ഇരിട്ടി: വാഹനമിടിച്ച് പരിക്കേറ്റ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നാട് 'അശ്വതി'യിൽ പടിയൂർ ദാമോദരൻ മാസ്റ്റർ (70) നിര്യാതനായി. പ്രഭാതസവാരിക്കിടെ ബൈക്കിടിച്ച് പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. സംസ്കാരം ചൊവ്വാഴ്ച്ച ഉച്ച ഒരുമണിക്ക് പുന്നാട്ടെ വീട്ടുവളപ്പിൽ.
ഉളിയിൽ വാണിവിലാസം എൽ.പി സ്കൂൾ മുൻ പ്രധാനാധ്യാപകനും കണ്ണൂർ ജില്ല കൗൺസിലിൽ പടിയൂർ കല്യാട് ഡിവിഷനിൽ നിന്നുള്ള അംഗവുമായിരുന്നു. യൂത്ത് കോൺഗ്രസ് പടിയൂർ വാർഡ് കമ്മിറ്റി പ്രസിഡന്‍റായാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്.
1978ൽ കോൺഗ്രസിലുണ്ടായ പിളർപ്പിനെ തുടർന്ന് കോൺഗ്രസ് (യു), കോൺഗ്രസ് (എസ്), എൻ.സി.പി എന്നീ പാർട്ടികളിൽ പ്രധാന ചുമതലകൾ വഹിച്ചിരുന്നു. കോൺഗ്രസിൽ തിരിച്ചെത്തിയ ദാമോദരൻ മാസ്റ്റർ നേതൃരംഗത്ത് സജീവമായി. ഏതാനും വർഷങ്ങളായി ഡി.സി.സി സെക്രട്ടറിയാണ്.
ഇരിട്ടി താലൂക്ക് വികസന സമിതിയംഗം, പുന്നാട്ടപ്പൻ ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ്, കെ. കരുണാകരൻ മെമ്മോറിയൽ ട്രസ്റ്റ് കണ്ണൂർ ജില്ലാ ചെയർമാൻ, ഇരിട്ടി ജയ്ഹിന്ദ് ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.
പടിയൂരിലെ പരേതരായ കുഞ്ഞപ്പ നമ്പ്യാരുടെയും നാരായണിയുടെയും മകനാണ്. ഭാര്യ: കെ. ലീല (റിട്ട. പ്രധാനധ്യാപിക, മീത്തലെ പുന്നാട് യു.പി സ്കൂൾ). മക്കൾ: ബെൻസി രാജ് (അധ്യാപകൻ, ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ), ഷജിൽ രാജ് (ഇന്ത്യൻ ക്രഡിറ്റ് സൊസൈറ്റി തളിപറമ്പ് ബ്രാഞ്ച് മാനേജർ). മരുമക്കൾ: സൂര്യ (കേരള ഗ്രാമീൺ ബാങ്ക്, കണ്ണവം ബ്രാഞ്ച്), അനൂജ (ക്ലർക്ക്, രജിസ്ട്രാർ ഓഫിസ്). സഹോദരങ്ങൾ: ഗോവിന്ദൻ നമ്പ്യാർ, ഓമന, പരേതരായ ഗോപാലൻ നമ്പ്യാർ, മാധവൻ നമ്പ്യാർ, രാഘവൻ നമ്പ്യാർ, ശങ്കരൻ നമ്പ്യാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.