അകാലത്തില്‍ നിലച്ചുപോകുന്ന ജീവിതങ്ങള്‍

കശ്മീര്‍ താഴ്വരയില്‍ സാധാരണ നില പുന$സ്ഥാപിച്ചു; ജനരോഷം കെട്ടടങ്ങി’ തുടങ്ങിയ പ്രസ്താവനകള്‍ അതിശയോക്തിയും ഭോഷ്കും മാത്രമാണ്. വാസ്തവത്തില്‍ രോഷം വര്‍ധിതവീര്യത്തോടെ സംസ്ഥാനത്തെ ഉലയ്ക്കുന്നതായാണ് എനിക്ക് ബോധ്യപ്പെട്ടത്. ഹന്ദ്വാരയില്‍ നിരപരാധികളെ സൈന്യം വധിച്ചതും കൗമാരക്കാരിയെ പട്ടാളക്കാരന്‍ മാനഭംഗത്തിനിരയാക്കാന്‍ ശ്രമിച്ചതും ദുരൂഹമായ പല ചോദ്യങ്ങളും ബാക്കിനിര്‍ത്തുന്നു.
 മൊഴി മാറ്റാന്‍ പെണ്‍കുട്ടിക്കും കുടുംബത്തിനുമെതിരെ ഉയര്‍ന്ന സമ്മര്‍ദങ്ങള്‍, സംഭവം നിസ്സാരവത്കരിക്കാന്‍ നടത്തിയ കരുനീക്കങ്ങള്‍, രാഷ്ട്രീയമായ ഇടപെടലുകള്‍ തുടങ്ങിയവ ദൂഷിതവലയം സാധാരണ ജനജീവിതത്തെ ഞെരുക്കുന്നതിന്‍െറ പുതിയ സൂചനകളാണ്.  ജനങ്ങളുടെ അമര്‍ഷവും ആശങ്കകളും ദൂരീകരിക്കുന്നതിനുള്ള ഫലപ്രദമായ ശ്രമങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ ഭരണകര്‍ത്താക്കള്‍ പരാജയപ്പെടുകയും ചെയ്തു.
മെഹബൂബ മുഫ്തിയുടെ അധികാരാരോഹണം നേരിയ പ്രതീക്ഷകള്‍ ഉണര്‍ത്തിയിരുന്നു. പക്ഷേ, തങ്ങള്‍ കൂടുതല്‍ അന്യവത്കരിക്കപ്പെടുന്നു എന്ന അസ്വാസ്ഥ്യം മാത്രമാണ് മെഹബൂബ നയിക്കുന്ന പി.ഡി.പി-ബി.ജെ.പി മുന്നണി ഭരണം ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. വലതുപക്ഷ ശക്തികളുമായുള്ള പി.ഡി.പി ബാന്ധവത്തിനെതിരെ ജനങ്ങളില്‍ നേരത്തേതന്നെ അതൃപ്തി ഉടലെടുത്തിരുന്നു. കശ്മീരിലെ കാമ്പസുകളിലെ ഇപ്പോഴത്തെ അസ്വാസ്ഥ്യങ്ങള്‍ക്കു പിന്നില്‍ വലതുപക്ഷ ശക്തികളുടെ ഇടപെടല്‍ വ്യക്തമാണ്. എന്‍.ഐ.ടി ഉള്‍പ്പെടെയുള്ള ഉന്നത സ്ഥാപനങ്ങള്‍ താഴ്വരയില്‍നിന്ന് മാറ്റിസ്ഥാപിക്കുക എന്ന ഗൂഢോദ്ദേശ്യമാണ് അസ്വാസ്ഥ്യങ്ങള്‍ മൂര്‍ച്ഛിപ്പിക്കുന്നതിന് പിന്നില്‍.
