എസ്.എം. കൃഷ്ണ: ഒരുകാലത്ത് കർണാടകയുടെ കോൺഗ്രസ് മുഖം; പിന്നെ കാവി ഫ്രെയിമിൽ ചില്ലിട്ട പത്മവിഭൂഷൺ

രാജ്യത്തും പുറത്തും കർണാടകയുടെ കോൺഗ്രസ് മുഖമായിരുന്നു ചൊവ്വാഴ്ച പുലർച്ചെ വിടപറഞ്ഞ എസ്.എം. കൃഷ്ണ. കോൺഗ്രസ് കാല സേവനങ്ങളുടെ പുരസ്കാരമായി രാഷ്ട്രം പത്മവിഭൂഷൺ സമ്മാനിച്ച ബി.ജെ.പി നേതാവ്. സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ്.എം. കൃഷ്ണക്ക് മരിക്കുമ്പോൾ 92 വയസായിരുന്നു.

കർണാടകയിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് നടന്നപ്പോൾ അരോഗ്യ ദൃഢഗാത്രനായിരുന്നു എസ്.എം. കൃഷ്ണ. ഈ ഒന്നാം നിര നേതാവ് പക്ഷേ, ജനസേവന മികവിനുള്ള പത്മവിഭൂഷൺ പട്ടം നേടി അനങ്ങാതിരുന്ന അതിശയത്തിനായിരുന്നു കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ രംഗം സാക്ഷിയായത്. കർണാടക മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും നിയമസഭ സ്പീക്കറും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായിരുന്ന എസ്.എം. കൃഷ്ണ സ്വയം വിശ്രമത്തിലേക്ക് ഉൾവലിഞ്ഞത് വലിയ ചർച്ചയായില്ല.

നേരത്തെ പ്രഖ്യാപിച്ച പത്മവിഭൂഷൺ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങും മുമ്പ് വിരമിക്കൽ തീരുമാനം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. "സ്വയം പിന്മാറിയാൽ തഴഞ്ഞു എന്ന പരാതിക്ക് പഴുതില്ലല്ലോ. പെൻഷൻ തരുന്ന രീതി ഇല്ലാത്തതിനാൽ വിരമിക്കാൻ ഹൈക്കമാന്റിന്‍റെ അനുമതിയും വേണ്ട. പിന്നെ, അമ്പതിന്റെ ചുറുചുറുക്ക് തൊണ്ണൂറിൽ എങ്ങിനെ ഉണ്ടാവാനാണ്?" -എങ്ങും തൊടാതെ, എന്നാൽ എവിടെയൊക്കെയോ കോറി സോമനഹള്ളി മല്ലയ്യ കൃഷ്ണ പറഞ്ഞു വെച്ചു.

സമപ്രായക്കാരനായ മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ വാർധക്യ-രോഗ അലട്ടുകൾക്കിടയിലും ജെ.ഡി.എസ് പ്രചാരണത്തിന് കർണാടകയാകെ സഞ്ചരിച്ചപ്പോഴാണ് ബി.ജെ.പിയുടെ വേദികളിൽ നിറയേണ്ട കൃഷ്ണ നിശ്ശബ്ദനായത്. പത്മവിഭൂഷൺ പുരസ്കാരത്തിനുള്ള അർഹതയായി എണ്ണിപ്പറഞ്ഞ കാര്യങ്ങളിൽ എവിടെയും 2017 മാർച്ചിൽ അദ്ദേഹം ചേക്കേറിയ ബി.ജെ.പിയിലെ സേവന കാലത്തെക്കുറിച്ച് തരിമ്പും പരാമർശമില്ലായിരുന്നു. എല്ലാം എക്കാലവും കൃഷ്ണ കോൺഗ്രസ് ഫ്രെയിമിൽ ഉണ്ടാവുമെന്ന് കർണാടക കരുതിയ കാലത്തെ പ്രവർത്തനങ്ങൾ. കർണാടക സംസ്ഥാനത്തിന്റെ വിവര സാങ്കേതിക വിദ്യയിലെ നേട്ടങ്ങൾ ആകാശം തൊട്ട 1999-2004 കാലം സപ്തതി നിറവിലായിരുന്നു മുഖ്യമന്ത്രി എസ്.എം. കൃഷ്ണ. ഇപ്പോഴത്തെ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആഭ്യന്തര മന്ത്രിയായിരുന്ന കൃഷ്ണ മന്ത്രിസഭയിൽ ഖമറുൽ ഇസ്ലാം, റോഷൻ ബെയ്ഗ്, നഫീസ് ഫസൽ, എം.എൽ. ഉസ്താദ് എന്നിങ്ങിനെ നാല് അംഗത്വം തുടർച്ചയില്ലാത്ത മുസ്‌ലിം പ്രാതിനിധ്യമായി. ആ മന്ത്രിസഭയിൽ ഗ്രാമ വികസന മന്ത്രിയായിരുന്ന ഡി.കെ. ശിവകുമാർ എസ്.എം. കൃഷ്ണക്ക് എതിർ രാഷ്ട്രീയ ചേരി നയിക്കുന്ന കെ.പി.സി.സി അധ്യക്ഷനും ഉപമുഖ്യമന്ത്രിയും ആയിരുന്നില്ല. മറിച്ച് പേരമകൻ അമർഥ്യ ഹെഗ്ഡെയുടെ ജീവിത പങ്കാളി ഐശ്വര്യയുടെ പിതാവാണ്. 2019 ജൂലൈയിൽ നേത്രാവതി നദിയിൽ ജീവിതം മുക്കിക്കളഞ്ഞ കഫെ കോഫി ഡേ സ്ഥാപകൻ വി.ജി. സിദ്ധാർത്ഥയുടേയും, എസ്.എം. കൃഷ്ണയുടെ മകൾ മാളവിക ഹെഗ്ഡെയുടെയും മകനാണ് അമർഥ്യ.

ബി.ജെ.പിയിൽ ചേർന്ന ശേഷം ആ പാർട്ടിയുടെ അണിയറയിൽ കരുത്ത് കാട്ടിയിരുന്നു കൃഷ്ണ. കോൺഗ്രസിന് എതിരെ എന്ത് പറഞ്ഞാലും ഡി.കെ. ശിവകുമാറിന് കൊള്ളുന്ന മുള്ള് അമർഥ്യ-ഐശ്വര്യ മനസ്സുകളെയാവുമല്ലോ നോവിക്കുക.

1971ൽ കോണ്‍ഗ്രസില്‍ ചേർന്ന കൃഷ്ണ 2017 ജനുവരി 30നാണ് പാർട്ടി വിട്ടത്. പിന്നാലെ ബി.ജെ.പിയിൽ ചേർന്നു. പിന്നീട് 2023 ജനുവരിയിൽ സജീവ രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

Tags:    
News Summary - SM Krishna Karnatakas congress face at atime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.