മംഗളൂരു: ഇതര ജാതിയിൽപ്പെട്ട യുവാവിനെ ഇഷ്ടപ്പെട്ട് വിവാഹം കഴിക്കാൻ തീരുമാനിച്ച കോളജ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയ ശേഷം പിതാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായി. വിശ്വനാഥപുര പൊലീസ് സ്റ്റേഷൻ പരിധിയിൽ ദേവനഹള്ളി ബിദലുരു ഗ്രാമത്തെ നടുക്കിയ സംഭവത്തിൽ കാവനയാണ്(20) കൊല്ലപ്പെട്ടത്. പിതാവ് എം. മഞ്ചുനാഥിനെ(45) പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവം വിശ്വനാഥപുര പൊലീസ് വിശദീകരിക്കുന്നത് ഇങ്ങിനെ: ‘‘ബുധനാഴ്ച രാത്രി ചോരപുരണ്ട വസ്ത്രം ധരിച്ചയാൾ പൊലീസ് സ്റ്റേഷനിലേക്ക് വന്നു. താൻ മകളെ കൊന്നു എന്നറിയിച്ച അയാളുടെ മുഖത്ത് ദുഃഖം കണ്ടില്ല. ദൗത്യം നിർവഹിച്ചു എന്ന ഭാവത്തിൽ കാര്യങ്ങൾ പറഞ്ഞ ശേഷം വെള്ളം ആവശ്യപ്പെട്ട്, കുടിച്ചു. മകൾ ബിരുദ വിദ്യാർഥിനിയാണ്. ഇതര ജാതിക്കാരനായ യുവാവുമായി മകൾ അടുപ്പത്തിലാണെന്ന് അറിഞ്ഞ് വിലക്കി. പലതവണ താക്കീത് ചെയ്തു. വഴങ്ങിയില്ല. ഈ രാത്രി മകളോട് സംസാരിച്ചപ്പോൾ ഇഷ്ടപ്പെടുന്ന ആളെ മാത്രമേ വിവാഹം ചെയ്യൂ എന്ന് ഉറപ്പിച്ചു പറഞ്ഞു. പിന്നെ ഒന്നും ആലോചിച്ചില്ല, കൊലപ്പെടുത്തി. ഈ ബന്ധത്തിൽ നിന്ന് കാവനയെ പിന്തിരിപ്പിക്കണം എന്ന അഭ്യർഥനയുമായി അനിയത്തി നേരത്തെ പൊലീസ് സ്റ്റേഷനിൽ വന്നിരുന്നു..’’
കർണാടകയിൽ രണ്ട് മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ ദുരഭിമാന കൊലയാണിത്. കോലാർ ജില്ലയിൽ നേരത്തെ രണ്ടു യുവതികളെ രക്ഷിതാക്കൾ കൊലപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.