അംബേദ്കര്‍ ആശയങ്ങള്‍ കുറുവടികൊണ്ട് അളക്കാനാവില്ല

‘സ്വാര്‍ഥനും അധികാരമോഹിയും
ദേശവിരുദ്ധനുമായ വ്യക്തി...’
അരുണ്‍ ഷൂരി
(വര്‍ഷിപ്പിങ് ഫാള്‍സ് ഗോഡ്സ് എന്ന കൃതിയില്‍)
‘ഭരണഘടനയുടെ സഹായത്തോടെ നമ്മെ ഭരിക്കുന്നവര്‍ പണ്ട് നമ്മുടെ ചെരിപ്പ് തുടച്ചിരുന്നവരാണ്. ഒരു കാലത്ത് നമുക്ക് അവരുടെയടുത്ത് ഇരിക്കാന്‍തന്നെ താല്‍പര്യമില്ലായിരുന്നു. ഇനിയിപ്പോള്‍ ഏതാനും വര്‍ഷത്തിനകം നമ്മുടെ കുട്ടികള്‍ അവരെ ‘ഹുസൂര്‍’ എന്ന് വിളിക്കേണ്ടി വരും’
-ബി.ജെ.പിയുടെ മഹിളാമോര്‍ച്ച ഉത്തര്‍പ്രദേശ് അധ്യക്ഷ മധുമിശ്ര ഒരു പൊതുവേദിയില്‍ പറഞ്ഞത്. ഈ രണ്ട് പ്രസ്താവനകളും വിദ്യാസമ്പന്നരും പൊതുസമൂഹവുമായി ഇഴുകിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരുമായ രണ്ട് വ്യക്തികള്‍, ഇന്ത്യ ഭരിക്കുന്ന ബി.ജെ.പിയുടെ ഉത്തരവാദപ്പെട്ട രണ്ട് നേതാക്കള്‍ നടത്തിയ പ്രസ്താവനയാണ്.

ബാബാ സാഹെബ് ഭീംറാവു അംബേദ്കര്‍ ഒരു വ്യക്തിയല്ല. ചരിത്രം തുടങ്ങുന്ന കാലഘട്ടം മുതല്‍ അവഗണനയും അനീതിയും അക്രമവും സഹിച്ച് ചരിത്രത്തിന്‍െറ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടവരുടെ നിശ്ശബ്ദവും എന്നാല്‍, തീവ്രവുമായ പ്രതികരണത്തിന്‍െറ ആള്‍രൂപമാണ്. എല്ലാവര്‍ക്കുമറിയുന്നതു പോലെ അംബേദ്കര്‍ ജീവിതത്തിലുടനീളം അപമാനവും അവഗണനയും സഹിച്ചാണ് ഉയരങ്ങളിലത്തെിയത്. മഹര്‍ വിഭാഗത്തില്‍ ജനിച്ചതുകൊണ്ടു മാത്രം, പഠനത്തില്‍ മികവുകാട്ടിയ അംബേദ്കര്‍ക്ക് ക്ളാസില്‍ മൂലയില്‍  ചാക്കിലിരുന്നു പഠിക്കേണ്ടിവന്നു. സ്കൂളിലെ പൊതുടാപ്പില്‍നിന്ന് വെള്ളം കുടിക്കാന്‍ സാധിച്ചില്ല. പ്രതികൂല സാഹചര്യങ്ങളുടെ തീവ്രതയിലും പഠനത്തില്‍ മികവ് കാട്ടിയതിന് വിശ്വപ്രസിദ്ധമായ കൊളംബിയ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ അംബേദ്കര്‍ ബറോഡ സിവില്‍ സര്‍വിസില്‍ ചേര്‍ന്നപ്പോഴും തൊട്ടുകൂടായ്മയ്ക്ക് ഇരയായി. ഓഫിസിലെ ‘സവര്‍ണ’ ശിപായി ദൂരെനിന്ന് ഫയലുകള്‍ എറിഞ്ഞുകൊടുത്തു. അര്‍ഹിക്കുന്ന ബഹുമാനം ഒരിക്കല്‍പോലും അദ്ദേഹത്തിന് കിട്ടിയില്ല. കാരണം ഒന്നുമാത്രം, അദ്ദേഹം താഴ്ന്ന ജാതിക്കാരനായിരുന്നു.

