കീരിക്കാടൻ ജോസ്‌: വേഷപ്പകർച്ചയിൽ ‘കിരീട’മണിഞ്ഞ വില്ലൻ

തിരുവനന്തപുരം: മുറിപ്പാടുകള്‍ നിറഞ്ഞ മുഖവും രണ്ടാള്‍പ്പൊക്കം ഉയരവും ക്രൗര്യം നിറഞ്ഞ കണ്ണുകളുമുള്ള വില്ലൻ കീരിക്കാടൻ ജോസായി കാമറക്ക്​ മുന്നിൽ നിൽക്കുമ്പോൾ മോഹൻരാജ്‌ ഒരിക്കലും കരുതിയില്ല ഇവിടുന്ന്‌ തന്റെ തലവര മാറുകയാണെന്ന്‌.

സിബി മലയില്‍-ലോഹിതദാസ് ടീമിന്‍റെ മോഹന്‍ലാല്‍ നായകനായ ‘കിരീട’ത്തിലെ കീരിക്കാടൻ ജോസിലൂടെ മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ മോഹൻരാജ്‌ പിന്നീട് ആ കഥാപാത്രത്തിന്‍റെ പേരിലാണ്‌ അറിയപ്പെട്ടത്‌. മുറിച്ചിട്ടാല്‍ മുറികൂടുന്ന ജോസായി മോഹൻരാജ്‌ തിളങ്ങി. അതോടെ സ്വന്തം പേരും നഷ്‌ടമായി. കീരിക്കാടനോളം പ്രാധാന്യമുള്ള വേഷം അഭിനയിക്കണമെന്ന മോഹം ബാക്കിവെച്ചാണ്‌ മോഹൻരാജ്‌ വിടപറഞ്ഞത്‌.

സിബി മലയിലും ലോഹിതദാസും കിരീടത്തിലെ കീരിക്കാടനാകാൻ പറ്റിയയാളെ അന്വേഷിക്കുന്ന സമയത്താണ്‌ മോഹൻരാജ്‌ അവർക്ക്​ മുന്നിലെത്തുന്നത്‌. സുഹൃത്തുകൂടിയായ സംവിധായകൻ കലാധരനാണ് മോഹൻരാജിനെ പരിചയപ്പെടുത്തിയത്. കണ്ടമാത്രയിൽ സിബി ഇതാണ്‌ തന്റെ കീരിക്കാടനെന്ന്‌ ഉറപ്പിച്ചു. ലോഹിക്കും മറിച്ചൊരഭിപ്രായമില്ലായിരുന്നു. അതോടെ മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച വില്ലൻ കഥാപാത്രം ജനിച്ചു. മോഹന്‍രാജ് അസിസ്റ്റന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസറായി കോഴിക്കോട് ജോലി ചെയ്യുമ്പോഴാണ് കിരീടം റിലീസായത്.

കാഞ്ഞിരംകുളം സ്വദേശിയായ മോഹൻരാജ് പഠനത്തിനൊപ്പം സ്‌പോർട്സിനും ഏറെ പ്രാധാന്യം നൽകിയിരുന്നു. തിരുവനന്തപുരം ഗവ. ആർട്‌സ് കോളജിലാണ്‌ പഠിച്ചത്‌. പിന്നീട് സൈന്യത്തിലെത്തി. കാലിന്​ പരിക്കേറ്റതിനെ തുടർ‌ന്ന് ആർമിയിലെ ജോലി വിട്ട് കസ്റ്റംസിലും പിന്നീട് എൻ‌ഫോഴ്സ്​മെന്റിലും ഉദ്യോഗസ്ഥനായി. എൻഫോഴ്‌സ്‌മെന്റ് ഓഫിസറായി ചെന്നൈയിൽ ജോലി ചെയ്യുമ്പോഴാണ് ‘ആൺകളൈ നമ്പാതെ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയത്‌. 1988ൽ പുറത്തിറങ്ങിയ കെ. മധുവിന്‍റെ മൂന്നാംമുറയിലൂടെ മലയാളത്തിലും ചുവടുവെച്ചു. ഒമ്പത്‌ തമിഴ്‌ ചിത്രങ്ങളും 31 തെലുങ്ക്‌ സിനിമകളും ഉൾപ്പെടെ മുന്നൂറോളം ചിത്രങ്ങളിൽ വേഷമിട്ടു. 2015ല്‍ ചിറകൊടിഞ്ഞ കിനാക്കളില്‍ അഭിനയിച്ച മോഹന്‍രാജ് 2022ല്‍ മമ്മൂട്ടിയുടെ റോഷാക്കിലും പ്രത്യക്ഷപ്പെട്ടു.

കേന്ദ്ര സർവിസിൽ ജോലി ചെയ്യുമ്പോൾ സിനിമയിൽ അഭിനയിക്കാൻ സർക്കാറിൽനിന്ന് അനുവാദം വാങ്ങാത്തതിന്റെ പേരിൽ സസ്​പെൻഷൻ കിട്ടി. അന്നുതുടങ്ങിയ നിയമപോരാട്ടം അവസാനിച്ചത് 20 വർഷത്തിനുശേഷം. 2010ൽ ജോലി തിരികെ ലഭിച്ചെങ്കിലും പിന്നീട്‌ രാജിവെച്ചു. പട്ടാളത്തിലായിരിക്കെ കാൽമുട്ടിനേറ്റ പരിക്ക് പിൽക്കാലത്ത് ഏറെ ബുദ്ധിമുട്ടിച്ചു. മോഹന്‍രാജ് വിടവാങ്ങുമ്പോള്‍ മലയാള സിനിമക്ക്‌ അദ്ദേഹം നൽകിയ സംഭാവനകളെ ഒരിക്കലും വിസ്‌മരിക്കാനാവില്ല.

Tags:    
News Summary - Keerikadan Jose: A crowned villain in disguise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.