നരിക്കുനി: മഞ്ഞപ്പാലം കൊട്ടാരമുക്കില്‍ കാര്‍ സ്കൂട്ടറിലിടിച്ച് തെറിച്ചുവീണ നഴ്സ് ടിപ്പർ ലോറി കയറി മരിച്ചു. നരിക്കുനി കാരുകുളങ്ങര താഴെ കരുവന്‍പൊയില്‍ സത്യെൻറ ഭാര്യ ബിനിലയാണ് (41) മരിച്ചത്. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി.
വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. കൂട്ടാലിടയിലെ സ്വന്തം വീട്ടില്‍ പോയി മടങ്ങുന്നതിനിടെയാണ് അപകടം. മൂന്നു വാഹനങ്ങളും ബാലുശ്ശേരി ഭാഗത്തേക്ക് വരുകയായിരുന്നു. കാറിടിച്ച് നിയന്ത്രണംവിട്ട സ്കൂട്ടറില്‍നിന്ന് ബിനില ടിപ്പർ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ബിനിലയെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
നിര്‍ത്താതെ പോയ കാറിനെ അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. നരിക്കുനി ഓപൺ ക്ലിനിക്കിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു ബിനില. മക്കൾ: അഥിൻജിത്ത്, അമർജിത്ത്. കൂട്ടാലിട കോണിപ്പുറത്ത് ചാലിൽ ദാമോദരൻ നായരുടെയും ദേവകി അമ്മയുടെയും മകളാണ്. സഹോദരങ്ങൾ: ബിന്ദു, രജിത, ധനിലാൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.