മരിച്ച് അനേകം വര്‍ഷങ്ങള്‍ കഴിഞ്ഞും ഡോ. അംബേദ്കര്‍ നിരന്തരം അപമാനിക്കപ്പെടുന്നു. പ്രവൃത്തികള്‍ക്കുപകരം വാക്കുകളിലൂടെ സവര്‍ണ മേധാവിത്വം, പ്രത്യേകിച്ചും സംഘ്പരിവാര്‍ ജാതിവെറിയും വിദ്വേഷവും ദിനംപ്രതി പ്രകടിപ്പിക്കുന്നു. അവര്‍ക്ക് അംബേദ്കര്‍ എന്ന ലോകാരാധ്യനും സവര്‍ണ സ്ത്രീയെ വിവാഹം ചെയ്തു എന്ന കാരണം കൊണ്ട് കൊലചെയ്യപ്പെട്ട ദലിത് യുവാവും ഇരകള്‍ മാത്രം. നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ദിവസം മുതല്‍ അകാരണമല്ലാത്ത ഒരു ഭീതി ഇന്ത്യയിലെ ദലിത്, ന്യൂനപക്ഷ സമൂഹത്തിനിടയില്‍ നിറയുന്നുണ്ട്. അത് അസ്ഥാനത്തല്ല എന്നുറപ്പു വരുത്തുന്നതായിരുന്നു ഓരോ ദിവസവും ദേശത്തിന്‍െറ വിവിധ കോണുകളില്‍ നിന്നുയര്‍ന്ന വാര്‍ത്തകള്‍. ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം, വിവിധ ജാതിയില്‍പെട്ടവര്‍ തമ്മില്‍ ഇഷ്ടപ്പെടാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യം, പൊതുവഴിയില്‍ കൂടി കടന്നുപോകാനുള്ള സ്വാതന്ത്ര്യം... അങ്ങനെ ഈ രാജ്യത്തിന്‍െറ ഭരണഘടന അനുവദിച്ചുതന്ന, നിയമം വഴി സംരക്ഷിക്കപ്പെട്ട എല്ലാ അവകാശങ്ങളും ഹനിക്കപ്പെട്ട് സ്വാതന്ത്ര്യപ്രകാശനം മരണത്തിലേക്കുള്ള ഇരുള്‍വഴിയായി മാറി കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍.

വര്‍ഗീയസംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് 600ഓളം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എരിതീയില്‍ എണ്ണ പകരുന്ന പോലെയാണ് തീവ്ര ഹിന്ദുത്വവാദികളുടെ പ്രസ്താവനകള്‍. ഇത്തരം വര്‍ഗീയവാദികളെക്കാളും മുന്നിലാണ് മോദിസര്‍ക്കാര്‍ വിവിധ സാംസ്കാരികസ്ഥാപനങ്ങളില്‍ നിയമിച്ച സംഘ്പരിവാര്‍ നോമിനികള്‍.കലാപ്രവര്‍ത്തനങ്ങള്‍ പരിപോഷിപ്പിക്കാനും കല-സാംസ്കാരിക-മാനവികവിജ്ഞാനീയശാഖകളില്‍ ഗുണപരമായ ഇടപെടലുകള്‍ നടത്താനുമായി 1985ല്‍ സ്ഥാപിതമായതാണ് ഇന്ദിരഗാന്ധി നാഷനല്‍ സെന്‍റര്‍ ഫോര്‍ ആര്‍ട്സ്. വിഖ്യാത കലാഗവേഷക ഡോ. കപില വാത്സ്യായനന്‍ നയിച്ച ഈ സ്ഥാപനം ലോകമെങ്ങും അറിയപ്പെട്ടത് അതിന്‍െറ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കൊപ്പമായിരുന്നു. എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഈ മഹദ്സ്ഥാപനം വാര്‍ത്തകളില്‍ നിറഞ്ഞത് പുതിയ അധ്യക്ഷനായ റാം ബഹദൂര്‍ റായി എന്ന സംഘ്പരിവാര്‍ നോമിനിയുടെ അംബേദ്കര്‍നിന്ദയിലൂടെയാണ്. ‘ഭരണഘടനാ രൂപവത്കരണത്തില്‍ അംബേദ്കറിന്‍െറ പങ്ക് വെറും കെട്ടുകഥയാണ്’ എന്നായിരുന്നു റായിയുടെ കണ്ടുപിടിത്തം!

കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ളിയുടെ ഉപദേശകനായി വൈസ്രോയി നിയമിച്ച മുന്‍ ബ്യൂറോക്രാറ്റായ ബി.എന്‍. റാവു തയാറാക്കിനല്‍കുന്ന രേഖകളിലെ ഭാഷയും വ്യാകരണവും തിരുത്തുക മാത്രമാണ് അംബേദ്കര്‍ ചെയ്തതെന്നും വിവിധ സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളിലെ കീഴുദ്യോഗസ്ഥര്‍ തയാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ മേലുദ്യോഗസ്ഥര്‍ മികച്ച ഭാഷയിലാക്കി നല്‍കുന്നയത്രയേ ഡോ. അംബേദ്കറും ചെയ്തുള്ളൂവെന്നാണ് റാം ബഹദൂര്‍ റായിയുടെ ‘നിരീക്ഷണം’ (ഒൗട്ട്ലുക്ക് വാരിക, 13.06.2016). ഇത്തരമൊരു പ്രസ്താവന നടത്താനും അത് വിശ്വസിക്കാനും ശരിയെന്നു വാദിക്കാനും സംഘ്പരിവാറിന്‍െറ വര്‍ണവെറിയിലുറച്ചുപോയ, ചരിത്രബോധത്തിന്‍െറ പ്രാഥമിക ലക്ഷണംപോലും കാണിക്കാത്ത വര്‍ഗീയ/വംശീയ വാദികള്‍ക്ക് മാത്രമേ സാധിക്കൂ. കലാസാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ ഒരു പ്രാവീണ്യവുമില്ലാത്ത ഒരാള്‍ എങ്ങനെ കലാഗവേഷണ സ്ഥാപനത്തിന്‍െറ തലപ്പത്ത് എത്തിപ്പറ്റി എന്നത് അദ്ദേഹത്തിന്‍െറതന്നെ വാക്കുകളിലെ വിദ്വേഷം വെളിവാക്കുന്നു.

‘കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ളിയില്‍ അംബേദ്കറോളം വ്യക്തതയോടെയും വേഗത്തിലും ശക്തമായ വാദങ്ങള്‍ കണിശതയോടെ അവതരിപ്പിക്കുന്നതിലും കഴിവുള്ളവര്‍ വേറെയുണ്ടായിരുന്നില്ളെന്നാണ് ഭരണഘടനാ ചരിത്രകാരന്‍ ഇന്ത്യന്‍ ഡോ. എം.വി. പൈലി നിരീക്ഷിക്കുന്നത്. ഡോ. പട്ടാഭി സീതാരാമയ്യ അംബേദ്കറിന്‍െറ സേവനങ്ങളെ വിശേഷിപ്പിച്ചത് ‘അതിദുഷ്കരമായ ചുമതല ഡോ. അംബേദ്കര്‍ നിര്‍വഹിച്ചത് തന്‍െറ ‘സ്റ്റീം റോളര്‍ ബുദ്ധിവൈഭവം’ ഉപയോഗപ്പെടുത്തിയാണ് എന്നാണ്. സഭാംഗമായ ടി. കൃഷ്ണമാചാരി അംബേദ്കറിന്‍െറ സംഭാവനകളെ അനുസ്മരിച്ചത് ആത്യന്തികമായി ഭരണഘടന രൂപവത്കരിക്കുന്ന ഉത്തരവാദിത്തം ഭംഗിയായി പൂര്‍ത്തീകരിച്ചതില്‍ കടപ്പാട് രേഖപ്പെടുത്തിയാണ്.

റാം ബഹദൂര്‍ റായി ദേശീയ ചരിത്രത്തെക്കുറിച്ച് അജ്ഞനായിരിക്കാം. എന്നാല്‍ അംബേദ്കറിന്‍െറ അസാധാരണ സംഭാവനകളെപ്പറ്റി അസത്യം പ്രചരിപ്പിക്കുന്നത് നിന്ദ്യമായ പ്രവൃത്തിയാണ്. 2016 മാര്‍ച്ച് 21 ന് പ്രധാനമന്ത്രി നടത്തിയ അംബേദ്കര്‍ സ്മാരകപ്രഭാഷണത്തില്‍ ഉടനീളം ഡോ. അംബേദ്കര്‍ പ്രശംസയും കോണ്‍ഗ്രസിനെതിരായ സ്ഥിരം ആരോപണങ്ങളുമായിരുന്നു. അതോടൊപ്പം ഡോ. അംബേദ്കറെ പ്രതിനിധാനം ചെയ്യുന്നത് തങ്ങളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സംഘ്പരിവാര്‍ ശ്രമവും തുടങ്ങി. അംബേദ്കര്‍ ജന്മവാര്‍ഷികത്തില്‍ ആര്‍.എസ്.എസ് മാധ്യമങ്ങളായ ‘പാഞ്ചജന്യ’യും ‘ഓര്‍ഗനൈസറു’ം പ്രത്യേക പതിപ്പുകള്‍ ഇറക്കി, സംഘ്പരിവാര്‍ ബുദ്ധിജീവിയായ കൃഷ്ണഗോപാല്‍ ബാബാ സാഹെബ് അംബേദ്കറും കെ.ബി. ഹെഡ്ഗേവാറും തമ്മില്‍ ആഴമേറിയ സൗഹാര്‍ദമായിരുന്നെന്ന്  അവകാശപ്പെട്ടു.

