മുണ്ടക്കൈ മസ്ജിദ് ഇമാം ശിഹാബ് ഫൈസി കയ്യൂന്നി

‘ശിഹാബേ, അമർത്തിയടച്ചിട്ടും എന്റെ കണ്ണു നിറയുന്നെടാ....’ -ഉരുൾപൊട്ടൽ കവർന്ന ഇമാമിനെക്കുറിച്ച് സുഹൃത്തിന്റെ കുറിപ്പ്

യനാടിന്റെ നിഷ്‍കളങ്കത ആവോളം ഉൾക്കൊണ്ട മനുഷ്യരായിരുന്നു ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ഗ്രാമീണർ. അവിടെ നീണ്ടകാലമായി അധ്യാപകനായി സേവനമനുഷ്ടിക്കുന്ന ആലപ്പുഴ സ്വദേശി ഉണ്ണിമാഷ് പറഞ്ഞതുപോലെ സ്നേഹിക്കാൻ മാത്രമറിയുന്ന ജന്മങ്ങൾ. എന്നും വൈകീട്ട് അങ്ങാടിയിൽ ഒത്തു​കൂടി പരസ്പരം കു​ശലാന്വേഷണം നടത്തി മാത്രം വീട്ടിലേക്ക് മടങ്ങുന്ന പച്ച മനുഷ്യർ. അവരിൽ ഒട്ടേറെപേർ ഇന്നലെ രൗദ്രഭാവം പൂണ്ട പ്രകൃതിയുടെ കലിതുള്ളലിൽ കൂട്ടത്തോടെ ഇല്ലാതായി. ആ കൂട്ടത്തിലൊരാളായിരുന്നു മുണ്ടക്കൈ മസ്ജിദ് ഇമാം ശിഹാബ് ഫൈസി കയ്യൂന്നി.

ജാമിഅ നൂരിയ്യ പൂർവവിദ്യാർഥിയായ ശിഹാബ് ഫൈസിയെ കുറിച്ച് സുഹൃത്തും എഴുത്തുകാരനുമായ ലത്തീഫ് നെല്ലിച്ചോട് എഴുതിയ കുറിപ്പ് വായിക്കാം:

വയനാട്ടിലേക്ക് വെറുതെ വണ്ടിയോടിച്ച് വരുന്ന ദിനങ്ങളിൽ നെല്ലിച്ചോടേന്ന് വിളിച്ച് വിരുന്നൂട്ടാൻ ഇനി നീയില്ലല്ലോടാ....

മുണ്ടക്കൈ മസ്ജിദിന്റെ വരാന്തയിൽ വർത്തമാനം പറഞ്ഞിരുന്ന വൈകുന്നേരങ്ങൾ.

നേരമിരുട്ടും മുമ്പ് ചുരമിറങ്ങണമെന്ന് വാശിപിടിക്കുമ്പോൾ ഇന്നിവിടെ കൂടാമെന്ന സ്നേഹ സൗഹൃദത്തിന്റെ സമ്മർദങ്ങൾ.....

പറഞ്ഞു തീരാത്ത വിശേഷങ്ങളുടെ പങ്കുവെക്കലുകൾ.

നീ സമ്മാനമായി തന്ന അത്തർ കുപ്പികൾ.

വയനാട്ടുകാർ വേറിട്ട മനുഷ്യരാണ്. സ്‌നേഹക്കുളിരിന്റെ കോട കൊണ്ട് ഹൃദയം പൊതിയുന്നവർ.

ഒരിക്കൽ പരിചയപ്പെട്ടാൽ പിന്നെ മറവിക്ക് വിട്ടു കൊടുക്കാത്ത വിധം സൗഹൃദം അപ്ഡേറ്റ് ചെയ്യുന്നവർ.

ഓര്ക്ക് വല്ലാത്തൊരു സ്നേഹാണ്. വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയാൽ പിന്നെ നമ്മളാ വീട്ടാരാണ്.

ശിഹാബെ.....

അമർത്തിയടച്ചിട്ടും അനുവാദമില്ലാതെ എന്റെ കണ്ണു നിറയുന്നെടാ....

കേട്ടത് സത്യാവരുതേന്ന്

സുജൂദിൽ കിടന്ന് കരഞ്ഞു പറഞ്ഞിട്ടും പടച്ചോൻ കേട്ടില്ല.

നിലമ്പൂരിലെ മോർച്ചറിയിൽ നീയുണ്ടെന്നറിഞ്ഞപ്പോ മരവിച്ചു പോയതാണ് ഞാൻ.

അവസാനമായി കണ്ടപ്പോ തലയിലും, താടി രോമങ്ങളിലും പടർന്ന വെള്ളി നൂലുകളെ നോക്കി നീ പറഞ്ഞില്ലേ.... നെല്ലിച്ചോടും നരച്ചൂന്ന്.

നാല്പത് കഴിഞ്ഞാ മനുഷ്യന്റെ മേനിക്ക് മയ്യത്തിന്റെ മണമാണെന്ന എന്റെ പ്രതികരണത്തിന് പ്രാർത്ഥനയായിരുന്നല്ലോ നിന്റെ മറുപടി.

അല്ലാഹു ആഫിയത്തുള്ള ആയുസ് തരട്ടേന്ന്.

എന്നിട്ട് നീ ആദ്യമങ്ങ് പോയി. ദൂരേക്ക് നോക്കി നമ്മളാസ്വദിച്ച പ്രകൃതി തന്നെ നിന്നെ വിളിച്ചോണ്ട് പോയി.

ഇവിടെ ഇരുന്നാ നിനക്ക് കുറേ കവിത എഴുതാന്ന് ചായത്തോട്ടങ്ങളെ ചൂണ്ടി നീ പറഞ്ഞതും, ഈ നാടിന്റെ കുളിരു പോലെയാണ് എന്റെ അക്ഷരങ്ങളെന്ന് എന്റെ എഴുത്തിനെ പ്രശംസിച്ചതും, എന്താ ഇപ്പോ തീരെ എഴുതാത്തതെന്ന് പരിഭവപ്പെട്ടതും ഓർമ്മകൾ കലങ്ങി മറഞ്ഞൊഴുകുന്നു എന്നുള്ളിൽ.

മഹല്ല് നിവാസികൾക്ക് ആദരണീയ പണ്ഡിതൻ

കുട്ടികൾക്ക് പ്രിയപ്പെട്ട ഉസ്താദ്

സൗമ്യത കൊണ്ട് ചേർത്തു പിടിക്കുന്ന സഹൃദയൻ...

കല്ലും ചെളിയും വേരും മരവും കലർന്ന കലക്കു വെള്ളത്തിൽ ഒഴുകിയൊഴുകി മരണത്തെ പുണർന്നവനേ....

സ്വർഗലോകത്തെ അരുവികളുടെ തീരത്ത് വെച്ചെന്റെ കൂട്ടുകാരനെ കാണിച്ചു തരണേ റഹീമേ 🤲🏻😪

Tags:    
News Summary - wayanad landslide: mundakkai masjid imam shihab faizy kaiyoonni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.