പത്തനംതിട്ട: അറയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി പ്രദേശങ്ങങ്ങളിലേക്ക് ഇരുമ്പ് പാലങ്ങള്‍ നിര്‍മിക്കാൻ സര്‍ക്കാറിന്റെ അന്തിമ അനുമതിയായതായി പ്രമോദ് നാരായണ്‍ എം.എല്‍.എ അറിയിച്ചു. സംസ്ഥാന പട്ടികവര്‍ഗ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് പാലം നിര്‍മിക്കുക. 104 മീറ്റര്‍ നീളവും 90 സെ.മീ വീതിയും ഉള്ള കുരുമ്പന്‍മൂഴി പാലം പൊതുമേഖല സ്ഥാപനമായ സില്‍ക്ക് ചേര്‍ത്തല യൂനിറ്റാണ് നിര്‍മിക്കുന്നത്.
3.97കോടിയാണ് നിര്‍മാണ ചെലവ്. പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നിര്‍മിക്കുന്ന അരയാഞ്ഞിലിമണ്‍ പാലത്തിലൂടെ മിനി ആംബുലന്‍സ് വരെ കടന്നുപോകാന്‍ കഴിയും. 83 മീറ്റര്‍ നീളവും 1.30 മീറ്റര്‍ വീതിയും ഉള്ള പാലത്തിന് നദിയില്‍ നാല് ഇരുമ്പ് തൂണുകളും വശങ്ങളില് ഓരോ അബട്ട്മെന്റും ഉണ്ടാകും. 2.7 കോടിയാണ് നിര്‍മാണച്ചെലവ്.
മൂന്നുവശവും ഘോരവനത്താലും ഒരുവശം പമ്പാനദിയാലും ചുറ്റപ്പെട്ട ആദിവാസി ഭൂപ്രദേശങ്ങളാണ് പെരുനാട് പഞ്ചായത്തിലെ അറയാഞ്ഞിലിമണ്ണും നാറാണംമൂഴി പഞ്ചായത്തിലെ കുരുമ്പന്മൂഴിയും. രണ്ട് പ്രദേശത്തും 400 ഓളം കുടുംബങ്ങള്‍ വീതം ഉള്ളതില്‍ പകുതിയോളം പട്ടികജാതി -പട്ടികവര്‍ഗ കുടുംബങ്ങളാണ്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് പമ്പാനദിക്ക് കുറുകെ നിര്‍മിച്ച ഉയരം കുറഞ്ഞ അറയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി കോസ്വേകളാണ് ഇവിടങ്ങളിലേക്ക് എത്താനുള്ള ഏകമാര്‍ഗം.
എന്നാല്‍, മഴക്കാലത്ത് പമ്പാനദിയിലെ ജലനിരപ്പ് ഉയരുകയും കോസ്വേകള് മുങ്ങി പ്രദേശങ്ങള്‍ ആഴ്ചകളോളം ഒറ്റപ്പെടുന്ന അവസ്ഥയുമുണ്ട്. വര്‍ഷത്തില്‍ നാലും അഞ്ചും തവണ ഇത്തരത്തില്‍ സംഭവിക്കും. അടിയന്തരഘട്ടങ്ങളില്‍ ആശുപത്രിയില്‍ പോകാനോ ഭക്ഷ്യസാധനങ്ങള്‍ വാങ്ങാനോ കുട്ടികള്‍ക്ക് സ്കൂളില്‍ പോകാനോ കഴിയില്ല.
ഗുരുതര രോഗം ബാധിച്ചവരെയും ഗര്‍ഭിണികളെയും കിലോമീറ്റര്‍ വനത്തിലൂടെ നടത്തി കൊണ്ടുപോയി ആശുപത്രിയില്‍ എത്തിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.അറയാഞ്ഞിലിമണ്ണില്‍ നേത്തേ സമാന്തരമായി ഒരു നടപ്പാലം നിര്‍മിച്ചിരുന്നെങ്കിലും 2018ലെ പ്രളയത്തില്‍ അത് ഒലിച്ചുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.