിൽ വേരുകളുണ്ട്.
മാസ്റ്റർഷെഫ് ട്രോഫിയും ജസ്റ്റിന് സമ്മാനിച്ചു. മാസ്റ്റർ ഷെഫിൽ ജേതാവാകുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജനാണ് ജസ്റ്റിൻ. 2018ൽ ജേതാവായ ശശി ചേലിയയാണ് ജസ്റ്റിന്‍റെ മുൻഗാമി.
'നിങ്ങളിൽ വിശ്വസിക്കുന്ന ആളുകളെ കണ്ടെത്തുക. സ്വയം കരുത്തരാകുക, കഠിനാധ്വാനം ചെയ്യുക നിങ്ങൾ സ്വയം ആശ്ചര്യപ്പെടും! ഇത് വായിക്കുന്നവരേ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു'-ജസ്റ്റിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 'ഇത് വളരെ മികച്ച ഒരു അനുഭവമാണ്. അതിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. കഴിയുന്നിടത്തോളം ആസ്വദിക്കാൻ ശ്രമിക്കുന്നു'- ഫിജി-ഇന്ത്യൻ വംശജനായ 27കാരൻ പറഞ്ഞു.
തന്‍റെ തനതായ പാചക ശൈലിയിലൂടെ പെർത്ത് സ്വദേശിയായ ജസ്റ്റിൻ ലോകമെമ്പാടും നിരവധി ആരാധകരെ നേടിയെടുത്തിരുന്നു. ഉയർന്ന സമ്മർദ്ദ ഘട്ടത്തിൽ പോലും സംതൃപ്തിയോടെയും സർഗാത്മകതയോടെയും പാചകം ചെയ്യുന്നതിലൂടെ ജസ്റ്റിൻ ഫാൻബേസ് കൂട്ടി. നിരവധി എപ്പിസോഡുകളിൽ അദ്ദേഹം തന്‍റെ ടാസ്കുകൾ നിർവഹിക്കുന്നത് ആരാധകർ ആസ്വദിച്ചു.
'എന്‍റെ ഏക്കാലത്തെയും പ്രിയപ്പെട്ട വിഭവങ്ങളിലൊന്ന് ചാർക്കോൾ ചിക്കനും ടുമുമാണ്. അത് വളരെ രുചികരമാണ്, കൂട്ടുകാരോടൊത്തുള്ള നല്ല ഓർമകളിലേക്ക് അതെന്നെ കൂട്ടിക്കൊണ്ടുപോകുന്നു. ആൻഡിയുടെ ത്രീ ബ്ലൂ ഡക്ക് റസ്റ്ററന്‍റിൽ പാചകം ചെയ്യുകയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അത് വളരെ മികച്ച ഒരു അനുഭവമായിരുന്നു'-ജസ്റ്റിൻ ഷോ അനുഭവം പറഞ്ഞു.
ഫിജിയൻ, ഇന്ത്യൻ പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതായിരുന്നു ജസ്റ്റിന്‍റെ പാചകം. ഷോയിൽ പങ്കെടുക്കുമ്പോൾ ചിക്കൻ കറി, പിക്ക്ൾ സാലഡ്, ഇന്ത്യൻ ചിക്കൻ ടാക്കോസ്, ചാർക്കോൾ ചിക്കൻ വിത്ത് ടൂം, ഫ്ലാറ്റ്ബ്രെഡ് തുടങ്ങി നിരവധി ഇന്ത്യൻ വിഭവങ്ങൾ അവതരിപ്പിച്ച് ജസ്റ്റിൻ വിധികർത്താക്കളെ ആകർഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.