തിരുവനന്തപുരം: മനഃശാസ്ത്രചികിത്സകനും ആദ്യകാല മനഃശാസ്ത്രമാസികകളുടെ പത്രാധിപരുമായിരുന്ന ഡോ. പി.എം. മാത്യു വെല്ലൂർ (87) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെ തിരുവനന്തപുരത്ത് പ്ലാമൂട് ചാരാച്ചിറയിലെ വീട്ടിലായിരുന്നു അന്ത്യം.
വാർധക്യസഹജമായ അവശതകൾ കാരണം വിശ്രമത്തിലായിരുന്നു. സംസ്കാരം ചൊവ്വാഴ്ച മാവേലിക്കരയിൽ. ഗ്രന്ഥകാരൻ, പത്രാധിപർ, ചിത്രകാരൻ, അധ്യാപകൻ, അഭിനേതാവ്, വ്യക്തിത്വവികസന മാർഗദർശകൻ, ഗവേഷകൻ, ജീവനകലാ പരിശീലകൻ തുടങ്ങിയ രംഗങ്ങളിലെല്ലാം അദ്ദേഹം തിളങ്ങി.
എണ്ണയ്ക്കാട് ചക്കാലയിൽ കുഞ്ഞമ്മയുടെയും കലാകാരനും നടനുമായിരുന്ന പാലക്കൽതാഴെ പി.എം. മത്തായിയുടെയും മകനായി 1933 ജനുവരി 31ന് മാവേലിക്കരയിലാണ് ജനനം. കേരള സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ അധ്യാപകൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സർവവിജ്ഞാനകോശം അസിസ്റ്റൻറ് എഡിറ്റർ, മനഃശാസ്ത്ര -തത്ത്വദർശന- വിദ്യാഭ്യാസവകുപ്പ് മേധാവി എന്നീ നിലകളിൽ പ്രവർത്തിച്ചു.
മനഃശാസ്ത്രം, കുടുംബജീവിതം എന്നീ മാസികകളുടെ സ്ഥാപക പത്രാധിപരാണ്. ലൈംഗിക മനഃശാസ്ത്രത്തെ അധികരിച്ച് മലയാളത്തിൽ ആദ്യമായി രതിവിജ്ഞാനകോശം എഡിറ്റ് ചെയ്തു. 1975 മുതൽ തിരുവനന്തപുരത്തുള്ള മനഃശാസ്ത്രചികിത്സാകേന്ദ്രത്തിെൻറ ഡയറക്ടറായിരുന്നു.
ഭാര്യ: സൂസി മാത്യു. മക്കൾ: ഡോ. സജ്ജൻ (ഒമാൻ), ഡോ.റേബ(ദുബൈ), ലോല(ദുബൈ). മരുമക്കൾ: ഡോ.റവീന, ലാലു വർഗീസ് (ദുൈബ), മാമ്മൻ സാമുവൽ (ദുൈബ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.