പാലക്കാട്: പ്രതാപികളുടെ തറവാട്ടിൽനിന്ന് വളർന്നുവന്ന കറകളഞ്ഞ കമ്യൂണിസ്റ്റുകാരനായിരുന്നു പ്രമുഖ സി.പി.എം നേതാവും മുൻ മന്ത്രിയുമായിരുന്ന ടി. ശിവദാസമേനോൻ. പാലക്കാടൻ മണ്ണിൽനിന്ന് അധ്യാപക സംഘടനയിലൂടെ പാർട്ടിയിലെത്തുകയും കേരളത്തിന്‍റെ ധനമന്ത്രിപദം വരെ അലങ്കരിക്കുകയും ചെയ്ത അദ്ദേഹം ജീവിതാന്ത്യം വരെ പാർട്ടി സ്പിരിറ്റും തൊഴിലാളി വർഗ നിലപാടുകളും ഉറപ്പോടെ പുലർത്തിപോന്നു. പാർട്ടിലൈൻ ആയിരുന്നു എന്നും ശിവദാസ മേനോന് ലക്ഷ്മണ രേഖ.
സമ്പന്ന കുടുംബത്തിൽ ജനിച്ച ശിവദാസമേനോൻ പഠിക്കുന്ന കാലത്ത് ഒരു വിദ്യാർഥി സംഘടനയിലും അംഗമായിരുന്നില്ല. കലാലയ രാഷ്ട്രീയം അദ്ദേഹത്തിന് അന്യമായിരുന്നു. പഠനം, അതു കഴിഞ്ഞ് ജോലി അതുമാത്രമായിരുന്നു ലക്ഷ്യം. കെമിസ്ട്രിയിൽ ബിരുദമെടുത്തത് പാലക്കാട് ഗവ. വിക്ടോറിയ കോളജിൽനിന്ന്. അധികംവൈകാതെ മണ്ണാർക്കാട് കെ.ടി.എം ഹൈസ്കൂളിൽ സയൻസ് അധ്യാപകനായി. പിന്നീട് ആ സ്കൂളിന്‍റെ പ്രധാനാധ്യാപകനുമായി. സർവിസ് സംഘടനയിൽ സജീവമാകുന്നതോടെയാണ് മേനോന്‍റെ രാഷ്ട്രീയ ജീവിതത്തിന്‍റെ തുടക്കം. അധ്യാപകജോലി രാജിവെച്ചാണ് മുഴുവൻ സമയ പാർട്ടി പ്രവർത്തകനായത്.പ്രൈവറ്റ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (പി.എസ്.ടി.എ) എന്ന ഇടതുഅനുകൂല സംഘടനയിലൂടെയാണ് കർമനിരതനാവുന്നത്. പ്രഫ. ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കെതിരെ അധ്യാപകരെ സംഘടിപ്പിച്ച് നിരന്തരമായ സമരമുഖങ്ങൾ തുറന്നു. എയ്ഡഡ് മാനേജ്മെൻറുകൾക്ക് തലവേദന സൃഷ്ടിച്ച് പലേടത്തും സമര പരമ്പരകൾ അരങ്ങേറി. കമ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിൽ രൂപംകൊണ്ട കെ.പി.ടി.എഫിനും പിന്നീട് രൂപംകൊണ്ട കെ.പി.ടി.യുവിലും അദ്ദേഹം നേതൃപരമായ സ്ഥാനങ്ങൾ വഹിച്ചു. യൂനിയനുകളുടെ സംസ്ഥാന നേതൃനിരയിലേക്ക് അതിവേഗം ഉയർന്നു. പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കളുമായുള്ള ബന്ധം ദൃഢമാകുന്നത് ഇക്കാലയളവിലാണ്.
