രോഷപ്പുകയില്‍ ഇടറുന്ന മോദി

ജാട്ട് സംവരണപ്രക്ഷോഭം കത്തുമ്പോള്‍, പതിദര്‍ സംവരണ സമരക്കാരന്‍ ഹാര്‍ദിക് പട്ടേല്‍ സൂറത്ത് ജയിലിലാണ്. മാസങ്ങളായിട്ടും പുറത്തിറങ്ങാന്‍ പാകത്തില്‍ കുരുക്കഴിഞ്ഞിട്ടില്ല. രാജ്യദ്രോഹമാണ് വിഷയം. ഗുജറാത്തിലെ പട്ടേല്‍-പതിദര്‍ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം ആവശ്യപ്പെട്ട് സമരം കത്തിക്കുന്നതിനിടയിലാണ് രാജ്യദ്രോഹം സംഭവിച്ചത്. ദേശീയപതാകയില്‍ ചവിട്ടി, സുരക്ഷാ ഏജന്‍സികളെ നേരിട്ടു എന്നിങ്ങനെ ജയിലിലടക്കാന്‍ പാകത്തില്‍ അപക്വമായ പലതും 23കാരന്‍ സമരത്തിനിടയില്‍ ചെയ്തെന്നാണ് പൊലീസ് കണ്ടത്തെിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, അദ്ദേഹം ഗുജറാത്ത് വിട്ട് ഡല്‍ഹിയിലത്തെിയപ്പോള്‍ മുഖ്യമന്ത്രിയായ ആനന്ദിബെന്‍ പട്ടേലിനെയും അപ്പാടെ വിഷമിപ്പിച്ച പ്രക്ഷോഭകാരി കൂട്ടിലടക്കപ്പെട്ടതോടെയാണ് പതിദര്‍-പട്ടേല്‍ പ്രക്ഷോഭം ഒന്നമര്‍ന്നത്. പക്ഷേ, തീ അണഞ്ഞിട്ടില്ല. രാജ്യദ്രോഹിയെന്ന നിലയില്‍ ഇനി ഹാര്‍ദിക് പട്ടേല്‍ പുറത്തിറങ്ങുന്നില്ളെന്നും, പ്രക്ഷോഭം ഉറക്കംകെടുത്തുകയില്ളെന്നും ഉറപ്പു വരുത്താനുള്ള പിന്നാമ്പുറനീക്കങ്ങള്‍ ഇപ്പോഴും നടക്കുന്നു.
ഹാര്‍ദിക് പട്ടേല്‍ രാജ്യദ്രോഹം ചെയ്തിട്ടില്ളെന്നോ, പട്ടേല്‍-പതിദര്‍ സംവരണസമരം ന്യായമാണെന്നോ ഇതില്‍നിന്ന് അര്‍ഥമാക്കേണ്ടതില്ല. വരട്ട് ദേശീയതാവാദങ്ങളുടെയും കപട ദേശസ്നേഹികളുടെയും കോലാഹലങ്ങള്‍ കലശലായ കാലത്ത് ഹാര്‍ദികിനോട് അലിവു തോന്നാന്‍പോലും പാടില്ല. എങ്കിലും ചെയ്ത തെറ്റിനേക്കാള്‍ വലുതാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ ചെറുപ്പക്കാരന്‍ അനുഭവിച്ചു വരുന്നതെന്നാണ് മനസ്സിലാവുന്നത്. അത്, ഭരണകൂടം നിശ്ചയിച്ചുറപ്പിച്ചതുവഴിയാണ്. പൊല്ലാപ്പുണ്ടാക്കിയവനെ ഒതുക്കാന്‍ വഴിയന്വേഷിച്ചവര്‍ക്ക്, ചെക്കന്‍തന്നെ വിഷയം സംഘടിപ്പിച്ചുകൊടുത്തു. പതിദരുടെ സംവരണത്തിന്‍െറ കാര്യമോ? ഗുജറാത്തില്‍ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ള കര്‍ഷക-വ്യവസായ സമൂഹമാണ് പട്ടേല്‍ സമുദായക്കാര്‍. എങ്കിലും മറ്റ് പിന്നാക്കവിഭാഗക്കാര്‍ക്കുള്ള (ഒ.ബി.സി) സംവരണാനുകൂല്യത്തില്‍ ഒരുപങ്കാണ് അവര്‍ ചോദിക്കുന്നത്. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള പൊതുസമൂഹത്തിന്‍െറ ഒരുകൈ സഹായമാണ് സംവരണം. അതില്‍ കൈയിട്ടുവാരാനാണ് ഹാര്‍ദികിനെ മുന്നില്‍നിര്‍ത്തി ഗുജറാത്തിലെ പട്ടേലന്മാര്‍ നോക്കിയത്.
