തിരുവനന്തപുരം: തൈക്കാട് ശാസ്താഗാർഡൻ റസിഡന്റ്സ് അസോസിയേഷൻ ടി.സി 24/369 കുടൽമനയിൽ പ്രഫ. കെ.കെ. കൃഷ്ണൻ നമ്പൂതിരി (91) അന്തരിച്ചു. കേരളത്തിലെ ബ്രഹ്മസ്വംമഠത്തിന്റെ വേദപാഠശാല രക്ഷാധികാരിയാണ്.
1934 ജനുവരി ഏഴിന് ആലപ്പുഴ തലവടിയിലായിരുന്നു ജനനം. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽനിന്ന് ഒന്നാം ക്ലാസോടെ ഹിന്ദിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം കേരളത്തിലെ സർക്കാർ കോളജുകളിൽ അധ്യാപകനായി പ്രവർത്തിച്ചു.
യൂനിവേഴ്സിറ്റി കോളജിൽനിന്ന് ഹിന്ദി വിഭാഗം മേധാവിയായി വിരമിച്ചശേഷം കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഉൾപ്പെടെയുള്ള പഠന കേന്ദ്രങ്ങളിൽ അധ്യാപനം തുടർന്നു. സർവകലാശാലാതല പരീക്ഷ ബോർഡുകളിലും കേന്ദ്ര സർക്കാറിന്റെ വിവിധ മന്ത്രാലയങ്ങളിൽ ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചു. ശ്രീശങ്കര ട്രസ്റ്റിന്റെ കൗൺസിൽ അംഗവും ദക്ഷിണ വിഭാഗം ചെയർമാനുമായിരുന്നു. തിരുവനന്തപുരം ജില്ല യോഗക്ഷേമ സഭ രക്ഷാധികാരിയായിരുന്നു
ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. ‘ഗണിത് കെ അദ്ഭുത് മനീഷി ശ്രീനിവാസ രാമാനുജൻ’ എന്ന പുസ്തകത്തിന് 1993ൽ ദേശീയ പുരസ്കാരം ലഭിച്ചു.
ഹിന്ദി വിദ്യാപീഠത്തിന്റെ പി.ജി. വാസുദേവ് പുരസ്കാരം, കേരള ഹിന്ദി അക്കാദമി സമ്മാനം, ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിന്റെ കൃഷ്ണായന പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഭാര്യ: എം.ഡി. ലീലാദേവി (മണയത്താറ്റില്ലം). മക്കൾ: ഹരി നമ്പൂതിരി (യു.എസ്.എ), ഡോ. ശ്രീലത (കാലടി സംസ്കൃത സർവകലാശാല), മഞ്ജു.
മരുമക്കൾ: മായ (യു.എസ്.എ), കെ.എസ്.പി.എൻ. വിഷ്ണുനമ്പൂതിരി, ബ്രഹ്മദത്തൻ നമ്പൂതിരി. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് തിരുവല്ല തലവടി കുടൽമന തറവാട്ടിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.