ന്യൂഡൽഹി: നരസിംഹ റാവു, വാജ്പേയി സർക്കാരിനു കീഴിൽ കേന്ദ്രമന്ത്രിയായിരുന്ന പരേതനായ രംഗരാജൻ കുമാരമംഗലത്തിന്‍റെ ഭാര്യ കിറ്റി കുമാരമംഗലത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സുപ്രിംകോടതി മുൻ അഭിഭാഷകയായ കിറ്റി, സൗത്ത് വെസ്റ്റ് ഡൽഹി വസന്ത് വിഹാറിലെ വസതിയിലാണ് കൊല്ലപ്പെട്ടത്.
കവർച്ചാശ്രമത്തിനിടെയാണ് െകാലപാതകം. സംഭവത്തിൽ, വീട്ടിലെ അലക്കുകാരനായ രാജു(24)വിനെ പൊലീസ് അറസ്റ്റ് ചെയ്തു. കവർച്ചശ്രമത്തിനിടെ ഇയാളും രണ്ടുസഹായികളും ചേർന്ന് കിറ്റിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഇംഗിത് പ്രതാപ് സിങ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് മൂവരും കിറ്റിയുടെ വീട്ടിലെത്തിയത്. വാതിൽ തുറന്നുകൊടുത്ത വീട്ടുജോലിക്കാരിയെ ഇവർ അക്രമിച്ച് കീഴ്പ്പെടുത്തി ഒരു മുറിയിൽ പൂട്ടിയിട്ടു. തുടർന്ന് കിറ്റിയെ മർദിച്ച് തലയണകൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീട്ടിലെ ബ്രീഫ്കേസുകൾ തുറന്നിട്ട നിലയിൽ കണ്ടെത്തി.
കവർച്ച മുതൽ പങ്കുവെച്ച കൂട്ടാളികൾ രാജുവിന്‍റെ വിഹിതമായി ഒരു ബാഗ് കൈമാറിയിരുന്നു. എന്നാൽ, അതിൽ വസ്ത്രങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇയാളെ കബളിപ്പിച്ച് മറ്റുള്ളവർ മുങ്ങിയതാണെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.