യഥാര്‍ഥത്തില്‍ കശ്മീരിലെ തെരുവുകളിലും ഗ്രാമങ്ങളിലും വിറങ്ങലിച്ചുപോയ ജനജീവിതം കാണാന്‍ രാഷ്ട്രീയ നേതാക്കളോ ശീതീകൃത മുറികളിലിരിക്കുന്ന ഉദ്യോഗസ്ഥപ്രഭുക്കളോ എത്താറില്ല. സംഘര്‍ഷങ്ങളില്‍ ജീവിതോപാധികള്‍ തകര്‍ന്ന് നിസ്സഹായരായ പൗരജനങ്ങളുടെ ദുരിതങ്ങള്‍ ബോധ്യമാകണമെന്ന് ആഗ്രഹിക്കുന്നവര്‍ അവരോടൊപ്പം സഞ്ചരിക്കാന്‍ തയാറായേ മതിയാകൂ. സുതാര്യമല്ലാത്ത ഭരണം, നിഷേധിക്കപ്പെടുന്ന നീതി, തൊഴില്‍രാഹിത്യം, വിദ്യാര്‍ഥികള്‍ക്കിടയില്‍ പടരുന്ന അരക്ഷിതാവസ്ഥ... മറ്റൊരു സംസ്ഥാനവും അനുഭവിക്കാത്ത കടുത്ത പ്രതിസന്ധിയാണ് കശ്മീര്‍ ജനത അനുഭവിക്കുന്നത്.
പുസ്തകപ്പൊരുള്‍
നിതാന്ത സംഘര്‍ഷങ്ങള്‍ ശിഥിലമാക്കുന്ന മനുഷ്യജീവിതങ്ങള്‍ക്കിടയില്‍ ഒരുസംഘം കശ്മീരി സ്ത്രീകളുടെ അതിജീവനത്തിന്‍െറ കഥ പറയുന്ന കൃതിയാണ് ‘സീക്രട്ട് ഓഫ് കശ്മീര്‍.’ അമേരിക്കയില്‍ പ്രവാസജീവിതം നയിക്കുന്ന ഫര്‍ഹാന ഖാസിയുടെ ഏറ്റവും പുതിയ രചന. ഫര്‍ഹാനയുടെ ആമുഖ വാക്യങ്ങള്‍ ഉദ്ധരിക്കാം: കശ്മീരിലേക്കുള്ള എന്‍െറ പ്രഥമ യാത്രയില്‍ത്തന്നെ സംഘര്‍ഷം സ്ത്രീകളുടെ കണ്‍കോണിലൂടെ കാണാന്‍ ഞാന്‍ ശ്രമിക്കുകയുണ്ടായി. തുടര്‍യാത്രകളിലും ഞാന്‍ ഇതേ കാഴ്ചപ്പാടില്‍ പ്രശ്നത്തെ സമീപിച്ചു.
 ഗ്രാമങ്ങളിലും തെരുവുകളിലും കഴിയുന്ന സ്ത്രീകളുമായി നിരന്തര സമ്പര്‍ക്കത്തിലൂടെ ആക്രമണങ്ങളും പീഡനവും ജയില്‍വാസവും സൃഷ്ടിക്കുന്ന സംഭ്രാന്തിയുടെ ആഘാതങ്ങളുടെ വ്യാപ്തി എനിക്ക് മുന്നില്‍ ചുരുള്‍ നിവര്‍ന്നു. ജീവിതത്തെ അടിമുടി തിരുത്തിക്കുറിച്ച സംഭവങ്ങള്‍ വിതുമ്പലോടെ ആ സ്ത്രീകള്‍ പങ്കുവെച്ചു. തങ്ങളുടെ അവസ്ഥാ വിപര്യയങ്ങള്‍ പഠനവിധേയമാക്കാന്‍ അമേരിക്കയില്‍നിന്ന് എത്തിയതാണെന്ന് പറയവേ അവര്‍ സ്നേഹവായ്പോടെ എന്നെ ആലിംഗനം ചെയ്തു. മനോഹരമായ ഒരു ഭൂപ്രദേശം രക്തം വാര്‍ന്ന് മൃതപ്രായമായതിന്‍െറ നോവുകള്‍ ഇപ്പോഴും എന്‍െറ ഹൃദയഭിത്തികളെ മുറിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. രക്തസാക്ഷികളുടെ മാതാക്കള്‍, തീവ്രവാദികളുടെ പത്നിമാര്‍, തടവുകാരുടെ കുടുംബാംഗങ്ങള്‍, പ്രതിഷേധിക്കുന്ന സ്ത്രീകള്‍, രാഷ്ട്രീയ പ്രവര്‍ത്തകകള്‍...