പനമരം (വയനാട്): കെ.എസ്.ആർ.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ പിതാവും മകനും മരിച്ചു. കൽപറ്റ പെരുന്തട്ട സ്വദേശികളായ പനമരം ആറാംമൈൽ കുണ്ടാല മാനാഞ്ചിറയിൽ താമസിക്കുന്ന മുണ്ടോടൻ സുബൈർ സഅദി (42), മകൻ മിദ്ലാജ് (13) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 5.45ഓടെ പനമരം- മാനന്തവാടി റോഡിൽ കാപ്പുംചാലിനും കൈതക്കലിനുമിടയിൽ കാപ്പുംചാൽ പഴയ വില്ലേജ് ഓഫിസിന് സമീപത്തെ വളവിലായിരുന്നു അപകടം.
മാനന്തവാടിയിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസുമായാണ് സുബൈറും മകനും സഞ്ചരിച്ച സ്കൂട്ടർ കൂട്ടിയിടിച്ചത്. കുടുംബവീട്ടിൽ പോയി ഭാര്യയെയും മകളെയും ബസിൽ കയറ്റിവിട്ടശേഷം ഇരുവരും സ്കൂട്ടറിൽ കൽപറ്റയിൽനിന്ന് കുണ്ടാലയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. സംഭവസ്ഥലത്തുതന്നെ ഇരുവരും മരിച്ചു. ബസ് പിന്നോട്ടെടുത്താണ് ഡ്രൈവർ സീറ്റിനടിയിലെ ടയറിനിടയിൽ കുടുങ്ങിയ സുബൈറിനെ പുറത്തെടുത്തത്. മൃതദേഹങ്ങൾ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ദ്വാരക സേക്രഡ് ഹാർട്ട് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ് മിദ്ലാജ്. പനമരം നീരട്ടാടി പള്ളിയിൽ മുഅദ്ദിനായിരുന്ന സുബൈർ നിലവിൽ പേരാമ്പ്ര എരവെട്ടൂർ ജുമാമസ്ജിദിലെ ഇമാമാണ്. ഹാജറയാണ് സുബൈറിന്റെ ഭാര്യ. മകൾ: മിൻഹ എന്ന ചിന്നു (നാലാം ക്ലാസ്, ദ്വാരക സേക്രഡ് ഹാർട്ട് സ്കൂൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.