മുത്തങ്ങ: 2021ൽ മുത്തങ്ങ പൊൻകുഴി ഭാഗത്തുവെച്ച് 11,034.400 ലിറ്റർ സ്പിരിറ്റ് കടത്തിക്കൊണ്ടുവന്ന അബ്കാരി കേസിലെ പ്രതി പിടിയിൽ. കൊണ്ടോട്ടി പി.സി. അജ്മലിനെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റൻറ് എക്സൈസ് കമീഷണർ ജിമ്മി ജോസഫിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം മലപ്പുറം അഴിഞ്ഞിലത്ത് അറസ്റ്റ് ചെയ്തത്. സംഘത്തിൽ എക്സൈസ് സൈബർ സെല്ലിലെ പ്രിവന്റിവ് ഓഫിസർ എം.സി. ഷിജു, സിവിൽ എക്സൈസ് ഓഫിസർമാരായ സുഷാദ്, സനൂപ് വനിത സിവിൽ എക്സൈസ് ഓഫിസർ ശ്രീജ മോൾ എന്നിവരുണ്ടായിരുന്നു.
2021 മേയ് ആറിനാണ് സ്ക്വാഡ് സി.ഐയായിരുന്ന സജിത്ത് ചന്ദ്രനും പാർട്ടിയും പൊൻകുഴി ഭാഗത്ത് നടത്തിയ പരിശോധനയിൽ കണ്ടെയ്നർ ലോറിയിൽ 52 ബാരലുകളിൽ ഉണ്ടായിരുന്ന സ്പിരിറ്റ് കണ്ടെടുത്തത്. കേസിൽ ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. അഴിഞ്ഞിലം കേന്ദ്രമായ വി.എ.ബി കോസ്മെറ്റിക്സ് എന്ന സ്ഥാപനത്തിന്റെ സാനിറ്റൈസർ നിർമാണത്തിന്റെ മറവിൽ കടത്തിക്കൊണ്ടുവന്ന സ്പിരിറ്റാണ് പിടികൂടിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സ്ഥാപനത്തിന്റെ മാനേജിങ് പാർട്ണർ മുഹമ്മദ് ബഷീർ കോപ്പിലാനെ കേസിൽ ഒന്നാം പ്രതിയായി കണ്ടെത്തിയിരുന്നുവെങ്കിലും ഇദ്ദേഹം സ്വദേശത്തും വിദേശത്തുമായി ഒളിവിൽ കഴിയുകയായിരുന്നു. മൈസൂരു മാണ്ഡ്യ കൊപ്പം ഭാഗത്തെ എൻ.എസ്.എൽ ഷുഗേഴ്സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽനിന്നാണ് സാനിറ്റൈസർ നിർമാണത്തിനെന്ന പേരിൽ ലൈസൻസ് ഉപയോഗിച്ച് സ്പിരിറ്റ് കടത്തിക്കൊണ്ടുവന്നതെന്നും സ്ഥാപനത്തിന്റെ പാർട്ണർമാരായ ഒന്നാം പ്രതി മുഹമ്മദ് ബഷീർ, രണ്ടാം പ്രതി പി.സി. അജ്മൽ എന്നിവർ ഇടപെട്ടാണ് സ്പിരിറ്റ് ലഭ്യമാക്കിയതെന്നും കണ്ടെത്തിയിരുന്നു. മറ്റൊരു പാർട്ണറായ വാഹിദ് ദീർഘകാലമായി വിദേശത്താണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വാഹിദിന് കേസുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും ഇയാളുടെ വിദേശയാത്രകളെക്കുറിച്ച വിവരങ്ങൾ ശേഖരിക്കുന്നതിന് എമിഗ്രേഷൻ വിഭാഗവുമായി ബന്ധപ്പെട്ടതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കേസിലെ മറ്റൊരു പ്രതി മുഹമ്മദ് ബഷീറിനെ അറസ്റ്റ് ചെയ്യുന്നതിന് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടുവരുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.