കൽപറ്റ: ജില്ലയിൽ ഷിഗല്ല ബാധിച്ച് ആറുവയസ്സുകാരി മരിച്ചു. നൂൽപുഴ പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ നീരജയാണ് മരിച്ചത്. രോഗലക്ഷണങ്ങളോടെ ബത്തേരി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല. വയറിളക്കത്തെ തുടർന്ന് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച നീരജ ഏപ്രിൽ രണ്ടിനാണ് മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ സ്രവപരിശോധനഫലം കഴിഞ്ഞ ദിവസം ലഭിച്ചതോടെയാണ് മരണകാരണം ഷിഗല്ലയാണെന്ന് സ്ഥിരീകരിച്ചത്. നിലവിൽ പ്രദേശത്തെ രണ്ടു കുട്ടികൾക്കുകൂടി കടുത്ത വയറിളക്കമുണ്ട്. ഇവർ വീടുകളിൽ നിരീക്ഷണത്തിലാണ്.
വിദഗ്ധ മെഡിക്കൽ സംഘം സ്ഥലത്തെത്തി പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഷിഗല്ലക്കെതിരെ പ്രദേശത്ത് ആരോഗ്യ വകുപ്പ് മൈക്ക് അനൗൺസ്മെൻറ് ഉൾപ്പെടെ നടത്തി. കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്തി. ജില്ലയിൽ ഷിഗല്ല ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. മാർച്ച് 15ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച ചീരാൽ സ്വദേശിയായ 59കാരന് ഷിഗല്ല സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.