ജാട്ടുകള്‍ നടത്തുന്ന ശ്രമവും അതുതന്നെ. സാമൂഹികമായി മേലേക്കിടയില്‍ നില്‍ക്കുന്നവരാണ് ജാട്ടുകള്‍. ഹരിയാനയില്‍ മാത്രമല്ല, യു.പിയിലും മധ്യപ്രദേശിലുമൊക്കെയായി ഒമ്പത് സംസ്ഥാനങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള കൂട്ടര്‍. പട്ടേലുമാര്‍ എന്നപോലെ, കൃഷിയും വ്യവസായവുമൊക്കെയായി മെച്ചപ്പെട്ട ധനസ്ഥിതിയുള്ളവര്‍. എന്നിട്ടും ഒ.ബി.സിക്കാരായി അംഗീകരിച്ചു കിട്ടാനുള്ള അവരുടെ ശ്രമം തുടങ്ങിയിട്ട് മൂന്നുനാലു പതിറ്റാണ്ടായി. അത് സാധിച്ചെടുക്കാനുള്ള അവരുടെ പുതിയ അക്രമങ്ങള്‍ക്കുമുന്നില്‍ കേന്ദ്ര-സംസ്ഥാന ബി.ജെ.പി സര്‍ക്കാറുകള്‍ പകച്ചുനില്‍ക്കുകയാണ്. പതിദരെ പട്ടേലുമാരില്‍നിന്ന് വേര്‍തിരിച്ചുകാട്ടാനും ഹാര്‍ദിക് പട്ടേലിനെ ഒറ്റപ്പെടുത്താനും ശ്രമിച്ച രീതിയില്‍ ഈ സംവരണ പ്രക്ഷോഭകരെ നേരിടാന്‍ പറ്റില്ല. വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ ജയപരാജയങ്ങള്‍ തീരുമാനിക്കാന്‍ കെല്‍പുള്ള ജാട്ടുകളെ പിണക്കാതെ പ്രശ്നം തീര്‍ത്തെടുക്കാനുള്ള ഉപായങ്ങളാണ് ചര്‍ച്ചചെയ്യപ്പെടുന്നത്.
ഗുജറാത്തിലെ സംവരണ പ്രക്ഷോഭത്തില്‍നിന്ന് ഹരിയാനയിലെ സംവരണപ്രക്ഷോഭം അങ്ങനെ വ്യത്യസ്തമായൊരു കൗതുകക്കാഴ്ച കൂടിയാകുന്നു. ഹാര്‍ദിക് പട്ടേലിനെ രാജ്യദ്രോഹം കൊണ്ട് ഒതുക്കിയെങ്കില്‍, ഹരിയാനയില്‍ ജാട്ട് പ്രക്ഷോഭകര്‍ മന്ത്രിയുടെയും ഐ.ജിയുടെയും വീട് കത്തിച്ചതോ, പൊലീസ് സ്റ്റേഷനും ജീപ്പും കത്തിച്ചതോ രാജ്യദ്രോഹമായി ആരും കാണുന്നില്ല. ക്രമസമാധാനനില തകര്‍ന്നിട്ടും, വോട്ട് ബാങ്കിനെ പിണക്കാത്ത അനങ്ങാപ്പാറനയമാണ് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിച്ചത്. പട്ടാളത്തെ ഇറക്കേണ്ടിവന്ന സാഹചര്യത്തിനിടയിലും, സംവരണാവശ്യം പരിഗണിക്കാമെന്ന സാന്ത്വനമാണ് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറും മറ്റും പ്രക്ഷോഭകര്‍ക്ക് നല്‍കുന്നത്. പുരകത്തുമ്പോഴും വോട്ട്ബാങ്കിനെ സന്തോഷിപ്പിച്ച് വാഴവെട്ടാനാണ് ഉന്നം. രാജസ്ഥാനില്‍ ഗുജ്ജറുകള്‍ നടത്തിയ സംവരണ പ്രക്ഷോഭത്തോടുള്ള സമീപനവും ഇങ്ങനെതന്നെയായിരുന്നു. നിലവിലെ ഒ.ബി.സി വിഭാഗക്കാര്‍ക്കുള്ള അവസരവും ആനുകൂല്യവും ചുരുങ്ങുക കൂടിയാണ് ഇത്തരം ഡിമാന്‍റുകള്‍ സാധിച്ചുകൊടുക്കുമ്പോള്‍ സംഭവിക്കുന്നതെന്ന കാതലായ പ്രശ്നവും പരിഗണിക്കപ്പെടുന്നില്ല.
നിലവില്‍ 27 ശതമാനമാണ് ഒ.ബി.സി സംവരണം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ സംവരണ ക്വോട്ട കൂടി ചേരുമ്പോള്‍ ഭരണഘടനാ വ്യവസ്ഥ പ്രകാരമുള്ള 50 ശതമാനം സംവരണത്തോതിന് അടുത്തത്തെി. വോട്ട് ബാങ്ക് രാഷ്ട്രീയം മുന്‍നിര്‍ത്തി കൂടുതല്‍ വിഭാഗങ്ങളെ ഒ.ബി.സി ലിസ്റ്റില്‍ പെടുത്താന്‍ മുമ്പ് വിവിധ സര്‍ക്കാറുകള്‍ ശ്രമംനടത്തിയതാണെങ്കിലും, ഭരണഘടനാവിരുദ്ധമായ നിയമനിര്‍മാണങ്ങള്‍ അംഗീകരിക്കാന്‍ സുപ്രീംകോടതി തയാറായില്ല. ജാട്ടുകളും ഗുജ്ജറുകളുമൊക്കെ ഒ.ബി.സി സംവരണ ലിസ്റ്റിന് പുറത്തുനില്‍ക്കുന്നതിന് ഇതാണ് കാരണം. 1999ല്‍ അന്നത്തെ പ്രധാനമന്ത്രി വാജ്പേയി രാജസ്ഥാനിലെ ജാട്ടുകള്‍ക്ക് ഒ.ബി.സി പദവി വാഗ്ദാനംചെയ്തതാണ്. രാജസ്ഥാനില്‍ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കൂടുതല്‍ സീറ്റ് കിട്ടാന്‍ അത് സഹായകമാവുകയുംചെയ്തു. പിന്നീട് മറ്റ് സംസ്ഥാനങ്ങളില്‍നിന്നും ഇതേ ആവശ്യമുയര്‍ന്നു. വാഗ്ദാനങ്ങള്‍ ഒഴുകി. യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് ഒമ്പതു സംസ്ഥാനങ്ങളിലെ ജാട്ട് വിഭാഗക്കാരെ ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതാണ്.പക്ഷേ, ഇതിനൊന്നും സുപ്രീംകോടതിയില്‍നിന്ന് അംഗീകാരം ലഭിച്ചില്ല. ഹരിയാനയിലെ രോഷം ഒതുക്കാന്‍ ജാട്ടുകളെ ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തി ഹരിയാന നിയമസഭ ബില്‍ പാസാക്കിയാലും അത് സുപ്രീംകോടതിയില്‍ അംഗീകരിക്കപ്പെടില്ളെന്ന് വ്യക്തമാണ്്. ജാതിയല്ല, സാമൂഹികമായ പിന്നാക്കാവസ്ഥയാണ് സംവരണത്തിന്‍െറ മാനദണ്ഡമെന്നാണ് നേരത്തെ കോടതി ചൂണ്ടിക്കാട്ടിയത്.
ഹരിയാനയില്‍ ജനസംഖ്യയുടെ 27 ശതമാനം ജാട്ടുകളാണ്. 90 നിയമസഭാ മണ്ഡലങ്ങളില്‍ മൂന്നിലൊന്നിലും ജാട്ടുകള്‍ക്കാണ് മേല്‍ക്കൈ. ജാട്ട് രാഷ്ട്രീയത്തിന്‍െറ തട്ടകത്തില്‍ അവരെ അവഗണിച്ച് ഒരു സര്‍ക്കാറിനും മുന്നോട്ടുപോകാനാവില്ല. പതിദര്‍ക്കും ജാട്ടുകള്‍ക്കും പിന്നാലെ ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിലെ പലിവല്‍ ബ്രാഹ്മണരും രാജസ്ഥാനിലെ ബ്രാഹ്മണരും സംവരണ പ്രക്ഷോഭത്തിന് ഒരുങ്ങുന്നുണ്ട്. സാമ്പത്തികസംവരണമാണ് ആവശ്യം. രാജസ്ഥാനിലെ ഗുജ്ജര്‍മാരുടെ പുതിയ ആവശ്യം ഒ.ബി.സി പദവിയല്ല, ആദിവാസി പദവിയാണ്. തെരഞ്ഞെടുപ്പുകാലത്ത് ബി.ജെ.പിയില്‍നിന്ന് കിട്ടിയ വാഗ്ദാന വായ്ത്താരികളുടെ ചുവടുപിടിച്ചാണ് സമരപ്പുറപ്പാട്. ഇന്നിപ്പോള്‍ ബി.ജെ.പിക്ക് ദേശീയതലത്തില്‍തന്നെ തീരുമാനമെടുക്കേണ്ട വിഷയമാണ് സംവരണം. സര്‍ക്കാര്‍ ഏതു തീരുമാനിച്ചാലും കോടതിയില്‍ അംഗീകാരിച്ചുകിട്ടണമെന്ന പ്രശ്നം ബാക്കി.
പ്രതീക്ഷയര്‍പ്പിച്ച വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാറും വിവിധ ബി.ജെ.പി സര്‍ക്കാറുകളും അനഭിമതരായി മാറുന്നുവെന്നാണ് സംവരണസമരങ്ങളുടെ ആകത്തെുക. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ യുവാക്കളുടെ അഭിലാഷമെന്ന നിലയിലാണ് തെരഞ്ഞെടുപ്പ് കാലത്ത് വിശേഷിപ്പിക്കപ്പെട്ടത്. എന്നാല്‍ ഇന്ന് യുവാക്കളുടെ കേന്ദ്രങ്ങളായ കലാലയങ്ങള്‍ അമര്‍ഷകൂടാരങ്ങളായിരിക്കുന്നു. രോഹിത് വെമുലയും കനയ്യ കുമാറുമെല്ലാം ബി.ജെ.പിയെ വേവിക്കുന്ന കനലുകളാണിന്ന്. വിവിധ ജാതിവിഭാഗങ്ങളെ ഹൈന്ദവതയുടെ ഒറ്റച്ചരടില്‍ കോര്‍ത്തെടുത്ത തെരഞ്ഞെടുപ്പ് അതിശയത്തെക്കുറിച്ച് ബി.ജെ.പി നേതാക്കള്‍ വാചാലരായിരുന്നു. എന്നാല്‍ ഇടക്കാലത്തെ അപഭ്രംശത്തിനപ്പുറം, ബി.ജെ.പിയില്‍ നിന്ന് വിവിധ ജാതിവിഭാഗങ്ങള്‍ അകന്നു മാറുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പിലും പട്ടേല്‍, ജാട്ട് സംവരണപ്രക്ഷോഭത്തിലുമെല്ലാം അതാണ് തെളിഞ്ഞുകാണുന്നത്. എണ്ണവില ഇടിയുമ്പോഴും കാര്‍ഷികോല്‍പന്നങ്ങള്‍ വിലത്തകര്‍ച്ച നേരിടുമ്പോഴും സര്‍ക്കാറിന്‍െറ സമാശ്വാസംകിട്ടാത്തതില്‍ സാധാരണക്കാരന്‍െറ രോഷം മറുവശത്ത്. വ്യവസായരംഗത്തെ ഉദാരീകരണ പ്രഖ്യാപനങ്ങള്‍ പ്രായോഗികതലത്തിലേക്ക് എത്താത്തതില്‍ വ്യവസായികളുടെ അമര്‍ഷം മറ്റൊന്ന്.
ഒറ്റക്ക് ഭൂരിപക്ഷം കിട്ടിയെന്നല്ലാതെ, സംഘ്പരിവാര്‍ അജണ്ടക്കപ്പുറം ഭരണ ദിശാബോധമോ, വെല്ലുവിളികള്‍ നേരിടാന്‍ കെല്‍പോ ഇല്ലാത്ത, വെറുപ്പിക്കല്‍ സര്‍ക്കാറെന്ന പ്രതിച്ഛായയാണ് ഇന്ന് മോദി സര്‍ക്കാറിന്. 20 മാസം കൊണ്ട് നരേന്ദ്രമോദിയുടെ താരമൂല്യം ഇടിഞ്ഞെന്ന സര്‍വേ ഫലങ്ങള്‍ ഇതിന്‍െറയെല്ലാം ബാക്കിയാണ്. അതൃപ്തിയുടെ സാമൂഹികാന്തരീക്ഷമാകട്ടെ, മോദിയുടെ മുന്നോട്ടുള്ള വഴി ഇരുളടഞ്ഞതാക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.