തിരുനാവായ: തിരുനാവായ 'താമരയുടെ പിതാവെ'ന്ന് അറിയപ്പെടുന്ന വലിയ പറപ്പൂർ തോട്ടുപുറത്ത് സെയ്തലവിക്ക ഇനി ഓർമ. വലിയ പറപ്പൂർ കായലിൽ രോഗംമൂലം നശിച്ച താമരക്കൃഷി ഏഴര പതിറ്റാണ്ട് മുമ്പ് പുനരുജ്ജീവിപ്പിച്ചത് ഇദ്ദേഹമാണ്.
1942ൽ കോട്ടക്കൽ കോവിലകത്തെ കുഞ്ഞനുജൻ രാജയുമായി ബന്ധപ്പെട്ട് ഭൂമി പാട്ടത്തിനെടുത്തായിരുന്നു കൃഷിക്ക് തുടക്കം കുറിച്ചത്. ഇതിനായി തൃപ്രങ്ങോട് ക്ഷേത്രക്കുളത്തിൽനിന്നാണ് ഒരാൾ താമര വള്ളികൾ എത്തിച്ചതെന്ന് സെയ്തലവിക്ക പറഞ്ഞിരുന്നു. പിതാവ് മമ്മിയും സഹോദരൻ കോയക്കുട്ടിയുമായിരുന്നു സഹായികൾ.
പിതാവ് കൃഷി ചെയ്തിരുന്ന പപ്പായ വിൽക്കാൻ സുഹൃത്ത് ചക്കാലിപ്പറമ്പിൽ യൂസഫ് കോയമ്പത്തൂർ മാർക്കറ്റിൽ എത്തിയപ്പോഴാണ് അവിടെ താമരപ്പൂക്കൾ വിൽക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ഇതേത്തുടർന്ന് സെയ്തലവിക്ക യൂസഫുമൊന്നിച്ച് കോയമ്പത്തൂരിലെത്തി താമരപ്പൂ കച്ചവടക്കാരെ കണ്ടെത്തി പൂവൊന്നിന് ഒരു പൈസ വെച്ച് കച്ചവടം ഉറപ്പിക്കുകയായിരുന്നു. അന്നു മുതലാണ് തിരുനാവായ താമര ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കാൻ തുടങ്ങിയത്. താമരപ്പൂക്കൾക്ക് ആവശ്യം കൂടിയതോടെ പലരും ഈ രംഗത്തേക്ക് കടന്നുവന്നു.
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം, തളിക്ഷേത്രം, കോട്ടക്കൽ ആര്യവൈദ്യശാല എന്നിവിടങ്ങളിലേക്കും സെയ്തലവിക്ക പൂക്കളെത്തിച്ചിരുന്നു. ഇന്ന് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി പ്രമുഖ ക്ഷേത്രങ്ങളിലേക്കും വിപണികളിലേക്കും കയറ്റിപ്പോകുന്നത് തിരുനാവായയിൽ ഉൽപാദിപ്പിക്കുന്ന മതമൈത്രിയുടെ പൂക്കളാണ്. അതിനാൽ കൃഷി പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുനാവായയിൽ പുഷ്പഗ്രാമം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.