കോഴിക്കോട്: ഹൃദ്രോഗിയായ വീട്ടുടമസ്ഥനെ പൊലീസ് ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തി മുറ്റത്ത് കെ-റെയിൽ സർവേക്കല്ല് സ്ഥാപിച്ചു. കോഴിക്കോട് പന്നിയങ്കര വില്ലേജിൽ മാത്തോട്ടത്താണ് സംഭവം. എന്തുവിലകൊടുത്തും റവന്യൂ ഉദ്യോഗസ്ഥർ സർവേ നടത്തുമെന്നും തടഞ്ഞാലുണ്ടാവുന്ന ഭവിഷ്യത്ത് വലുതായിരിക്കുമെന്നും പൊലീസ് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ മാത്തോട്ടം ഖബർസ്ഥാനോടു ചേർന്ന് ഷഫീഖ് മൻസിലിൽ അബ്ദുൽ റസാഖിന്റെ (62) വീട്ടുമുറ്റത്താണ് സംഘർഷാവസ്ഥയുണ്ടായത്. വീട്ടുമുറ്റത്ത് കല്ലിടാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ അബ്ദുൽ റസാഖിനെയും മരുമകൻ നൗഷാദ് അലിയെയും പൊലീസ് ബലംപ്രയോഗിച്ച് തടഞ്ഞു. ഇതിനിടെ തഹസിൽദാർ കെ. ഹരീഷിന്റെ നേതൃത്വത്തിൽ സർവേ സംഘം വീട്ടുമുറ്റത്ത് സർവേക്കല്ല് സ്ഥാപിച്ചു. പൊലീസ് നടപടി കണ്ട് പേടിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ടനിലവിളി ഉയർന്നു. ഹൃദ്രോഗിയായ ഭർത്താവിനെ വിടാൻ പറഞ്ഞ് ഭാര്യ ആയിഷബി നിലവിളിച്ചു. ഇതിനിടെ സർവേയെ എതിർക്കാൻ വന്ന നാട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫറോക്ക് അസി. കമീഷണർ എം. സിദ്ദീഖിന്റെ നേതൃത്വത്തിലായിരുന്നു പൊലീസ് നടപടി.
സർവേയുടെ ഭാഗമായി വൻ പൊലീസ് സന്നാഹം മേഖലയിൽ ചൊവ്വാഴ്ച രാവിലെ മുതൽ തമ്പടിച്ചു. കണിയങ്കണ്ടി പറമ്പിൽനിന്നാണ് രാവിലെ സർവേ ആരംഭിച്ചത്. മുന്നറിയിപ്പില്ലാതെ പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്വകാര്യ പറമ്പുകളിൽ പ്രവേശിച്ചതോടെ വീട്ടമ്മമാരുൾപ്പെടെ എതിർപ്പുമായെത്തി. 11.30ഓടെ തഹസിൽദാറുടെ ചുമതലയുള്ള കെ. ഹരീഷ് സ്ഥലത്തെത്തി. പദ്ധതിയെക്കുറിച്ച് ഒന്നും പറയാതെ സ്വകാര്യ പറമ്പുകളിൽ സർവേ നടത്തുന്നതിനെ നാട്ടുകാർ ചോദ്യംചെയ്തു. കഴിഞ്ഞ ദിവസം ആരുമില്ലാത്ത വീട്ടിലെത്തി സർവേ സംഘം മരം മുറിച്ചതിനെതിരെ സ്ത്രീകളടക്കം രോഷം പ്രകടിപ്പിച്ചു. പ്രതിഷേധം കനക്കുമെന്ന് കണ്ടതോടെ പൊലീസ് ഇടപെട്ടു. കല്ലിടുന്ന സ്ഥലത്തുനിന്ന് എതിർപ്പുകാരെ ബലംപ്രയോഗിച്ച് നീക്കാൻ തുടങ്ങി. ഇതിനിടെ മറ്റൊരു വീടിന്റെ പിൻവശത്തുകൂടി റസാഖിന്റെ വീട്ടുമുറ്റത്ത് സർവേക്കല്ല് കൊണ്ടുവന്ന് സ്ഥാപിച്ചു.
രാവിലെ മുതൽ എതിർപ്പുമായി കൂട്ടംകൂടിനിന്ന സ്ത്രീകളുൾപ്പെടെ പൊലീസ് നടപടി കണ്ട് ഭയന്ന് പിരിഞ്ഞുപോയി. റവന്യൂ ഉദ്യോഗസ്ഥർ സർവേ നടപടികൾ തുടർന്നു. 40ഓളം വീട്ടുകാരെയാണ് മേഖലയിൽ പദ്ധതി ബാധിക്കുന്നത്. റവന്യൂ ഉദ്യോഗസ്ഥരോ പൊലീസോ സർവേ സംബന്ധിച്ച് ഒരു മുന്നറിയിപ്പും തരാതെ വീട്ടുപറമ്പുകളിൽ കയറിയത് ശരിയായില്ലെന്ന് സ്ഥലം കൗൺസിലർ എൻ. ജയഷീല പറഞ്ഞു. പ്രദേശത്ത് കെ-റെയിൽ വിരുദ്ധ സമിതി രൂപവത്കരിച്ചിട്ടില്ല. ഫറോക്ക്, ബേപ്പൂർ, നല്ലളം, പന്നിയങ്കര, ടൗൺ സ്റ്റേഷനുകളിൽനിന്ന് സി.ഐമാരായ കൃഷ്ണൻ കാളിദാസൻ, ഷാജിത്ത്, സി. ബാലചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പൊലീസ് സന്നാഹം.
