വിജയനും മോഹനയും വിദേശയാത്രക്കിടയിൽ (ഫയൽ ചിത്രം)

ചായക്കട നടത്തി 26 രാജ്യങ്ങൾ സന്ദർശിച്ച വിജയൻ അന്തരിച്ചു; ജീവിതയാത്രയി​ൽ മോഹന ഇനി തനിച്ച്​

കൊച്ചി: ചായക്കട നടത്തി ഭാര്യക്കൊപ്പം 26 ലോകരാജ്യങ്ങൾ സന്ദർശിച്ച വിജയൻ എന്ന ബാലാജി (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

കൊച്ചിയിലെ ചായക്കടയിൽനിന്നുള്ള വരുമാനം കൊണ്ടായിരുന്നു ഇവർ യാത്ര നടത്തിയിരുന്നത്​. കഴിഞ്ഞ മാസം റഷ്യയിലേക്കാണ്​​ ഭാര്യ മോഹനക്കൊപ്പം അവസാനമായി യാത്ര നടത്തിയത്​.

ഇദ്ദേഹത്തെ യാത്രകളെക്കുറിച്ച്​ നിരവധി ഫീച്ചറുകളും വാർത്തകളുമെല്ലാം വന്നിട്ടുണ്ട്​. ഈയിടെ ടൂറിസം മന്ത്രി മുഹമ്മദ്​ റിയാസ്​ ഇവരുടെ ശ്രീ ബാലാജി എന്ന ചായക്കടയിൽ സന്ദർശകനായി എത്തിയിരുന്നു. കേരളത്തിലെ സഞ്ചാരികളുടെ സ​ങ്കേതമായിരുന്നു ഈ ചായക്കട. കൂടാതെ വിജയനും ഭാര്യയും അവരുടെയൊക്കൊ പ്രചോദനം കൂടിയായിരുന്നു.

ഈ യാത്ര തനിയേ...

ചായക്കടയിൽനിന്ന്​ ലഭിച്ച വരുമാനം കൊണ്ട്​ 26 രാജ്യങ്ങൾ സഞ്ചരിച്ച കൊച്ചിയിലെ ശ്രീ ബാലാജി കഫേ ഉടമ കെ.ആർ. വിജയന്‍റെ മൃതദേഹത്തിനരികിൽ വിലപിക്കുന്ന ഭാര്യ മോഹന

ചിത്രം: അഷ്കർ ഒരുമനയൂർ

14 വർഷത്തിനിടെയാണ്​ ഇവർ 26 രാജ്യങ്ങൾ സന്ദർശിച്ചത്​. ചേർത്തലയിൽനിന്നു കൊച്ചിയിലേക്കു താമസം മാറിയതോടെയാണ്​ യാത്രയും ഇവരുടെ ജീവിതത്തി​ന്‍റെ ഭാഗമായത്​. 2007ലായിരുന്നു ഇവരുടെ ആദ്യവിദേശയാത്ര. ഫറവോകളുടെ നാടായ ഈജിപ്തിലേക്കായിരുന്നുവത്​. അമേരിക്കയും സ്വിറ്റ്​സർലാൻഡും ജർമനിയും ബ്രസീലും സിംഗപ്പൂരിലുമെല്ലാം ഇവർ സന്ദർശിച്ചിട്ടുണ്ട്​.

കോവിഡിന്​ മുമ്പ്​ ചായക്കടയിലെ വരുമാനത്തിൽ നിന്നും ദിവസവും 300 രൂപയോളം ഇവർ യാത്രക്കായി മാറ്റിവെക്കും. അങ്ങനെ മാറ്റിവെച്ച പണത്തിനെപ്പം വീണ്ടും ആവശ്യം വരുന്ന തുക ബാങ്കിൽനിന്നും ലോൺ എടുക്കും. ഇങ്ങനെയായിരുന്നു യാത്രകൾ സാധ്യമാക്കിയത്​. ശ്രീ ബാലാജി കോഫി ഹൗസിന്റെ ചുവരുകൾ നിറയെ ഇവർ സന്ദർശിച്ച രാജ്യങ്ങളുടെ ചിത്രങ്ങളാണ്.

വിജയന്‍റെ മരണത്തിൽ ടൂറിസം മന്ത്രി മുഹമ്മദ്​ റിയാസ്​ അനുശോചനം രേഖപ്പെടുത്തി. 

'ചായക്കട നടത്തി ലോകം മുഴുവൻ സഞ്ചരിച്ച വിജയേട്ടൻ അന്തരിച്ചു. അദ്ദേഹത്തിന്‍റെ വിയോഗം ഞെട്ടലോടെയാണ് കേട്ടത്. ഇനിയും ഒരുപാട് സ്വപ്നങ്ങൾ ഈ സഞ്ചാരി മനസ്സിൽ സൂക്ഷിച്ചിരുന്നു.

സെപ്റ്റംബർ 30ന് എറണാകുളം ഗാന്ധി നഗറിലെ ചായക്കട സന്ദർശിച്ചപ്പോൾ അദ്ദേഹത്തോട് ഏറെനേരം സംസാരിച്ചിരുന്നു. ചായക്കട നടത്തി കിട്ടുന്ന വരുമാനം കൊണ്ട് 25 ലോക രാജ്യങ്ങൾ സഞ്ചരിച്ച വിജയേട്ടനും മോഹനാമ്മയും റഷ്യയിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു അപ്പോൾ. മധുരമേറിയ യാത്രാനുഭവങ്ങളും രുചികരമായ ഭക്ഷണവും നൽകിയാണ് അവർ സ്വീകരിച്ചത്.

