അങ്കമാലി: ദേശീയപാത കൊരട്ടിക്കടുത്ത് ചിറങ്ങരയിൽ ടോറസ് ഇടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾ മരിച്ചു. പാറക്കടവ് കുറുമശ്ശേരി ട്രൗണ്ടിന് സമീപം താവളത്തുപറമ്പിൽ വീട്ടിൽ കുമാരൻ്റെ മകൻ ടി.കെ.സജീവ് (52), ഭാര്യ സിമി (39) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് 6.20ഓടെ ചിറങ്ങര സിഗ്നലിന് സമീപമായിരുന്നു അപകടം. സിഗ്നൽ തെളിഞ്ഞയുടൻ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ മുന്നോട്ടെടുത്തതോടെ ഇടതു വശത്തെ സർവീസ് റോഡിൽ നിന്ന് മറ്റൊരു വാഹനം ദേശീയപാതയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചു. അതോടെ സ്കൂട്ടർ വലത്തോട്ട് ഒതുക്കുകയും ഈ സമയം പിറകിൽ വന്ന ടോറസ് സ്കൂട്ടറിൽ ഇടിച്ചു കയറുകയായിരുന്നുവെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്.
സജീവ് അപകടസ്ഥലത്ത് മരിച്ചു. അവശനിലയിലായ സിമിയെ കറുകുറ്റി അപ്പോളോ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സിമിയുടെ ചിറങ്ങരയിലുള്ള വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു ദുരന്തം. സജീവ് മരപ്പണിക്കാരനാണ്. കുറുമശ്ശേരി പോസ്റ്റ് ഓഫീസിലെ താൽക്കാലിക ജീവനക്കാരിയാണ് സിമി.
മക്കൾ: ആരോമൽ (സിവിൽ എൻജിനീയറിങ് വിദ്യാർഥി), അർജുൻ (10-ാം ക്ലാസ് വിദ്യാർഥി, എൻ.എസ്.എസ്. പാറക്കടവ്). ഇരുവരുടെയും മൃതദേഹങ്ങൾ അപ്പോളോ ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.