ലോക്സഭയില്‍ നടന്ന പ്രത്യേക ചര്‍ച്ചയിലുടനീളം ബി.ജെ.പി മന്ത്രിമാര്‍ അംബേദ്കറെ തങ്ങളുടേതാക്കാനുള്ള ശ്രമങ്ങള്‍ നടത്തി. പക്ഷേ, അവിടെയും സംഘ്പരിവാര്‍ അജണ്ട മറനീക്കി പുറത്തുവന്നു. ചര്‍ച്ചയുടെ ഒന്നാം ദിവസം രാജ്നാഥ് സിങ് പ്രസംഗിച്ചപ്പോള്‍ മതേതരത്വം എന്ന വാക്കിന് നിരോധം വേണമെന്നും, ഇന്ന് മതേതരത്വം എന്ന വാക്ക് ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും പറഞ്ഞു. എത്രയൊക്കെ ശ്രമിച്ചാലും സംഘ്പരിവാറിന്‍െറ മുഖംമൂടി മാത്രമായ ബി.ജെ.പി ക്ക് മതേതരത്വവും സ്വാതന്ത്ര്യവും ഒക്കെ അവരുടെ ഇടുങ്ങിയ വീക്ഷണകോണിനപ്പുറത്തേക്ക് കൊണ്ടുവരാനോ മനസ്സിലാക്കാനോ കഴിയില്ളെന്നും എത്ര ശ്രമിച്ചാലും അവര്‍ക്ക് അബേദ്കര്‍ എന്ന ധിഷണാശാലിയുടെ ചിന്തയുടെ ആകാശങ്ങള്‍ ദൂരത്തെന്നെയാകും എന്നും ഈ പ്രസംഗം വെളിവാക്കി. ‘ഞാന്‍ ബാബാ സാഹെബിന്‍െറ ഭക്തനാണ്’ എന്നു പ്രഖ്യാപിച്ച നരേന്ദ്ര മോദി, പ്രസ്താവനയില്‍ അല്‍പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ ഭരണഘടനാ ശില്‍പിയായ അബേദ്കറെ അപമാനിച്ച റാം ബഹദൂര്‍ റായിയെ പുറത്താക്കാനുള്ള ധൈര്യം കാണിക്കണം.

യു.എസ് കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചു: ‘ഞങ്ങളുടെ പൂര്‍വസൂരികള്‍, ജനാധിപത്യവും സ്വാതന്ത്ര്യവും സമത്വവും ആധാരമാക്കി, ആ മൂല്യങ്ങള്‍ ആത്മാവിലുള്‍ക്കൊണ്ട ഒരു ആധുനിക രാഷ്ട്രം സൃഷ്ടിച്ചു. അന്നവര്‍ ഉറപ്പുവരുത്തി, അവരുടെ പിന്‍ഗാമികളായ ഞങ്ങള്‍ പ്രഖ്യാതമായ നാനാത്വം പിന്തുടരുമെന്ന്...’ ‘ഇന്ന് ഇന്ത്യയിലെ ഓരോ  തെരുവും സ്ഥാപനവും സര്‍വമത സമഭാവനയിലും വൈവിധ്യങ്ങളുടെ സമന്വയത്തിലും മുഴുകി ജീവിക്കുന്നു...’
ടെലിപ്രോംപ്റ്ററില്‍ തെളിഞ്ഞുവരുന്ന വാക്കുകള്‍ മെയ്വഴക്കത്തോടെ പ്രധാനമന്ത്രി അവതരിപ്പിക്കുമ്പോള്‍, ഇന്ത്യയില്‍, സാധ്വി പ്രാചി ‘മുസ്ലിം മുക്ത ഭാരതം’ എന്ന ‘മഹനീയ ലക്ഷ്യം’ നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്ന സന്ദേശം നല്‍കുകയായിരുന്നു. ലോകമെങ്ങും ചെന്ന് ഇന്ത്യയുടെ മഹനീയതയും വൈവിധ്യങ്ങളിലെ ഏകത്വവും മതേതരത്വവും വിവരിക്കുന്ന മോദി ഒരു കാര്യം വിസ്മരിക്കുന്നു, അദ്ദേഹം വിവരിച്ച ഓരോ സവിശേഷതയും ഈ ദേശത്തിന്‍െറ ക്രാന്തദര്‍ശികളായ നേതാക്കന്മാര്‍, ഗാന്ധിയും നെഹ്റുവും ആസാദും അംബേദ്കറും അവരുടെ ഉന്നതശീര്‍ഷമായ മൂല്യങ്ങള്‍ പകര്‍ന്ന് രൂപപ്പെടുത്തിയതാണ്. ഈ മഹത്തുക്കളുടെ ആശയങ്ങള്‍ കുറുവടികൊണ്ട് അളന്നാല്‍ തീരില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.