ഒട്ടേറെ യാത്രാനുഭവങ്ങൾ പങ്കുവെച്ചു. കേരള ടൂറിസത്തിൽ നടപ്പിലാക്കേണ്ട ആശയങ്ങൾ ചർച്ച ചെയ്തു. റഷ്യൻ യാത്ര കഴിഞ്ഞ് വീണ്ടും കാണാമെന്നും ടൂറിസം രംഗത്തെ സംബന്ധിച്ച് കുറെയേറെ സംസാരിക്കാമെന്നും പറഞ്ഞാണ് അന്ന് പിരിഞ്ഞത്. പക്ഷേ..

പ്രിയപ്പെട്ട വിജയേട്ടന് ആദരാഞ്ജലികൾ..' - മന്ത്രി മുഹമ്മദ്​ റിയാസ്​ ഫേസ്​ബുക്കിൽ കുറിച്ചു.

കഴിഞ്ഞ സെപ്​റ്റംബർ 30ന്​​ ശ്രീ ബാലാജി കോഫി ഹൗസിലെത്തിയ ടൂറിസം മന്ത്രി മുഹമ്മദ്​ റിയാസ്​ (ഫയൽ ചിത്രം)

ചായക്കൊപ്പം ടൂറിസം ചിന്തകളും മന്ത്രിക്ക്​ പകർന്നുനൽകി വിജയനും മോഹനയും

കൊച്ചി: ''ആ ചായയടിക്കുന്നതിന​ുതന്നെ സ്വിറ്റ്​സർലാൻഡ്​ സ്​റ്റൈലുണ്ട്​'' -കെ.ആർ. വിജയൻ ചായയിടു​േമ്പാൾ ചുറ്റും ചിരിപടർത്തി ടൂറിസം മന്ത്രി മുഹമ്മദ്​ റിയാസി​െൻറ കമൻറ്​. എറണാകുളം എളംകുളം ഗാന്ധിനഗർ സലിംരാജൻ റോഡിലെ ശ്രീബാലാജി കോഫി ഹൗസിൽ എത്തിയതാണ്​ മന്ത്രി.

14 വർഷത്തിനിടെ 25 രാജ്യങ്ങൾ സന്ദർശിച്ച വിജയനെയും ഭാര്യ മോഹനയെയും കണ്ട്​ ടൂറിസം മേഖലയിൽ വരുത്തേണ്ട മാറ്റങ്ങൾ ചർച്ച ചെയ്യുകയായിരുന്നു ലക്ഷ്യം. വ്യാഴാഴ്​ച രാവിലെ എത്തിയ മന്ത്രിയെ ചായയും ഉപ്പുമാവും പഴവും നൽകി ഇരുവരും സ്വീകരിച്ചു. കേരളത്തി​െൻറ ടൂറിസം വളർച്ചക്ക്​ ഏറ്റവ​ും അനിവാര്യമായി ​വേണ്ടത്​ ശുചിത്വമാണെന്ന്​ വിജയൻ അഭിപ്രായപ്പെട്ടു.

''ന്യൂസിലാൻഡിൽ 350 കിലോമീറ്ററോളം ഉൾനാടുകളിൽക്കൂടി സഞ്ചരിച്ചിട്ടുണ്ട്​. വളരെ ശുചിയായി സൂക്ഷിക്കുന്ന റോഡുകളാണ് അവിടെ​ കണ്ടത്​'' -അദ്ദേഹം വിവരിച്ചു.

അത്​ ശരിവെച്ച മന്ത്രി ടൂറിസ്​റ്റ്​ കേന്ദ്രങ്ങളിൽ മാത്രമല്ല, നാടാകെ ശുചീകരിക്കേണ്ടത്​ ഓരോ പൗര​െൻറയും ഉത്തരവാദിത്തമാണെന്ന്​ മറുപടി നൽകി​.​ ശുചിത്വബോധം വളർത്താൻ പദ്ധതികൾ നടപ്പാക്കുന്നുണ്ട്​. ഏറെ വിനയത്തോടെ വേണം സഞ്ചാരിക​െള സ്വീകരിക്കേണ്ടത്​.

ഒരു വിദേശസഞ്ചാരി വന്നാൽ പരമാവധി എങ്ങനെ ചൂഷണം ചെയ്യാം എന്നതിനുപകരം അതിഥിയെന്ന നിലയിൽ സ്വീകരിക്കുകയാണ്​ വേണ്ടത്​. ടൂറിസം പൊലീസിങ്​ പദ്ധതി ആലോചിക്കുന്നുണ്ട്​. കോളജുകളിലും സ്​കൂളുകളിലും ടൂറിസം ക്ലബുകൾ കൊണ്ടുവരും.

ഇതിനായി രണ്ട്​ സർവകലാശാലകളുമായി ചർച്ച നടത്തിയതായും മന്ത്രി അറിയിച്ചു. ജലഗതാഗതരംഗത്ത്​ ബോട്ടുകളുടെ എണ്ണം വർധിപ്പിക്കണമെന്നും വിജയൻ മന്ത്രിയോട്​ പറഞ്ഞു. തങ്ങളെ കാണാൻ മന്ത്രി വന്നതിൽ അഭിമാനമുണ്ടെന്ന്​ ഇരുവരും പ്രതികരിച്ചപ്പോൾ അടുത്ത യാത്രക്കായി റഷ്യയിലേക്ക്​ പോകുന്ന ഇരുവരോടും പോയി ഉഷാറായി വരുകയെന്ന ആശംസയും നൽകിയാണ്​ മന്ത്രി മടങ്ങിയത്​.

Tags:    
News Summary - Vijayan, who visited 26 countries by running a tea shop, has passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.