ഭാരതസഭക്കും സിറോ മലബാർ സഭക്ക് പ്രത്യേകിച്ചും ദിശാബോധം നൽകിയ മതാചാര്യനായിരുന്നു കാലംചെയ്ത ആർച്ച് ബിഷപ് മാർ ജോസഫ് പൗവ്വത്തിൽ. ഉന്നതശീർഷനായ ഈ ആത്മീയാചാര്യന്റെ വിയോഗം ലോകമെമ്പാടുമുള്ള പൗരസ്ത്യസഭകൾക്ക് തീരാനഷ്ടമാണ്. സഭയുടെ വിദ്യാഭ്യാസം, ആരാധനക്രമം, ഐക്യം, സഭാവിജ്ഞാനീയം തുടങ്ങിയ മേഖലകളിൽ അദ്ദേഹം കൈക്കൊണ്ട നിലപാടുകളും ഉൾക്കാഴ്ചകളും സഭക്ക് പകർന്നുനൽകിയ ഊർജം ചെറുതല്ല. വിശാലമായ ഭാരത കത്തോലിക്കാ പ്രേഷിതശുശ്രൂഷാ മേഖലകളിൽ പൗരസ്ത്യസഭകൾക്ക് നിർവഹിക്കാനുള്ള ദൗത്യത്തെക്കുറിച്ച് പൂർണമായ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. സി.ബി.സി.ഐ പ്രസിഡൻറ് എന്ന നിലയിൽ ഭാരത കത്തോലിക്കാ മെത്രാൻ സംഘത്തെ ഈ മിഷനറി ദർശനത്തിലൂടെ നയിക്കുവാൻ അദ്ദേഹം എപ്പോഴും പരിശ്രമിച്ചു. സീറോ മലബാർ സഭയുടെ ആരാധനക്രമം സംബന്ധിച്ച കാര്യങ്ങളിൽ ഗവേഷണ തൽപരതയോടെ അദ്ദേഹം നടത്തിയ പഠനവും ആഴമായ ധ്യാനവും സഭയിൽ വ്യക്തമായ ദർശനം നൽകി. വിദ്യാഭ്യാസ മേഖലയിൽ കേരളത്തിലെ ക്രൈസ്തവ സമൂഹം നടത്തിയ ഇടപെടലുകളെ ക്കുറിച്ച് വലിയ അഭിമാനബോധം പകർന്നുനൽകാൻ അദ്ദേഹം എപ്പോഴും പരിശ്രമിച്ചു.
ഭരണഘടന നൽകുന്ന ന്യൂനപക്ഷ അവകാശങ്ങൾക്കുവേണ്ടി അവസാനശ്വാസം വരെയും പോരാട്ടം നടത്തിയ മാർ ജോസഫ് പൗവ്വത്തിലിനെ കേരള സഭക്ക് ഒരിക്കലും മറക്കാനാവില്ല. വിദ്യാഭ്യാസ, രാഷ്ട്രീയ സാമൂഹികക്ഷേമ പ്രവർത്തനങ്ങളാൽ സഭയെയും സമൂഹത്തെയും ഉത്തേജിപ്പിക്കുന്നതിന് പൗവ്വത്തിൽ പിതാവിന് കഴിഞ്ഞിട്ടുണ്ട്. ഇന്റർ ചർച്ച് കൗൺസിൽ പ്രസിഡൻറ്, നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് പ്രസിഡൻറ് തുടങ്ങിയ നിലകളിൽ കേരളത്തിലെ ക്രൈസ്തവസഭസക്കിടയിലെ ഐക്യവും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിന് അദ്ദേഹം സദാ പരിശ്രമിച്ചു.
