കൊടുങ്ങല്ലൂർ (തൃശൂർ): യുവാവിന്‍റെ ആക്രമണത്തിൽ മരിച്ച റിൻസിയുടെ ദേഹത്ത് മുപ്പതോളം വെട്ടുകളാണ് ഏറ്റത്. വെട്ടേറ്റ് ഇവരുടെ കൈവിരലുകൾ അറ്റു. വിരലുകൾ കവറിലാക്കിയാണ് ആശുപത്രിയിൽ എത്തിച്ചത്.
വ്യാഴാഴ്ച രാത്രി മക്കളോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവെയാണ് റിൻസിയെ പ്രതി റിയാസ് വെട്ടിപ്പരിക്കേൽപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ ഇവർ മരണത്തിന് കീഴടങ്ങി. എറിയാട് ബ്ലോക്ക് ഓഫിസിന് തെക്ക് മാങ്ങാറ പറമ്പിൽ നാസറിന്‍റെ ഭാര്യ റിൻസി (30) ആണ് ആക്രമണത്തിനിരയായത്.
കൈക്കും തലക്കും ഗുരുതര പരിക്കേറ്റ റിൻസിയെ ആദ്യം കൊടുങ്ങല്ലൂർ ചന്തപ്പുര എ.ആർ. മെഡിക്കൽ സെന്‍ററിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തൃശൂർ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
എറിയാട് കേരള വർമ സ്കൂളിന് സമീപം ഭർത്താവിനൊപ്പം വസ്ത്രാലയം നടത്തുന്ന റിൻസി കടയിൽനിന്ന് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ആളൊഴിഞ്ഞ സ്ഥലത്ത് മറഞ്ഞുനിന്ന അക്രമി പൊടുന്നനെ ആക്രമണം നടത്തുകയായിരുന്നു. ആക്രമണം കണ്ട് മക്കൾ ഭയന്നു കരഞ്ഞു. ഇതുകേട്ട് വന്ന ബൈക്ക് യാത്രികർ ബഹളം വെച്ചതിനെ തുടർന്ന് അക്രമി സ്ഥലം വിടുകയായിരുന്നു.
പ്രദേശവാസിയായ പുതിയ വീട്ടിൽ റിയാസ് (26) ആണ് ഇവരെ വെട്ടിയത്. ഇയാൾ റിൻസിയുടെ കടയിലെ മുൻ ജീവനക്കാരനാണ്. റിയാസിനെതിരെ യുവതി നേരത്തേ പരാതി നൽകിയിരുന്നു. ഇതിലുള്ള പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു. ഇയാൾക്കായി രാത്രി തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു. മൊബൈൽ ഫോൺ വീട്ടിൽ ഉപേക്ഷിച്ചാണ് ഇയാൾ രക്ഷപ്പെട്ടിട്ടുള്ളത്. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
പ്രതി വെട്ടാൻ ഉപയോഗിച്ച വാൾ വെള്ളിയാഴ്ച രാവിലെ കണ്ടെത്തി. സംഭവ സ്ഥലത്തുനിന്ന് പ്രതിയുടെ വീട്ടിലേക്ക് പോകുന്ന വഴിയിൽനിന്നാണ് ആയുധം ലഭിച്ചത്. നാട്ടുകാർ കണ്ടെത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.