തൃപ്പൂണിത്തുറ: കെ.എസ്.ആര്.ടി.സി ബസ് ബുള്ളറ്റ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. കൂടെ യാത്ര ചെയ്തിരുന്ന യുവാവ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. പുത്തന്‍കുരിശ് കാണിനാട് അച്ച്യുതം വീട്ടില്‍ താമസിക്കുന്ന കാസര്‍കോട് ബേഡടുക്ക മുട്ടമ്മല്‍ വീട്ടില്‍ രവീന്ദ്രന്റെ മകന് ശ്രേയസ് (18) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ബന്ധുവായ അഖില്‍ (21) അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. ബുധനാഴ്ച വെളുപ്പിന് 5.10ന് തൃപ്പൂണിത്തുറ എസ്.എന്‍ ജങ്ഷനിലായിരുന്നു അപകടം.
ആലപ്പുഴയിലെ ബന്ധുവീട്ടില്‍ നിന്നും അഖിലിനെയും കൂട്ടി ബുള്ളറ്റില്‍ പുത്തന്‍കുരിശിലെ ശ്രേയസിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ എസ്.എന്‍ ജങ്ഷനിൽ തൃപ്പൂണിത്തുറ ഭാഗത്തേക്ക് തിരിയുന്നിടത്തു വച്ച് എറണാകുളത്ത് നിന്നും പാല ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആര്.ടി.സി ബസ് അമിത വേഗതയില്‍ പെട്ടെന്ന് വളച്ചെടുത്തതാണ് അപകടത്തിന് കാരണം. ബസിനടിയില്‍പ്പെട്ട് ശ്രേയസ് തല്‍ക്ഷണം മരിച്ചു. മറുവശത്തേക്ക് വീണ അഖിലിന് നിസാര പരിക്കേറ്റു.
തൃക്കാക്കര ഭാരതമാത കോളജിലെ ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥിയാണ് ശ്രേയസ്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍ നടത്തും. അമ്മ: സാവിത്രി. സഹോദരങ്ങള്‍: തന്വി, അശ്വിനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.