കോഴിക്കോട്: സമാനതകളില്ലാത്ത പൊലീസ് നടപടിയാണ് കെ-റെയിൽ സർവേയുമായി ബന്ധപ്പെട്ട് മാത്തോട്ടത്ത് അരങ്ങേറിയത്. സ്വകാര്യ വ്യക്തികളുടെ വീട്ടുപറമ്പിലൂടെ സർവേ സംഘം മുന്നറിയിപ്പുമില്ലാതെ കയറിവന്നപ്പോൾ സ്വാഭാവികമായ ആശങ്കയും പ്രതിഷേധവുമായി നാട്ടുകാർ വീടിന് പുറത്തിറങ്ങി. അവരിലേറെയും സ്ത്രീകളായിരുന്നു. ജനപ്രതിനിധികളോ പൊതുപ്രവർത്തകരോ അവിടെ എത്തുന്നതിന് മുമ്പുതന്നെ പ്രതിഷേധം ഉയർന്നു.
തങ്ങളോട് പദ്ധതി സംബന്ധിച്ച് വിശദീകരിച്ച ശേഷം മതി സർവേ എന്നായിരുന്നു ഇരകളുടെ വാദം. എന്നാൽ, അതുപോലും പറ്റില്ലെന്ന കടുത്ത നിലപാടാണ് പൊലീസ് സ്വീകരിച്ചത്. തടഞ്ഞാൽ ജയിലിൽ പോകേണ്ടി വരുമെന്ന് പൊലീസ് പരസ്യമായി ഭീഷണി മുഴക്കി.
സർവേ മാറ്റിവെക്കാൻ സാധ്യമല്ലെന്നും അസി. പൊലീസ് കമീഷണർ താക്കീത് നൽകി. തടയാൻ വന്ന വീട്ടുകാരൻ രണ്ടു തവണ ഹാർട്ട് അറ്റാക്ക് വന്നയാളാണ് എന്നു പറഞ്ഞപ്പോൾ അങ്ങനെയെങ്കിൽ വേഗം മാറിനിന്നോളണമെന്നായിരുന്നു ഉപദേശം. രണ്ട് സെന്‍റിലും മൂന്ന് സെന്‍റിലുമൊക്കെ താമസിക്കുന്നവർ നിസ്സഹായമായ നിലവിളിയുമായാണ് അവിടെ ഒത്തുകൂടിയത്.
അവർക്ക് പിന്തുണ നൽകാൻ സംഘടനകളോ രാഷ്ട്രീയപാർട്ടികളോ കൃത്യമായ നിലപാടുമായി രംഗത്തുണ്ടായിരുന്നില്ല. അതേസമയം, അസംഘടിതരോട് കർശന നിലപാടായിരുന്നു പൊലീസിന്. ജനങ്ങളെക്കാൾ പൊലീസ് ഉണ്ടായിരുന്നു സർവേ സ്ഥലത്ത്. ഫറോക്ക്, ബേപ്പൂർ, നല്ലളം, പന്നിയങ്കര സ്റ്റേഷനുകളിൽനിന്ന് പൊലീസ് ഇവിടെ തമ്പടിച്ചു. പിന്നീട് ടൗൺസ്റ്റേഷനിൽ നിന്നും െപാലീസ് എത്തി.
എന്തിനും തയാറായിട്ടായിരുന്നു പൊലീസിെൻറ നിൽപ്. ഇതോടെ എതിർപ്പുകൾ നിഷ്പ്രഭമായി. എതാനും യു.ഡി.എഫ് പ്രവർത്തകർ എത്തി പൊലീസ് ബലപ്രയോഗം നടത്തിയ ഷഫീഖ് മൻസിലിെൻറ മുറ്റത്ത് സ്ഥാപിച്ച സർവേകല്ല് പിഴുതു മാറ്റാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. യു.ഡി.എഫ് പ്രവർത്തകരായ യു. സജീർ, ഷഫീഖ് അരക്കിണർ, മൻസൂർ മാങ്കാവ്, സി.പി. ഷിഹാബ്, മുഹമ്മദ് മദനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവരെ കസ്റ്റഡിയിലെടുത്തശേഷം പൊലീസ് വിട്ടയച്ചു.
കോഴിക്കോട്: ജില്ലയിൽ കരുവൻതിരുത്തി, ചെറുവണ്ണൂർ, ബേപ്പൂർ വില്ലേജുകളിൽ കെ-റെയിൽ സർവേക്കല്ലിടൽ പൂർത്തിയായതായി റവന്യൂ വിഭാഗം അറിയിച്ചു. പന്നിയങ്കര വില്ലേജിലായിരുന്നു ചൊവ്വാഴ്ച കല്ലിടൽ.
ഇവിടെ 32 കല്ലുകൾ സ്ഥാപിച്ചതായി തഹസിൽദാർ ഇൻചാർജ് കെ. ഹരീഷ് പറഞ്ഞു. ബേപ്പൂരിൽ 31 ഇടത്ത് കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്.
കല്ലിടൽ നഗരത്തിലും എലത്തൂർ മേഖലയിലും തുടരുമെന്നും അദ്ദേഹം അറിയിച്ചു. പന്നിയങ്കര വില്ലേജിലായിരുന്നു കല്ലിടലിനെതിരെ ജനങ്ങളുടെ പ്രതിഷേധം അരങ്ങേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.