20ാമത്തെ വയസ്സിൽ അധ്യാപകനായി. പാർട്ടി ക്ലാസ് നയിക്കാൻ ശിവദാസ മേനോൻ അഗ്രഗണ്യനായിരുന്നു. പൊതുയോഗങ്ങളിലും കവല പ്രസംഗങ്ങളിലും സാധാരണ ജനങ്ങളെ കൈയിലെടുക്കാൻ അദ്ദേഹത്തിന് സ്വതസിദ്ധമായ കഴിവ് ഉണ്ടായിരുന്നു. 1956ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായാണ് പാർട്ടി പ്രവർത്തനത്തിൽ സജീവമാകുന്നത്. മണ്ണാർക്കാട് മേഖലയിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് കൊങ്ങശ്ശേരി കൃഷ്ണന്‍റെ ശിഷ്യനായിരുന്നു. 1964ൽ പാർട്ടി പിളർപ്പിൽ ശിവദാസമേനോൻ സി.പി.എമ്മിനോടൊപ്പംനിന്നു. പാർട്ടി മണ്ണാർക്കാട്താലൂക്ക് കമ്മിറ്റി അംഗമായി. തുടർന്ന് ജില്ല കമ്മിറ്റിയിലുമെത്തി. കെ.പി.ടി.യു നേതൃത്വത്തിൽ 1971ൽ അധ്യാപകരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിനെതിരെ 60 ദിവസം നീണ്ടുനിന്ന സമര പരമ്പര അരങ്ങേറിയപ്പോൾ നേതൃനിരയിൽ ടി. ശിവദാസമേനോൻ ഉണ്ടായിരുന്നു. 1978ൽ കണ്ണൂർ സമ്മേളനത്തിലാണ് ശിവദാസ മേനോൻ സി.പി.എം സംസ്ഥാന കമ്മിറ്റിയിലെത്തുന്നത്. 1980ൽ പാർട്ടി പാലക്കാട് ജില്ല സെക്രട്ടറിയായി. ഏഴുവർഷം ജില്ല സെക്രട്ടറിയായി തുടർന്നു. 1977, 1980, 1984 ലോക്സഭ തെരഞ്ഞെടുപ്പുകളിൽ പാലക്കാട് സ്ഥാനാർഥിയായെങ്കിലും മൂന്നുതവണയും പരാജയപ്പെട്ടു.
സംസ്ഥാനത്താകെ ഡിമാൻഡുള്ള പ്രഭാഷകൻ
മികച്ച പാർട്ടി കാമ്പയിനർ ആയിരുന്നു ശിവദാസമേനോൻ ഒന്നാംതരം പ്രാസംഗികനുമായിരുന്നു. വാക്കുകളുടെ അനർഗളമായ പ്രവാഹമാണ് പ്രഭാഷണങ്ങൾ. ഒരുകാലത്ത് സംസ്ഥാനത്താകെ ഡിമാൻഡുള്ള ആളായിരുന്നു. പാലക്കാട് ജില്ലയിൽ സ്ഥാനാർഥികളായ എ.കെ.ജിയുടെയും ഇ.കെ. നായനാരുടെയും ഇമ്പിച്ചിബാവയുടെയും തെരഞ്ഞെടുപ്പ് കാമ്പയിനിന്‍റെ നേതൃത്വം ശിവദാസമേനോന്‍റെ കൈകളിലായിരുന്നു. ചെറുപ്പംതൊട്ട് ആഴത്തിലുള്ള വായന ശീലമാക്കിയ മേനോൻ, വായിക്കുന്നത് മസ്തിഷ്കത്തിൽ സൂക്ഷിക്കുകയും പ്രസംഗത്തിൽ വേണ്ടിടത്ത്, അത് കൃത്യതയോടെ ഉപയോഗിക്കുകയും ചെയ്യും. ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്തിരുന്ന ശിവദാസ മേനോൻ പാർട്ടി അഖിലേന്ത്യ നേതാക്കളുടെ പ്രസംഗങ്ങൾ മനോഹരമായി തർജമ ചെയ്തു. പാലക്കാട് ജില്ലയിൽ സംഘടന രംഗത്തേക്ക് ചെറുപ്പക്കാരെ വളർത്തിയെടുക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
നായനാർ മന്ത്രിസഭയിൽ വൈദ്യുതി വകുപ്പിന്റെ ചുമതല വഹിച്ചിരുന്നപ്പോഴാണ് സംസ്ഥാനത്തെ ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയിൽനിന്ന് കരകയറ്റിയത്. തുടർച്ചയായ ലോഡ് ഷെഡിങ്ങിന് വിരാമം കുറിച്ചതോടെ അദ്ദേഹം 'വെളിച്ചം തരുന്ന മാഷ്' പേരിൽ സാധാരണക്കാർക്കിടയിൽ അറിയപ്പെട്ടു. വൈദ്യുതി രംഗത്ത് മലബാറിനോടുള്ള അവഗണനക്ക് മാറ്റംവന്നു തുടങ്ങിയതും അക്കാലത്താണ്. 1997ൽ ഇ.കെ. നായനാരുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് വീണ്ടും അധികാരത്തിലെത്തിയപ്പോൾ ശിവദാസമേനോന് ധനകാര്യ, എക്സൈസ് വകുപ്പുകളുടെ ചുമതല കിട്ടി.
