വില്യാപ്പള്ളി: നടന വൈഭവം കൊണ്ട് നാടക വേദിയെ സമ്പന്നമാക്കിയ കലാകാരൻ ദിനേശ് കുറ്റിയിലിെൻറ വേർപാട് നാട്ടുകാരെയും സുഹൃദ്വലയത്തെയും സങ്കടത്തിലാക്കി. കോവിഡും പിന്നാലെ ന്യൂമോണിയയും പക്ഷാഘാതവും ബാധിച്ച് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടയിലാണ് അന്ത്യം.
27 വർഷമായി അമച്വർ പ്രഫഷനൽ നാടകരംഗത്തും സാമൂഹിക സാംസ്കാരിക മേഖലകളിലും സജീവമായിരുന്നു. ചികിത്സയക്കുവേണ്ടി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിപുലമായ ധനസമാഹരണം പുരോഗമിക്കുകയായിരുന്നു. എട്ടാംതരത്തിൽ പഠിക്കുമ്പോൾ ഒരു പ്രച്ഛന്ന വേഷ മത്സരത്തിൽ നിർബന്ധപൂർവം 'ഭ്രാന്തൻ' പരിവേഷത്തോടെ പങ്കെടുത്തതും ഒന്നാംസ്ഥാനം കരസ്ഥമാക്കുകയും ചെയ്തതാണ് ആദ്യ അരങ്ങ്. പിന്നീടങ്ങോട്ട് എണ്ണിയാലൊടുങ്ങാത്ത സമ്മാനമഴയുടെ ഉടമയായി. ഹൈസ്കൂൾ യുവജനോത്സവത്തിലെ സ്ഥിരം ഒന്നാം സ്ഥാനക്കാരനായിരുന്നു. പ്രഛന്നവേഷത്തിന് സംസ്ഥാന യുവജനോത്സവത്തിൽ എ ഗ്രേഡിന് അർഹനായി.
നൂറിൽപരം നാടകങ്ങൾ ആയിരത്തിലധികം വേദികളിൽ അമ്പലപ്പറമ്പുകളിലും കലാ മത്സരവേദികളിലും അമച്വർ നാടകവേദികളിലും തെരുവ് നാടകങ്ങളിലും പ്രഫഷനൽ നാടകങ്ങളിലുമായി അരങ്ങേറി. മോണോ ആക്ട്, മിമിക്രി, പ്രച്ഛന്നവേഷം, മൈം തുടങ്ങി നിരവധി വേദികളിൽ സമ്മാനാർഹനായി.
പഞ്ചായത്ത് കേരളോത്സവങ്ങളിലും അഖില കേരള തെരുവുനാടക മത്സരത്തിലും ഇരിങ്ങൽ നാരായണി അനുസ്മരണ നാടക മത്സരത്തിലും സംസ്ഥാന കേരളോത്സവത്തിലും കെ.പി.എ.സിയുടെ സംസ്ഥാന അമച്വർ നാടക മത്സരത്തിലും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. വടകര സിന്ദൂര കോഴിക്കോട് കലാഭവൻ, ഇരിട്ടി ഗാന്ധാര, കോഴിക്കോട് സോമ, കോഴിക്കോട് രംഗഭാഷ തുടങ്ങിയ പ്രഫഷനൽ നാടക ട്രൂപ്പുകളിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ നിരവധി അരങ്ങുകളാണ് ആടിത്തീർത്തത്. എട്ടു വർഷം പ്രഫഷനൽ നാടക രംഗത്ത്. ഗരുഡൻ, രാജഗുരു, കുഞ്ഞേട്ടെൻറ കുഞ്ഞുപെങ്ങൾ, നിരപരാധികളുടെ ജീവിതയാത്ര, അതൊരു കഥയാണ് തുടങ്ങി നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
പ്രഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരത്തിൽ മൂന്നു പ്രാവശ്യം മികച്ച നടൻ ആയിരുന്നു. (കസേരകളി, മരുഭൂമിയിലെ ഇലകൾ, സ്വപ്നവേട്ട) ബഹ്റൈൻ കേരളീയ സമാജവും യുവർ എഫ്.എം റേഡിയോയും സംയുക്തമായി നടത്തിയ ജി.സി.സി റേഡിയോ നാടക മത്സരത്തിന് നാല് പ്രാവശ്യം ബഹ്റൈനിൽ മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ചു. സംവിധായകൻ ടി.വി. ചന്ദ്രെൻറ 'മോഹവലയം' സിനിമയിൽ ചെസ് പ്ലെയർ ആയി വേഷം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.