കുറ്റ്യാടി: വേളം ശാന്തിനഗറിലെ മോരങ്ങാട്ട് എം.സിദ്ദീഖ് മാസ്റ്റർ (56) നിര്യാതനായി. പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്നു. ഹയർ സെക്കൻഡറി മലയാളം കരിക്കുലം (എസ്.സി.ഇ.ആർ.ടി) കമ്മിറ്റി അംഗം, സംസ്ഥാന സ്കൂൾ കലോത്സവ മാഗസിൻ എഡിറ്റർ, സ്കൂൾ പാഠപുസ്തക കമ്മിറ്റി അംഗം, കെ.എച്ച്.എസ്.ടി.യു സംസ്ഥാന അക്കാദമിക് കൗൺസിൽ കൺവീനർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. കവിയും എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്നു. ‘ചവേലടച്ചികൾ തച്ചുടക്കുന്ന മൗനം’ എന്ന പേരിൽ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതൃഭൂമി പത്രത്തിന്റെ പ്രാദേശിക ലേഖകനായും പ്രവർത്തിച്ചിരുന്നു.
വേളം എളവനച്ചാൽ മഹല്ല് കമ്മിറ്റി അംഗം, ബൈത്തുസ്സകാത്ത് വേളം കമ്മിറ്റി മെമ്പർ, ചെറുകുന്ന് സംസ്കൃതി സാംസ്കാരിക വേദി സെക്രട്ടറി, ശാന്തി എജ്യുക്കേഷൻ ട്രസ്റ്റ് മെംബർ, ദിശ എജ്യുസപ്പോർട്ട് വേളം അക്കാദമിക് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു വരികയായിരുന്നു. മാർച്ച് 31ന് സർവീസിൽ നിന്ന് വിരമിക്കാനിരിക്കയാണ് ആകസ്മിക വിയോഗം.
വേളം ഹൈസ്കൂൾ, ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസ്,യൂനിവേഴ്സിറ്റി ടീച്ചർ എജ്യുക്കേഷൻ സെൻ്റർ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇഗ്‌നോയിൽ നിന്ന് എം.എഡും നേടിയിരുന്നു. ഐ.സി.എച്ച്.എസ്.എസ് ശാന്തപുരം, പീവീസ് പബ്ലിക് സ്കൂൾ, നിലമ്പൂർ എന്നിവിടങ്ങളിൽ നേരത്തെ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: സുമയ്യ കാളാച്ചേരി (അധ്യാപിക ജി.യു.പി.എസ് നാദാപുരം).
മക്കൾ: ഹാദി മുഹമ്മദ് (നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസ്, ബാംഗ്ലൂർ), ഷഹൽ സനീൻ (ബിരുദ വിദ്യാർഥി, ചെന്നൈ), ശാമിൽ റസ്മി (ബിരുദ വിദ്യാർഥി, ഫാറൂഖ് കോളജ്),ലാമിയ റിയ (എട്ടാം ക്ലാസ് വിദ്യാർഥിനി, വേളം ഹൈസ്കൂൾ).
മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാത്രി 10.30 ന് ശാന്തിനഗർ ടൗൺ ജുമാ മസ്ജിദിൽ. ഖബറടക്കം: രാത്രി 11 മണിക്ക് വേളം ഇളവനച്ചാൽ ജുമാ മസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.