മംഗളൂരു: ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉച്ചില സോമേശ്വരയിലെ വാസ്കൊ റിസോര്‍ട്ട് സ്വിമ്മിങ് പൂളിൽ ഞായറാഴ്ച മൂന്ന് യുവതികൾ മുങ്ങിമരിച്ചു. മൈസൂരു കുറുബരഹള്ളി നാലാം ക്രോസിലെ എം.ഡി. നിഷിദ (21), മൈസൂരു കെ.ആർ. മൊഹല്ല രാമാനുജ റോഡിലെ എൻ. കീര്‍ത്തന (21) മൈസൂരു ദേവരാജ മൊഹല്ല വിജയനഗറിലെ എസ്. പാര്‍വതി (20) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാവിലെയാണ് മൂവരും റിസോർട്ടിൽ എത്തിയത്. രണ്ടാം നമ്പർ മുറിയിൽ താമസിച്ച യുവതികൾ ഞായറാഴ്ച രാവിലെ പത്തോടെ പൂളിൽ ഇറങ്ങുകയായിരുന്നു. ഒരാൾ മുങ്ങിപ്പോയതിന് പിന്നാലെ രക്ഷിക്കാൻ ശ്രമിച്ച മറ്റു രണ്ടുപേരും മുങ്ങിപ്പോവുകയായിരുന്നു.
മൂന്ന് യുവതികൾക്കും നീന്തൽ അറിയില്ലായിരുന്നെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ഉള്ളാൾ പൊലീസ് ഇൻസ്പെക്ടർ എച്ച്.എൻ. ബാലകൃഷ്ണ പറഞ്ഞു. സ്ഥലം സന്ദർശിച്ച ദക്ഷിണ കന്നട ജില്ല അധികൃതർ റിസോർട്ട് പൂട്ടി സീൽ ചെയ്ത് വിനോദസഞ്ചാര ലൈസൻസ് റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.