കടക്കെണിയിലേക്ക് കൂപ്പുകുത്തി കൊണ്ടിരിക്കുകയായിരുന്നു കേരളം. മികച്ച ധനകാര്യ മാനേജ്മെന്‍റിലൂടെ ട്രഷറി സ്തംഭനം മറികടക്കാനായത് ശിവദാസമേനോന്‍റെ സാമ്പത്തിക വൈദഗ്ധ്യത്തിന് തെളിവായി വിലയിരുത്തപ്പെട്ടു. 2002ൽ മുത്തങ്ങ വെടിവെപ്പിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് എസ്.പി ഓഫിസിലേക്ക് എൽ.ഡി.എഫ് നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്ന് നേതാക്കൾക്കും പ്രവർത്തകർക്കുംനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി.
നിലത്തുവീണ ശിവദാസ മേനോന്‍റെ തലയടിച്ചുപൊളിച്ചു. ലാത്തിച്ചാർജിൽ കാൽമുട്ടിന് ഗുരുതരമായ പരിക്കുപറ്റി. പിന്നീട് ദീർഘനാളത്തെ ചികിത്സക്കുശേഷവും അദ്ദേഹത്തിന് നടക്കാൻ കഴിയുന്ന അവസ്ഥ ഉണ്ടായില്ല.
എന്നും സഹൃദയൻ
രാവിലെ ഒരുമണിക്കൂർ പാട്ടുകേൾക്കുന്ന പതിവുണ്ട്. രാഷ്ട്രീയം പോലെതന്നെ ഫുട്ബാളും ക്രിക്കറ്റും ശിവദാസമേനോന് ലഹരിയായിരുന്നു. പുസ്തകങ്ങളൊടുള്ള അടുപ്പവും അദ്ദേഹം ജീവിതാവസാനം വരെ നിലനിർത്തി. ഭാര്യയുടെ മരണത്തിനുശേഷം മഞ്ചേരിയിലെ മകളുടെ വീട്ടിലാണ് വർഷങ്ങളോളം താമസിച്ചത്. ആരോഗ്യപ്രശ്നങ്ങൾ അലട്ടിയപ്പോഴും ആത്മവിശ്വാസത്തിനും കമ്യൂണിസ്റ്റ് ആവേശത്തിനും ഒരുകുറവും ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് പോരാട്ടങ്ങളും പാർട്ടിയുടെ ജയ പരാജയങ്ങളും അദ്ദേഹം സശ്രദ്ധം വീക്ഷിച്ചു, വിലയിരുത്തി. വി.എസ്-പിണറായി പോരിൽ ഔദ്യോഗിക പക്ഷ നിലപാടിനൊപ്പമായിരുന്നു ശിവദാസമേനോൻ. വി.എസിന്റെ ജനകീയതയെ അദേഹം കുറച്ചു കണ്ടതുമില്ല.
രാഷ്ട്രീയ എതിരാളികളൊട് പോലും വളരെയടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ശിവദാസമേനോൻ വിശ്രമ ജീവിതം നയിച്ചിരുന്ന മഞ്ചേരിയിലെ നീതി എന്ന വസതിയിൽ സന്ദർശകരായിരുന്നു.
അധ്യാപകൻ, അധ്യാപക നേതാവ്, ഭരണാധികാരി, പാർട്ടി നേതാവ് ഏത് നിലയിൽ ആയിരുന്നാലും സമർപ്പിത മനസ്സിന്റെ ഉടമയായിരുന്നു ശിവദാസമേനോൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.