അടൂര്‍: 'ഞങ്ങളുടെ പരിപാടിയുടെ ബുക്കിങ്ങിന് കെ. രത്നാകരന്, സോമിനി ആര്‍ട്സ് സെന്റര്‍, അടൂര്‍ ടൂറിസ്റ്റ് ഹോം, അടൂര്‍' - 30 വര്‍ഷകാലം ഉത്സവപ്പറമ്പുകളില്‍ മുഴങ്ങിക്കേട്ട ഈ പേരും വിലാസവും ഇനി ഇല്ല. കെ. രത്നാകരന് വിട പറഞ്ഞു. ആലപ്പുഴ ജില്ലയിലെ വെട്ടിക്കോട് സ്വദേശിയായ രത്നാകരനും കുടുംബവും ജീവിച്ചത് അടൂരില്‍ സോമിനി ആര്‍ട്സ് സെന്റര്‍ എന്ന പേരില്‍ കലാപരിപാടി ബുക്കിങ് ഏജന്‍സി നടത്തിയാണ്. രത്നാകരെൻറ ആകസ്മിക വിയോഗം കുടുംബത്തിെൻറ നെടുംതൂണാണ് നഷ്ടമാക്കിയത്.
പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ അക്ഷരയുടെ അവസാന പരീക്ഷ ദിനമായിരുന്നു പിതാവിെൻറ മരണം. അക്ഷരയെ അധ്യാപകര്‍ എത്തി കൂട്ടിക്കൊണ്ടുപോയാണ് പരീക്ഷ എഴുതിച്ചത്.
സംസ്ഥാനത്തെ കലാസമിതികളുടെ ഉടമകള്‍ക്കും ആര്‍ട്ടിസ്റ്റുകള്‍ക്കും രത്നാകരനെ പരിചയമാണ്. രണ്ടുവര്‍ഷം പ്രളയവും പിന്നീട് കോവിഡ് ലോക്ഡൗണും ആയതോടെ ഉത്സവപ്പരിപാടികള്‍ പൂര്‍ണമായും മുടങ്ങുകയും രത്നാകരെൻറ വരുമാനമാര്‍ഗം ഇല്ലാതാവുകയും ചെയ്തിരുന്നു. ലോട്ടറി കച്ചവടത്തിലേക്കും കൃഷിയിലേക്കും തിരിഞ്ഞ് കുടുംബം പുലര്‍ത്തിയ രത്നാകരന് ഈ വര്‍ഷമാണ് വീണ്ടും ഉത്സവപ്പരിപാടികള്‍ ബുക്ക് ചെയ്ത് കരകയറിയത്. ഉത്സവകാലത്ത് ലഭിക്കുന്നതായിരുന്നു ഒരുവര്‍ഷത്തെ ജീവിത വരുമാനം. ഓഫിസ് മുറിയുടെ വാടകയും വര്‍ഷത്തിലൊരിക്കല്‍ മൊത്തമായാണ് നല്‍കിയിരുന്നത്. അടുത്ത ഓണക്കാലത്തെ ആഘോഷപരിപാടികള്‍ക്ക് ബുക്കിങ് ആരംഭിച്ചതായി ഫേസ്ബുക്കില്‍ കഴിഞ്ഞ ദിവസം രത്നാകരന് പോസ്റ്റ് ഇട്ടിരുന്നു. ഇത് പുനഃപ്രസിദ്ധീകരിച്ചാണ് അദ്ദേഹത്തിെൻറ പല സുഹൃത്തുക്കളും ആദരാഞ്ജലി അർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.