അധ്യാപക നിയമനം, സ്വാശ്രയ വിദ്യാഭ്യാസ ബിൽ തുടങ്ങിയവ സംബന്ധിച്ച് മാർ പൗവ്വത്തിൽ നടത്തിയ നിരീക്ഷണങ്ങളെയും പോരാട്ടങ്ങളെയും കേരളസമൂഹം വളരെ അടുത്തുനിന്ന് മനസ്സിലാക്കി. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഭരണഘടന നൽകുന്ന വ്യവസ്ഥാപിതമായ അവകാശത്തിന്റെ ആനുകൂല്യത്തിൽ എയ്ഡഡ് സ്കൂളുകൾ നടത്തുന്നതിനും അവിടെ അധ്യാപക നിയമനം നടത്തുന്നതിനുമുള്ള അധികാരങ്ങളെ ഹനിക്കുന്ന തരത്തിൽ കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് ചില ശ്രമങ്ങൾ നടത്തിയപ്പോൾ അതിനെ അദ്ദേഹം ശക്തിയുക്തം എതിർത്തു. വിദ്യാഭ്യാസ മേഖലയിൽ ക്രൈസ്തവസമൂഹം നൽകിക്കൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത സേവനത്തിന് സർക്കാർ നൽകുന്ന പ്രതിഫലം ഇത്തരം കടിഞ്ഞാണുകൾ ആണെന്ന് അദ്ദേഹം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തി.
ആ പോരാട്ടമാണ് കേരളത്തിലെ ക്രൈസ്തവസമൂഹത്തിന് ആകമാനം വലിയ ഊർജമായി തീർന്നത്. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യം വന്നപ്പോഴും അദ്ദേഹം കർക്കശമായ നിലപാട് കൈക്കൊണ്ടു. കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാനേജ്മെന്റ് ക്വോട്ടയിൽ കുറച്ച് സീറ്റുകൾ സംവരണംചെയ്ത് അതിൽ ഉയർന്ന ഫീസ് വാങ്ങുകയും മെറിറ്റ് സീറ്റിൽ തുച്ഛമായ ഫീസ് നൽകി മറ്റു വിദ്യാർഥികൾ പഠിക്കുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കുന്ന നിയമനിർമാണത്തിന് ശ്രമം നടന്നപ്പോൾ അദ്ദേഹം ശക്തമായ നിലപാടാണ് സ്വീകരിച്ചത്. അന്ന് സംസ്ഥാനത്തെ മെഡിക്കൽ, എൻജിനീയറിങ് മേഖലയിലെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുന്നോട്ടുവെച്ച ഫോർമുല സർക്കാറുകൾ മാറിമാറി വന്നിട്ടും ഇന്നും അതേപടി തുടരുകയാണ്. എല്ലാ സീറ്റിലും ഒരേ ഫീസും മെറിറ്റും നോക്കുന്ന തരത്തിൽ പിന്നീട് എല്ലാവരും സ്വീകരിക്കുന്നതും കണ്ടു. സംസ്ഥാനത്തെ രണ്ടു മുന്നണികളും ചേർന്ന് ഏകകണ്ഠമായി പാസാക്കിയ സ്വാശ്രയ വിദ്യാഭ്യാസ നിയമം സുപ്രീംകോടതി റദ്ദാക്കിയതും നമ്മുടെ കൺമുന്നിലുണ്ട്. ഇക്കാര്യത്തിൽ കേരളത്തിലെ ന്യൂനപക്ഷ സമൂഹത്തിന് മാർ പൗവ്വത്തിൽ നൽകിയ നേതൃത്വം അനിഷേധ്യമാണ്.
കേരള സഭാഗാത്രത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം അതുല്യമാണ്. നിരന്തരമായ പഠനത്തിന്റെയും പ്രാർഥനയുടെയും ജീവിതലാളിത്യത്തിന്റെയും ഉദാത്തമായ മാതൃകയായിരുന്നു ആർച്ച് ബിഷപ് മാർ ജോസഫ് പൗവ്വത്തിൽ. അദ്ദേഹത്തിന്റെ പാവനസ്മരണക്കുമുന്നിൽ കേരള കത്തോലിക്ക സഭയുടെ അനുശോചനവും പ്രാർഥനയും അറിയിക്കുന്നു.
(കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ (കെ.സി.ബി.സി) പ്രസിഡന്റാണ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.