മംഗളൂരു: കോലാർ ജില്ലയിൽ രണ്ട് മാസത്തിനിടെ രണ്ടാമതും ദുരഭിമാന കൊലപാതകം. കോലാർ താലൂക്കിലെ തൊട്ലി ഗ്രാമത്തിൽ ദലിത് യുവാവിനെ ഇഷ്ടപ്പെട്ട 19 കാരിയെ പിതാവും സഹോദരന്മാരും ചേർന്ന് കൊന്ന് കഴിച്ചിട്ടു.
എം.എൻ. വെങ്കടേശ് ഗൗഡയുടെ മകൾ രമ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ്, മക്കളായ മോഹൻ ഗൗഡ, ചൗഡെ ഗൗഡ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അടുത്ത ഗ്രാമത്തിലെ ദലിത് യുവാവിനെ രമ്യ ഇഷ്ടപ്പെടുകയും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയും ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്ന് കോലാർ ജില്ല പൊലീസ് സൂപ്രണ്ട് എം.നാരായണ പറഞ്ഞു.
മെക്കാനിക്കായ യുവാവും സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയായ രമ്യയും തമ്മിലുള്ള ബന്ധം മാസം മുമ്പാണ് വീട്ടുകാർ അറിഞ്ഞത്. പിരിയാനുള്ള നിർബന്ധത്തിന് വഴങ്ങാത്ത യുവതി തങ്ങൾ ഒരുമിച്ചേ ജീവിക്കൂ എന്ന് അറിയിക്കുകയായിരുന്നു.
യുവതിയെ കൊലപ്പെടുത്തിയ വിവരം നാട്ടുകാരേയോ പൊലീസിനെയോ അറിയിക്കാതെ, മൃതദേഹം ഗൗഡയും മക്കളും ചേർന്ന് രഹസ്യമായി സംസ്കരിക്കുകയായിരുന്നു.
ഗ്രാമത്തിൽ നിന്നുള്ള പൊലീസുകാരൻ രമ്യയെ കാണാത്ത കാര്യം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അദ്ദേഹം തന്റെ സന്ദേഹം ജില്ല പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. എസ്.പിയുടെ നിർദ്ദേശമനുസരിച്ച് കോലാർ റൂറൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തായത്. മൃതദേഹം റവന്യൂ അധികൃതരുടെ സാന്നിധ്യത്തിൽ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി.
കഴിഞ്ഞ ജൂൺ 27ന് കോലാർ ജില്ലയിലെ ബങ്കർപേട്ട ബൊഡഗുർകി ഗ്രാമത്തിൽ 20 കാരി കീർത്തി ദുരഭിമാന കൊലക്ക് ഇരയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.