തുടങ്ങി ഭിന്നമേഖലയെ പ്രതിനിധാനം ചെയ്യുന്ന സ്ത്രീകളുടെ വ്യക്ത്യനുഭവങ്ങളുടെ ആവിഷ്കാരമാണ് ഈ പുസ്തകം. കശ്മീര്‍ സംഘര്‍ഷങ്ങള്‍ ആഴത്തില്‍ പഠനവിധേയമാക്കിയ ബ്രിട്ടീഷ് ഗ്രന്ഥകാരി വിക്ടോറിയ സ്കോഫീല്‍ഡ് അവതാരികയില്‍ പുസ്തകത്തോടൊപ്പം കശ്മീര്‍ ജനതയെയും വാഴ്ത്തുന്നു. ഫീനിക്സ് പക്ഷിയെപ്പോലെ ചാരക്കൂനയില്‍നിന്ന് കശ്മീര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന പ്രത്യാശയാണ് അവര്‍ പങ്കുവെക്കുന്നത്. കശ്മീരില്‍ ജനഹിത പരിശോധന നടത്താമെന്നതുള്‍പ്പെടെ നിരവധി വാഗ്ദാനങ്ങള്‍ നടപ്പാക്കപ്പെടാതെ പോയതാണ് ഇന്നും പുകയുന്ന പ്രശ്നങ്ങള്‍ക്കു പിന്നിലെ ഹേതുവെന്നും വിക്ടോറിയ ചൂണ്ടിക്കാട്ടുന്നു. സമാധാന സംഭാഷണങ്ങള്‍ പരാജയപ്പെടാനിടയാക്കുന്നതും ഇത്തരം അടിസ്ഥാന പ്രശ്നങ്ങള്‍ അവശേഷിക്കുന്നതുമൂലമാണ്. അതേസമയം, കശ്മീര്‍ തര്‍ക്കം പരിഹൃതമാകുമെന്ന ശുഭാപ്തിവിശ്വാസം വിക്ടോറിയ കൈവിടുന്നില്ല. പ്രകൃതി മനോഹാരിത ആസ്വദിച്ച് സ്വച്ഛജീവിതം നയിക്കുന്ന, ശാന്തി കളിയാടുന്ന ദേശമായി കശ്മീര്‍ വീണ്ടും അനുഗൃഹീതയാകുമെന്ന് അവര്‍ കരുതുന്നു.

*** ***
ഐഹിക സൗഖ്യത്തില്‍നിന്നുള്ള വിരക്തിയായിരുന്നു മുന്‍കാല സൂഫികളുടെ മുഖമുദ്ര. എന്നാല്‍, ഇക്കാലത്ത് സൂഫികളെന്ന് സ്വയം അവകാശപ്പെടുന്നവര്‍ കാട്ടുന്ന കോപ്രായങ്ങള്‍ കണ്ടാല്‍ അന്ത്യവിശ്രമം കൊള്ളുന്ന മുന്‍ സൂഫികള്‍ ഖബറിടങ്ങള്‍ വിട്ട് പുറത്തുകടന്നാലും അതിശയിക്കേണ്ടിവരില്ല.
ആദ്യം സംഘ്പരിവാരം സ്പോണ്‍സര്‍ചെയ്ത സൂഫി അന്താരാഷ്ട്ര സമ്മേളനമായിരുന്നു നമ്മെ അന്ധാളിപ്പിച്ചിരുന്നതെങ്കില്‍ രണ്ടാമതായി ഹൈദര്‍ കമാല്‍ അംറോനി സംഘടിപ്പിച്ച ‘സൂഫി ദര്‍ബാറാ’ണ് നമ്മെ അമ്പരപ്പിക്കുന്നത്. ഗസല്‍ ഗായിക അനിത സിങ്വ് അവതരിപ്പിച്ച സൂഫി പ്രകീര്‍ത്തനഗാനങ്ങള്‍ മാസ്മരികമായിരുന്നു. സദസ്സില്‍ കണ്ട രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യമായിരുന്നു കൂടുതല്‍ കൗതുകകരമായി അനുഭവപ്പെട്ടത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, പി. ചിദംബരം, അമര്‍ സിങ്, ദിഗ്വിജയ് സിങ്, സുബോധ് കാന്ത് സഹായ് തുടങ്ങി പ്രമുഖരുടെ ഒരുനിര സദസ്സില്‍ സ്ഥാനംപിടിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT