ഭാരത് മാതാ കീ ജയ് വിളിച്ചില്ലെങ്കില്‍

അധികാരം കിട്ടിയാല്‍ ബി.ജെ.പി ഉത്തരവാദിത്തത്തോടെ പെരുമാറുമെന്നും വര്‍ഗീയ അജണ്ടകള്‍  പിറകിലേക്ക് മാറ്റി കൂടുതല്‍ പിന്തുണയും സ്വീകാര്യതയും കിട്ടാന്‍ പരിശ്രമിക്കുമെന്നും വിശ്വസിച്ച ശുദ്ധാത്മാക്കള്‍ നാട്ടിലുണ്ടായിരുന്നു. നരേന്ദ്ര മോദി അധികാരത്തില്‍ വന്നിട്ട്  രണ്ടുവര്‍ഷം തികയുന്നേയുള്ളു.  ബി.ജെ.പി ഭരണത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുമുള്ള അത്തരം പ്രതീക്ഷകള്‍ ഇതിനകം അസ്തമിച്ചിട്ടുണ്ടാകും.   ഭരണം കിട്ടിയാല്‍ ഇക്കൂട്ടര്‍ കുറച്ചൊക്കെ നന്നാകുമെന്ന കണക്കുകൂട്ടല്‍ ബി.ജെ.പിയുടെ ആശയങ്ങളെ എതിര്‍ക്കുന്നവരിലും ഉണ്ടായിരുന്നു.  എന്തുകൊണ്ടാണ് അവര്‍ക്ക് തെറ്റിയത്? ആര്‍.എസ്.എസിന്‍െറ രാഷ്ട്രീയാവയവം മാത്രമാണ് ബി.ജെ.പിയെന്ന വസ്തുത അവര്‍  വേണ്ടത്ര ഉള്‍ക്കൊണ്ടിട്ടുണ്ടാവില്ല.  ആര്‍.എസ്.എസിന്‍െറ പദ്ധതി ഹിന്ദുരാഷ്ട്രമാണെന്നും നാസികളില്‍നിന്ന് പ്രചോദനം കിട്ടിയവരാണ് ഹിന്ദുത്വപദ്ധതി ആവിഷ്കരിച്ചതെന്നും തിരിച്ചറിഞ്ഞിരുന്നെങ്കില്‍ ഇത്തരം തെറ്റിദ്ധാരണ ഉണ്ടാകുമായിരുന്നില്ല. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക് വോട്ട് ചെയ്തവര്‍ ഇനിയെങ്കിലും മനസ്സിലാക്കണം, യഥാര്‍ഥത്തില്‍ അവര്‍ വോട്ടുചെയ്തത് ആര്‍.എസ്.എസിനായിരുന്നുവെന്ന്.

ആക്രമണോത്സുകമായ ഹിന്ദുത്വപരിപാടി ഇപ്പോള്‍ വന്നുനില്‍ക്കുന്നത് ഭാരത് മാതാ കീ ജയ് വിളിക്കാത്തവരെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്നതിലാണ്. ഭാരത് മാതാ കീ ജയ് വിളിക്കുന്നില്ളെങ്കില്‍ പാകിസ്താനിലാണ് സ്ഥാനം. ഏതെങ്കിലും ഒരു പ്രദേശത്ത് അവിവേകികളായ ചിലര്‍ ഉണ്ടാക്കുന്ന പുകിലുകളല്ല ഇതൊന്നും. ‘ഭാരത് മാതാ കീ ജയ്’ വിളിക്കാത്തവരുടെ സ്ഥാനം പാകിസ്താനിലാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തന്നെ പറഞ്ഞു. ഒച്ചപ്പാടായപ്പോള്‍ അല്‍പം മയപ്പെടുത്തി. വിളിക്കാത്തവര്‍ക്ക് വഞ്ചനാപരമായ ഉദ്ദേശ്യമാണെന്ന് ഫഡ്നാവിസ് വിശദീകരിച്ചു. കാര്യങ്ങള്‍ ഇവിടെയൊന്നും നില്‍ക്കുമെന്ന് തോന്നുന്നില്ല. ഗുജറാത്തില്‍ ഒരു സ്കൂളില്‍ പ്രവേശം തേടുന്നവര്‍ അപേക്ഷാ ഫോറത്തില്‍ ‘ഭാരത് മാതാ കീ ജയ്’ എന്ന് എഴുതണം.  നാളെ ഇത് ഗുജറാത്തിലെ മുഴുവന്‍ സ്കൂളിലും വരാം. അടുത്ത ഘട്ടത്തില്‍ ബി.ജെ.പി ഭരിക്കുന്ന മുഴുവന്‍ സംസ്ഥാനങ്ങളിലും ഈ നിബന്ധനയുണ്ടാകും. ഉര്‍ദു എഴുത്തുകാര്‍ ഗവേഷണത്തിനോ പുസ്തകരചനക്കോ സര്‍ക്കാറില്‍നിന്ന് സാമ്പത്തികസഹായത്തിന് അപേക്ഷിക്കുന്നുണ്ടെങ്കില്‍, ഇന്ത്യ ഗവണ്‍മെന്‍റിന്‍െറ നയത്തിനെതിരായി തങ്ങള്‍ ഒന്നും എഴുതുകയോ പ്രവര്‍ത്തിക്കുകയോ ഇല്ളെന്ന് ഒരു സത്യപ്രസ്താവന നല്‍കണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം നിഷ്കര്‍ഷിച്ചിരിക്കുന്നു. എന്തുകൊണ്ടാണ് ഉര്‍ദു എഴുത്തുകാര്‍ക്ക് മാത്രം ഈ നിബന്ധന? ഉര്‍ദു ഭാഷ കൈകാര്യം ചെയ്യുന്നവര്‍ മുഴുവന്‍ മുസ്ലിംകളാണെന്ന തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലായിരിക്കാം.  ജനാധിപത്യത്തില്‍ ഇതൊന്നും കേട്ടുകേള്‍വിയില്ലാത്തതാണ്. സര്‍ക്കാറിന്‍െറ നയത്തെ എതിര്‍ക്കാന്‍ എഴുത്തുകാര്‍ക്ക് അവകാശമില്ളേ? മുസ്ലിംകള്‍ക്ക് വിദ്യാലയങ്ങളില്‍ ചേരാനും ജോലി കിട്ടാനും റേഷന്‍ കാര്‍ഡിനും പാസ്പോര്‍ട്ടിനുമൊക്കെ ഇത്തരം നിബന്ധനകള്‍ വരില്ളെന്ന് എങ്ങനെ ഉറപ്പിക്കാനാകും?

ഉര്‍ദു എഴുത്തുകാരെ അവഹേളിക്കുന്ന നിബന്ധന വന്നപ്പോള്‍ പൊതുവില്‍ വലിയ പ്രതിഷേധമൊന്നും സാഹിത്യലോകത്ത് കണ്ടില്ല.  ബംഗളൂരുവില്‍ എഴുത്തുകാരനും നാടക-ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാഡിന്‍െറ നേതൃത്വത്തില്‍ നടന്ന പ്രതിഷേധമേ ശ്രദ്ധയില്‍ പെട്ടിട്ടുള്ളൂ.  എതിര്‍ശബ്ദം ഇല്ലാതാക്കാന്‍ ആക്രമണം, ഭയപ്പെടുത്തല്‍, പ്രീണനം എന്നിങ്ങനെയാണ് ആര്‍.എസ്.എസ് രീതികള്‍. ഭീഷണിക്ക് പെട്ടെന്ന് വഴങ്ങുന്ന വിഭാഗം എഴുത്തുകാരാണെന്ന് കേരളത്തിലെ അനുഭവംവെച്ച് പറയാമെന്ന് തോന്നുന്നു.  ആര്‍.എസ്.എസിന്‍െറ ഹിന്ദുത്വ പദ്ധതിക്കെതിരെ കേരളത്തിലെ എഴുത്തുകാരില്‍നിന്ന് ഉയരുന്ന ശബ്ദം വളരെ ദുര്‍ബലവും നേര്‍ത്തതുമല്ളേ?

‘ഭാരത് മാതാ കീ ജയ്’ വിളിക്കാത്തത് തെറ്റാണെന്നും വിളിക്കില്ളെന്ന് പറയുന്നത് ധിക്കാരമാണെന്നും കരുതുന്നവര്‍ ആര്‍.എസ്.എസിന്‍െറ ഹിന്ദുത്വപദ്ധതി അംഗീകരിക്കുന്നവര്‍ മാത്രമല്ല. പ്രശസ്ത കവിയും സംഗീതസംവിധായകനുമായ ജാവേദ് അക്തര്‍ രാജ്യസഭയില്‍ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞത്, ‘ഭാരത് മാതാ കീ ജയ്’ വിളിക്കുന്നത് ജനങ്ങളുടെ അവകാശമാണെന്നാണ്. ഹിന്ദുത്വ തീവ്രവാദത്തെ എന്ന പോലെ മുസ്ലിം തീവ്രവാദത്തെയും താന്‍ എതിര്‍ക്കുന്നുണ്ടെന്ന് തെളിയിക്കാനാകാം അദ്ദേഹം അങ്ങനെ പറഞ്ഞത്. ജാവേദ് അക്തറിനെപ്പോലെ മതനിരപേക്ഷ മനസ്സുള്ള കലാകാരന്മാരില്‍നിന്ന് ഇത്തരം പ്രസ്താവനകള്‍ വരുന്നത് ജനങ്ങളില്‍ വലിയ ആശയക്കുഴപ്പമുണ്ടാക്കും. ഇന്ത്യന്‍ ദേശീയത, ഹിന്ദുദേശീയതയായി മാറ്റാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നത് കാണാന്‍ കഴിയാത്തവര്‍ക്ക് മാത്രമേ അക്തറിനെപ്പോലെ നിസ്സാരമായി സംസാരിക്കാന്‍ കഴിയൂ.  ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തിലൂടെയാണ് ഇന്ത്യന്‍ദേശീയത രൂപപ്പെടുന്നത്.  ജാതിക്കും മതത്തിനും ഭാഷക്കും ദേശത്തിനും അതീതമായി ജനങ്ങള്‍ ഒന്നിച്ചുനിന്ന സമരം. ബഹുസ്വരതയില്‍ അധിഷ്ഠിതമാണ് ഇന്ത്യന്‍ ദേശീയത. തെളിച്ചുപറഞ്ഞാല്‍ ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും പാഴ്സികള്‍ക്കും ബുദ്ധര്‍ക്കും ജൈനര്‍ക്കും ഒരു മതവും ഇല്ലാത്തവര്‍ക്കും ഇവിടെ തുല്യാവകാശമുണ്ട്. അതാണ് ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നത്. ഈ ബഹുസ്വരത ആര്‍.എസ്.എസ് അംഗീകരിക്കുന്നില്ല. അതിനര്‍ഥം അവര്‍ നമ്മുടെ  ഭരണഘടന അംഗീകരിക്കുന്നില്ളെന്നാണ്.

ദീര്‍ഘകാലം ആര്‍.എസ്.എസിന്‍െറ സര്‍സംഘ്ചാലക് ആയിരുന്ന എം.എസ്. ഗോള്‍വല്‍ക്കറാണ് ആര്‍.എസ്.എസിന് ഹിന്ദുത്വത്തിന്‍െറ ആശയപദ്ധതി സമ്മാനിച്ചത്. ‘വി ഓര്‍ അവര്‍ നേഷന്‍ഹുഡ് ഡിഫൈന്‍ഡ്’ (1938) എന്ന ഗ്രന്ഥത്തില്‍ ആര്‍.എസ്.എസിന്‍െറ ഹിന്ദുരാഷ്ട്ര പദ്ധതി എന്താണെന്ന് അര്‍ഥശങ്കക്കിടയാക്കാത്തവിധം വിശദീകരിക്കുന്നുണ്ട്. ‘ഹിന്ദുവംശം, ഹിന്ദുമതം, ഹിന്ദു സംസ്കാരം, ഹിന്ദു ഭാഷ (സംസ്കൃതവും അതിന്‍െറ കൂടപ്പിറപ്പുകളും) ചേര്‍ന്നാല്‍ രാഷ്ട്രസങ്കല്‍പം പൂര്‍ത്തിയായി.  ഇതില്‍ പെടാത്തവര്‍ സ്വാഭാവികമായും ദേശീയ ജീവിതത്തിന് പുറത്താകും’ (പേജ് 99).
സവര്‍ണാധിപത്യത്തില്‍ അധിഷ്ഠിതമാണ് ആര്‍.എസ്.എസിന്‍െറ രാഷ്ട്രസങ്കല്‍പമെന്ന് സംസ്കൃത ഭാഷയെക്കുറിച്ച് പറയുന്നതില്‍നിന്ന് വ്യക്തമാകും. സംസ്കൃത കുടുംബത്തിലെ ഭാഷ സംസാരിക്കുന്നവര്‍ മാത്രമേ ഹിന്ദു രാഷ്ട്രത്തില്‍ ഉള്‍പ്പെടൂ.  ദ്രാവിഡ ഭാഷകളും ഗോത്ര ഭാഷകളും ഇതില്‍ നിന്ന് ഒഴിവാണ്.  ഹിന്ദി അടിച്ചേല്‍പിക്കാന്‍ സംഘ്പരിവാര്‍ ശ്രമിക്കുന്നതിന്‍െറ കാരണം ഇതില്‍നിന്ന് വ്യക്തം.  ആര്‍.എസ്.എസിന്‍െറ ഹിന്ദുരാഷ്ട്രത്തില്‍നിന്ന് ദലിതരും ഗോത്രവര്‍ഗക്കാരും പുറത്താണ്.

ഗോള്‍വല്‍ക്കര്‍ തുടരുന്നു: ‘ഹിന്ദുവംശത്തിലും ഹിന്ദുമതത്തിലും ഹിന്ദുസംസ്കാരത്തിലും ഹിന്ദുഭാഷയിലും (സംസ്കൃതം) പെടാത്തവര്‍ക്ക് ദേശീയ ജീവിതത്തില്‍ ഒരു സ്ഥാനവുമുണ്ടാകില്ല. അല്ളെങ്കില്‍ അവര്‍ അവരുടെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉപേക്ഷിച്ച് ഹിന്ദുമതവും സംസ്കാരവും ഭാഷയും സ്വീകരിക്കണം.  അവര്‍ അവരുടെ വംശീയവും മതപരവും സാംസ്കാരികവുമായ വ്യത്യാസങ്ങള്‍ നിലനിര്‍ത്തുകയാണെങ്കില്‍ അവരെ വിദേശികളായിട്ടേ കാണാന്‍ കഴിയൂ’ (അതേ പുസ്തകം, പേജ് 101). മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഹിന്ദുക്കളല്ലാത്തവരെല്ലാം (മുസ്ലിംകളും ക്രിസ്ത്യാനികളും സിഖുകാരും ജൈനരും ബുദ്ധരും അനവധി ഗോത്ര സമുദായങ്ങളുമെല്ലാം) ഹിന്ദുയിസം അംഗീകരിക്കുകയോ ഇവിടെ രണ്ടാം തരം പൗരന്മാരായി കഴിയുകയോ വേണം.  എതിര്‍ക്കുന്നവരോടെല്ലാം പാകിസ്താനില്‍ പോകാന്‍ പറയുന്നത് വെറും ഭ്രാന്തല്ളെന്ന് വ്യക്തം. ഐ.ഐ.ടികളിലും എന്‍.ഐ.ടികളിലും സംസ്കൃതം പഠിപ്പിക്കണമെന്ന് നിര്‍ദേശിച്ചതിന്‍െറ പൊരുള്‍ ഇപ്പോള്‍ പിടികിട്ടിയില്ളേ?

ഗോള്‍വല്‍ക്കര്‍ ഈ ഗ്രന്ഥം രചിക്കുന്നത് 1930കളിലാണ്. അഡോള്‍ഫ് ഹിറ്റ്ലറുടെ നേതൃത്വത്തില്‍ നാസികള്‍ ജര്‍മനിയില്‍ അധികാരത്തിലേക്ക് വരുന്ന സമയം. നാസികളുടെ ചെയ്തികള്‍ ഗോള്‍വല്‍ക്കറെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. പ്രത്യേകിച്ച് നാസികള്‍ ജൂതന്മാരോട് കാണിച്ച ക്രൂരതകള്‍. ഗോള്‍വാള്‍ക്കര്‍ തുറന്നുപറയുന്നു: ‘സെമിറ്റിക് വംശജരെ (ജൂതന്മാരെ) നിര്‍മാര്‍ജനം ചെയ്ത് ജര്‍മനി ലോകത്തെ അമ്പരപ്പിച്ചുകളഞ്ഞു. ഉയര്‍ന്ന വംശീയാഭിമാനം അവിടെ പ്രകടമായി. വ്യത്യസ്ത വംശങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും പരസ്പരം ഉള്‍ക്കൊള്ളുക തീര്‍ത്തും അസാധ്യമാണെന്ന് ജര്‍മനി കാണിച്ചുതന്നു. ഇത് ഹിന്ദുസ്ഥാന് നല്ളൊരു പാഠമാണ്. നേട്ടമുണ്ടാക്കാന്‍ കഴിയുന്ന പാഠം.’  ഹിന്ദുയിസം പുണരാത്തവര്‍ക്ക് പുറത്തുപോകാമെന്ന് ആര്‍.എസ്.എസ് പറയുന്നതിന്‍െറ അര്‍ഥം ഇതാണ്.  മുസ്ലിംകള്‍ക്കെതിരെ വര്‍ഗീയകലാപങ്ങള്‍ അഴിച്ചുവിടുന്നതിനു പിന്നില്‍ ഈ ആശയാടിത്തറയാണുള്ളത്. നാസികളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നവരില്‍നിന്ന് ജനാധിപത്യമോ മതനിരപേക്ഷതയോ പ്രതീക്ഷിക്കുന്നത് വങ്കത്തമല്ളെങ്കില്‍ മറ്റെന്താണ്?

കനയ്യകുമാറും ഉമര്‍ ഖാലിദും രോഹിത് വെമുലയും എങ്ങനെ ദേശദ്രോഹികളായെന്നും ജവഹര്‍ലാല്‍നെഹ്റു സര്‍വകലാശാലയും ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയും എങ്ങനെ ദേശദ്രോഹികളുടെ താവളമായെന്നും മനസ്സിലാകണമെങ്കില്‍ ഗോള്‍വല്‍ക്കറുടെ സിദ്ധാന്തം അറിയണം. ആ ചിന്തകളാണ് ആര്‍.എസ്.എസിന്‍െറ മാര്‍ഗനിര്‍ദേശകതത്ത്വങ്ങള്‍. ഭഗവദ്ഗീത ഇന്ത്യയുടെ ദേശീയ പുസ്തകമാക്കണമെന്ന് സുഷമസ്വരാജ് പറഞ്ഞില്ളേ? ഡോ. അംബേദ്കറുടെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയ ഇന്ത്യന്‍ ഭരണഘടനക്കുപകരം മനുസ്മൃതി ഭരണഘടനയാക്കണമെന്ന് വാദിക്കാന്‍ ആര്‍.എസ്.എസുകാര്‍ ധൈര്യം കാണിച്ചു. സ്വാതന്ത്ര്യം ലഭിച്ച ഉടനെ മുഖമാസിക ‘ഓര്‍ഗനൈസറി’ലൂടെയാണ് (ലക്കങ്ങള്‍: 1949 നവംബര്‍ 30, 1950 ജനുവരി 25) ആര്‍.എസ്.എസ് ഈ അഭിപ്രായം മുന്നോട്ടുവെച്ചത്. ദലിത് വിരുദ്ധ ജാതിവ്യവസ്ഥയും അങ്ങേയറ്റം സ്ത്രീവിരുദ്ധമായ കാഴ്ചപ്പാടും മുന്നോട്ടുവെക്കുന്ന മനുസ്മൃതിയുടെ കോപ്പി ഡോ. അംബേദ്കര്‍ പ്രതിഷേധ സൂചകമായി കത്തിച്ചത് ചരിത്രം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.