ചങ്ങനാശ്ശേരി: 1988ല്‍ പുറത്തിറങ്ങിയ അണിയറ തിയറ്റേഴ്സിെൻറ ആദ്യ നാടകമായ 'വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ കുങ്കുമക്കര' നാടകലോകത്ത് ചർച്ചയായത് ഏഴു സ്ത്രീകളും രണ്ടരപുരുഷനും എന്ന നിലയിലാണ്. മലയാള നാടകചരിത്രത്തില്‍ ഏഴു സ്ത്രീകള്‍ മുഖ്യകഥാപാത്രങ്ങളായി എത്തുന്ന ആദ്യ കോമഡി നാടകമായിരുന്നു ഇത്.
പഞ്ചായത്ത് ഹോസ്റ്റലില്‍നിന്ന് ഒരു സ്ത്രീയെ കാണാതാവുന്നത് സംബന്ധിച്ച രസകരമായ അനുഭവങ്ങളായിരുന്നു നാടകത്തിെൻറ ഇതിവൃത്തം. എം.സി. കട്ടപ്പനയും ജോസ് താനയും മക്കത്തുമായിരുന്നു പുരുഷ കഥാപാത്രങ്ങള്‍. പൊക്കം തീരെ കുറവായതിനാല്‍ മക്കത്തിനെ അരയായിട്ടേ കണക്കുകൂട്ടിയിരുന്നുള്ളൂ. ഇതുകണ്ട് ഒ. മാധവനും എസ്.എല്‍ പുരവും അഭിനന്ദിച്ചതാണ് മുന്നോട്ടുള്ള പോക്കിന് മക്കത്തിന് പ്രചോദനമായത്. അവരുടെ അഭിനന്ദനം ഏറ്റവും വലിയ അവാര്‍ഡായാണ് മക്കത്ത് കണ്ടത്.
കണ്ണുനീരുപ്പ് രുചിച്ച് വിശപ്പടക്കിയ മക്കത്തിനെ ജീവിത പ്രാരബ്ധങ്ങള്‍ എട്ടാം വയസ്സിലാണ് നാടകരംഗത്ത് എത്തിച്ചത്. 1970ല്‍ ചങ്ങനാശ്ശേരി ഗീഥയിലെ നാടകവണ്ടിയില്‍ കയറിയാണ് മക്കത്ത് നാടക ജീവിതം ആരംഭിക്കുന്നത്. പി.ജെ. ആൻറണി എഴുതി ചാച്ചപ്പന് സംവിധാനം ചെയ്ത രശ്മി എന്ന നാടകത്തിലാണ് ആദ്യ അഭിനയം.
പുരോഹിതെൻറ കുടുംബകഥ പറയുന്ന നാടകത്തില്‍ തിലകനായിരുന്നു പുരോഹിതനായി നായകവേഷം ചെയ്തത്. ചുമട്ടുതൊഴിലാളിയായി പി.ജെ. ആൻറണിക്കൊപ്പം പള്ളിമേടയിലേക്ക് പലഹാരവുമായി കയറിച്ചെന്ന് ചുമട്ടുകൂലി ആവശ്യപ്പെടുന്നതായിരുന്നു സ്റ്റേജിലെ ആദ്യ അഭിനയരംഗം. ആദ്യ നാടകത്തിന് ലഭിച്ച പ്രതിഫലം രണ്ട് രൂപയായിരുന്നു.
ഇത് അക്കാലത്ത് കുടുംബത്തിന് സഹായമായി. ഉടമ ചാച്ചപ്പെൻറ മരണത്തോടെയാണ് ഗീഥയുടെ പടിയിറങ്ങിയത്. തുടര്‍ന്ന് കൊച്ചിന് സംഘമിത്രയിലെത്തി. 'കന്യാകുമാരിയില്‍ ഒരു കടങ്കഥ' എന്ന പുരാണനാടകത്തില് വാസവദത്തയുടെ ഭര്‍ത്താവായി വേഷമിട്ടു. നാനൂറോളം സ്റ്റേജില്‍ ഈ നാടകം ഓടി. 1987 ഡിസംബര്‍ 31നാണ് അണിയറ തിയറ്റേഴ്സ് തുടങ്ങുന്നത്. നാടകരചയിതാവ് സി.കെ. ശശി അദ്ദേഹം പുതുതായി പണിയുന്ന വീടിന് ഇടാന്‍ െവച്ചിരുന്ന അണിയറ എന്ന പേര് ട്രൂപ്പിന് നിർദേശിക്കുകയായിരുന്നു.
രണ്ടാമത്തെ നാടകമായ 'അമരം' മുതലുള്ള 14ഓളം നാടകങ്ങള്‍ക്ക് കേരള കാത്തലിക് ബിഷപ് കൗണ്‍സിലിെൻറ (കെ.സി.ബി.സി) മികച്ച നാടകത്തിനുള്ള അവാര്‍ഡ് ലഭിച്ചു. രണ്ടാമത്തെ മകന് ഹൈദരാലിയാണ് ട്രൂപ് ഏറ്റെടുത്ത് നടത്തുന്നത്. തിലകന്, പി.ജെ. ആൻറണി, അബൂബക്കര്‍, ജോസ് ആലഞ്ചേരി, കെ.ജെ. ചാക്കോ, കാലടി ഓമന, റോസ്ലിന്, ശ്രീകല, കൈനകരി തങ്കരാജ്, ഗീഥ സലാം, മോഹനന്, കെ.ടി.എസ് പടന്നയില്‍ തുടങ്ങി നിരവധി പ്രമുഖര്‍ക്കൊപ്പം അഭിനയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.