ദിസ്പൂർ: അസമിലെ ധെമാജി ജില്ലയിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ആളെന്നാരോപിച്ച് ആൾക്കൂട്ടം യുവാവിനെ അടിച്ചുകൊന്നു. ബുധനാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെയാണ് റാകുത് കോകെ ഗ്രാമത്തിലെ ആൾക്കൂട്ടം അടിച്ചുകൊന്നത്. മരിച്ചയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ബുധനാഴ്ച രാത്രി 7.30ന് ആൾക്കൂട്ടം ഒരാളെ മർദിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സംഭവ സ്ഥലത്തെത്തിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തുമ്പോൾ ക്രൂരമായ മർദ്ദനമേറ്റ യുവാവ് അബോധാവസ്ഥയിലായിരുന്നു. സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചുവെന്ന് ധെമാജി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പറഞ്ഞു.
അതേസമയം, യുവാവ് ഒരമ്മയുടെ മടിയിൽ നിന്ന് കുട്ടിയെ എടുത്തോടിയെന്നും അമ്മയുടെ നിലവിളിച്ചതു കേട്ടാണ് ഓടിക്കൂടിയതെന്നുമാണ് ഗ്രാമീണർ പറയുന്നത്. 15 വർഷമായി മാനസിക വെല്ലുവിളി നേരിടുന്നയാളാണ് യുവാവെന്ന് അന്വേഷണത്തിൽ മനസിലായി. യുവാവിനെ അടിച്ചുകൊന്ന സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഏഴ് ഗ്രാമീണരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.