ബദിയടുക്ക: അയല്‍വാസിയെ തല്ലുന്നതിനിടെ ദേഹത്ത് കൊണ്ടതിൽ കലിപൂണ്ട് അനുജന് ജ്യേഷ്ഠനെ വെട്ടിക്കൊന്നു. പെര്ളക്കുസമീപം ഷേണി മണിയമ്പാറ ചര്‍ച്ചിന് സമീപം ഉപ്പളിഗെയിലെ ബല്‍ത്തീസ് ഡിസൂസയുടെയും അസേസ് മേരിയുടെയും മകന് തോമസ് ഡിസൂസയാണ് (45) കൊല്ലപ്പെട്ടത്.
അക്രമം തടയാനെത്തിയ മറ്റൊരു സഹോദരനും ബന്ധുവിനും പരിക്കേറ്റു. സംഭവത്തില്‍ അനുജന് രാജേഷ് ഡിസൂസയെ അറസ്റ്റുചെയ്തു. മദ്യലഹരിയിലാണ് സംഭവമെന്ന് പറയുന്നു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. തോമസും രാജേഷും ഒരുമിച്ചാണ് താമസം. രാത്രി അയല്‍വാസിയും ബന്ധുവുമായ വില്‍ഫ്രഡ് ഡിസൂസ ഇവരുടെ വീട്ടിലെത്തുകയും ചില പ്രശ്നങ്ങളെ ചൊല്ലി തോമസ് ഡിസൂസയുമായി വഴക്കിടുകയും ചെയ്തിരുന്നു.
ഇതിനിടെ പ്രകോപിതനായ തോമസ്, വടിയെടുത്ത് അടിച്ചത് രാജേഷിന് കൊണ്ടു. ഇതോടെ രാജേഷ് വാക്കത്തിയെടുത്ത് തോമസിനെ വെട്ടുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിച്ച തോമസിന്റെ മറ്റൊരു സഹോദരന് വിന്‍സന്റിനും പരിക്കേറ്റു. വെട്ടേറ്റ് ഒരുമണിക്കൂര്‍ നേരം തോമസ് വീട്ടിനകത്തുതന്നെ കിടന്നു. സംഭവമറിഞ്ഞ് എന്മകജെ പഞ്ചായത്ത് പ്രസിഡന്റ് എ. സോമശേഖര ബദിയടുക്ക പൊലീസില്‍ വിവരം നല്കി. പൊലീസ് എത്തിയപ്പോഴേക്കും തോമസ് മരിച്ചിരുന്നു.
തോമസിന്റെ മൃതദേഹം ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റിനുശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി. തോമസും രാജേഷും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതിനിടെ വില്‍ഫ്രഡ് ഇവരുടെ വീട്ടിലെത്തിയെന്നും അതിനിടയിലാണ് കൊലപാതകമെന്നും ബദിയടുക്ക പൊലീസ് പറഞ്ഞു. പ്രതി രാജേഷ് കുറ്റം സമ്മതിച്ചിട്ടുണ്ട്. രാജേഷിനെയും വിന്‍സന്റിനെയും കൂടാതെ മത്തായീസ് ഡിസൂസ, അഗ്നേഷ് ഡിസൂസ, കര്‍മിന ഡിസൂസ എന്നിവരാണ് തോമസിന്റെ സഹോദരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.