ഉള്ള്യേരി: സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ മുന്നണിപ്പോരാളിയും മികച്ച സംഘാടകനും പ്രസംഗകനുമായിരുന്നു ബുധനാഴ്ച അന്തരിച്ച കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ മാസ്റ്റർ. ജില്ല കൗൺസിൽ നിലവിൽ വന്നപ്പോൾ ചേളന്നൂർ ഡിവിഷനിൽനിന്നും ജനവിധി തേടിയ അദ്ദേഹം ആദ്യ വൈസ് പ്രസിഡന്റായി. തുടർന്ന് ബാലുശ്ശേരി ഡിവിഷനിൽനിന്നും മത്സരിച്ച് ജില്ല പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായി. അരങ്ങിൽ ശ്രീധരൻ, വീരേന്ദ്രകുമാർ, പി. ആർ. കുറുപ്പ് തുടങ്ങിയവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇദ്ദേഹം ജില്ലയിൽ സോഷ്യലിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്കു വഹിച്ചു. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് വരിച്ച അദ്ദേഹം അധ്യാപക സമരത്തിലും ഭൂരഹിതരായ തൊഴിലാളികൾക്ക് മിച്ചഭൂമി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ കൂത്താളി -മുതുകാട് സമരത്തിലും മുൻനിരയിൽ ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് നടന്ന ഉള്ള്യേരി മുണ്ടോത്ത് കള്ളുഷാപ്പ് വിരുദ്ധ സമരത്തിന് ആവേശം പകരാൻ സമരക്കാർക്കൊപ്പം അദ്ദേഹവും ഉണ്ടായിരുന്നു. തികഞ്ഞ മതേതരവാദിയായിരുന്ന അദ്ദേഹം അന്ധവിശ്വാസങ്ങൾക്കും അയിത്തത്തിനുമെതിരെ ഉറച്ച നിലപാടുകളെടുത്തിരുന്നു. ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജനതാദളുമായി ഉണ്ടായ അസ്വാരസ്യങ്ങളെ തുടർന്ന് കോൺഗ്രസിലേക്ക് മാറിയ കാഞ്ഞിക്കാവ് ഡി.സി.സി സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.
കുറഞ്ഞ കാലം കേരള കോൺഗ്രസ് (ബി )യിലും പ്രവർത്തിച്ചു. എൽ.ജെ.ഡിയിൽ തിരിച്ചെത്തിയ അദ്ദേഹം പിന്നീട് എൽ.ജെ.ഡി(ലെഫ്റ്റ്) എന്ന പേരിൽ സംഘടന രൂപവത്കരിച്ചുവെങ്കിലും ഒടുവിൽ എൽ.ജെ.ഡിയിലേക്കു തന്നെ എത്തുകയും സംസ്ഥാന കമ്മിറ്റി അംഗമാവുകയും ചെയ്തു. നടുവണ്ണൂർ പെൻഷനേഴ്സ് വെൽഫെയർ സൊസൈറ്റി, ഒറവിൽ ബ്ലാക് സ്മിത്ത് വെൽഫെയർ സൊസൈറ്റി എന്നിവയുടെ പ്രസിഡന്റായി പ്രവർത്തിച്ചുവരുകയിരുന്നു. ദീർഘകാലം ബാലുശ്ശേരി അർബൻ ബാങ്ക് പ്രസിഡന്റായിരുന്നു. അധ്യാപകക്ഷേമ നിധി ബോർഡ് അംഗം, ടീച്ചേഴ്സ് സെന്റർ സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ടി.പി. രാമകൃഷ്ണൻ എം.എൽ.എ, എം.കെ. പ്രേംനാഥ്, മനയത്ത് ചന്ദ്രൻ, പി. മോഹനൻ, കെ.കെ. ലതിക, എം. മെഹബൂബ് തുടങ്ങി നിരവധി പേർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.