ബെംഗളൂരു: ഒമ്പത് മാസം പ്രായമായ കുട്ടി ഉൾപ്പെടെ അഞ്ച് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു ബയദരഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
തിഗലരപാല്യ സ്വദേശിയും മാധ്യമപ്രവർത്തകനുമായ ഹുലഗെരെ ശങ്കറിന്‍റെ ഭാര്യ ഭാരതി (51), മക്കളായ സിഞ്ചന (34), സിന്ധൂര (34), മധുസാഗർ (25) എന്നിവരും ഒമ്പതുമാസമായ ആൺകുട്ടിയുമാണ് മരിച്ചത്. നാലുപേരെ തൂങ്ങിമരിച്ച നിലയിലും കുട്ടിയെ കിടക്കയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ അഴുകിയ നിലയിലായിരുന്നു. മരിച്ച് മൂന്ന്-നാല് ദിവസം കഴിഞ്ഞതായാണ് നിഗമനം. വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ രണ്ടര വയസ്സുള്ള പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.
സ്ഥലത്തില്ലാതിരുന്ന ഹുലഗെരെ ശങ്കർ നാല് ദിവസത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ദാരുണ സംഭവം പുറംലോകമറിയുന്നത്. വീടിന്‍റെ വാതിൽ തുറക്കാത്തതിനെ തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് ഡി.സി.പി സഞ്ജീവ് എം. പാട്ടീൽ പറഞ്ഞു. വീടിന്റെ എല്ലാ ജനലുകളും വാതിലുകളും അടച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കരുതുന്നു.
കഴിഞ്ഞ മൂന്ന് ദിവസമായി ശങ്കർ വീട്ടുകാരെ നിരന്തരം ഫോണിൽ വിളിച്ചിരുന്നുവെന്നും എന്നാൽ ആരും എടുത്തില്ലെന്നും പൊലീസ് പറഞ്ഞു. കുടുംബ തർക്കങ്ങളാണ് ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.