വിവാദം പഠിക്കുന്ന വിദ്യാഭ്യാസം 

കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം നിലവില്‍വന്നതിന് പിന്നാലെയാണ് യു.ഡി.എഫ് സര്‍ക്കാര്‍ വന്നത്. ഇത് നടപ്പാക്കുക വെല്ലുവിളി തന്നെയായി. പല വ്യവസ്ഥകളും കണ്ടില്ളെന്ന് നടിക്കുകയും  ചിലത്, ഉത്തരവില്‍ ഒതുക്കുകയുമായിരുന്നു. അഞ്ചാം ക്ളാസ് എല്‍.പിയിലേക്കും എട്ടാം ക്ളാസ് യു.പിയിലേക്കും മാറ്റാനുള്ള വ്യവസ്ഥ സാങ്കല്‍പികമായി മാത്രം നടപ്പാക്കി. അധ്യാപക, വിദ്യാര്‍ഥി അനുപാതം പുന$ക്രമീകരിക്കാന്‍ ഇപ്പോഴും ആയിട്ടുമില്ല. അധ്യാപക പാക്കേജ് അനിശ്ചിതത്വത്തിലായത് ഈ അനുപാത തര്‍ക്കത്തിലായിരുന്നു.  
തൊട്ടാല്‍ വിവാദം എന്ന നിലയിലാണ് വകുപ്പിലെ കാര്യങ്ങള്‍. അക്കൂട്ടത്തില്‍ ഏറെ നാണക്കേടുണ്ടാക്കിയത് 2014 -15ലെ എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം. ചിലരുടെ വീഴ്ചയില്‍ നാലര ലക്ഷത്തിലധികം വരുന്ന വിദ്യാര്‍ഥികളും കുടുംബവും ആശങ്കയിലായി. ആദ്യം പ്രഖ്യാപിച്ച ഫലം മാറ്റി പ്രസിദ്ധീകരിക്കേണ്ടിയും വന്നു. കുറ്റക്കാര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് വരെയേ അച്ചടക്കനടപടി പോയുള്ളൂ. 
പാഠപുസ്തക അച്ചടി വൈകിയതാണ് അടുത്തത്. എല്ലാം കഴിഞ്ഞ് പുസ്തകം വിതരണം പൂര്‍ത്തിയായപ്പോഴേക്കും സ്കൂളുകള്‍ക്ക് ഓണാവധി. സൗജന്യ യൂനിഫോം വിതരണത്തിനുള്ള കരാര്‍ കേന്ദ്രപൊതുമേഖലാ സ്ഥാപനത്തെ ഒഴിവാക്കി സ്വകാര്യകമ്പനിക്ക് നല്‍കാനുള്ള നീക്കവും വിഷയമായി. പുതിയ ഹയര്‍സെക്കന്‍ഡറി സ്കൂളുകളും ബാച്ചുകളും അനുവദിക്കാനുള്ള തീരുമാനം കോഴ ആരോപണത്തിലും കോടതി ഇടപെടലിലും എത്തി. മന്ത്രിസഭാ ഉപസമിതിയുടെ പട്ടിക കോടതി തടഞ്ഞു. പകരം ഡയറക്ടറുടെ പട്ടിക പ്രകാരം നടപടിക്കു നിര്‍ബന്ധിതമായി. വടക്കന്‍ ജില്ലകളില്‍ പ്ളസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാനുള്ള ശ്രമം മന്ത്രിസഭാ ഉപസമിതിയുടെ നടപടിയില്‍ തകിടംമറിഞ്ഞു.
സര്‍വകലാശാലകളിലെ ഏക അധ്യാപക തസ്തികകളില്‍ സംവരണം പാടില്ളെന്ന നിലപാട് തിരുത്തി നിയമനിര്‍മാണം നടത്തി. പഠനവകുപ്പ് അടിസ്ഥാനത്തില്‍ സംവരണക്രമം നിശ്ചയിക്കുന്നതൊഴിവാക്കി ഒരേതരം അധ്യാപക തസ്തികകളെ ഒന്നിച്ച് പൂള്‍ ചെയ്ത് സംവരണം പാലിക്കുന്ന രീതി നടപ്പാക്കാനും തീരുമാനിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പെരുമാറ്റച്ചട്ടം നിലവില്‍വന്ന ശേഷം വന്ന ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റ പട്ടിക ആ മേഖലയെയാകെ കുളമാക്കി. ഹൈകോടതിയും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും ക്രമക്കേടുകള്‍ തിരുത്തിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്.
പ്രഖ്യാപിച്ച് നടപ്പാക്കുകയോ തുടക്കമിടുകയോ ചെയ്ത ഒട്ടേറെ പദ്ധതികള്‍ ഉണ്ടായെങ്കിലും വിവാദങ്ങളാണ് നിറഞ്ഞുനിന്നത്. പൊതുവിദ്യാഭ്യാസ മേഖലയെ ദുര്‍ബലപ്പെടുത്തുന്നുവെന്ന ആക്ഷേപങ്ങളും ഉയര്‍ന്നു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍  22 സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ തുറന്നതില്‍  ഒന്ന് എയ്ഡഡ് മേഖലയിലാണ്. സര്‍ക്കാര്‍/ എയ്ഡഡ് കോളജുകള്‍ ഇല്ലാത്തിടത്ത് 24 സര്‍ക്കാര്‍ കോളജുകളാണ് വേണ്ടിയിരുന്നത്. ഇതില്‍ 22 ഇടങ്ങളില്‍ നടപ്പാക്കാനായി. സര്‍ക്കാര്‍/ എയ്ഡഡ് കോളജുകളില്‍ പുതിയ കോഴ്സുകളും  അനുവദിച്ചു. 320 പുതിയ കോഴ്സുകളാണ്  അനുവദിച്ചത്. 

അഴിക്കുംതോറും മുറുകുന്ന അധ്യാപക പാക്കേജ്
സര്‍ക്കാര്‍ വന്ന് വൈകാതെ പ്രഖ്യാപിച്ചതാണ്  അധ്യാപക പാക്കേജും അധ്യാപക ബാങ്കും. ജോലിയും ശമ്പളവും ഇല്ലാതായ അധ്യാപകര്‍ക്ക് ജോലിസുരക്ഷ ഉറപ്പാക്കാനായിരുന്നു ഇത്. അധികമെന്ന് കണ്ടത്തെുന്നവരെ എസ്.എസ്.എ, ആര്‍.എം.എസ്.എ പദ്ധതികളില്‍ ക്ളസ്റ്റര്‍ പരിശീലകരായും അധ്യാപകരായും നിയമിക്കാനായിരുന്നു വ്യവസ്ഥ. വിദ്യാഭ്യാസ അവകാശനിയമ പ്രകാരം അനുപാതം ക്രമീകരിച്ചതോടെ പാക്കേജ് ഉത്തരവുകള്‍ക്ക് കോടതിയില്‍ നിലനില്‍പില്ലാതായി. ജനുവരിയില്‍ അന്തിമ ഉത്തരവ് ഇറങ്ങി. ഇനിയും കോടതി കയറിയാല്‍ നടപ്പാക്കാനാകാത്ത പദ്ധതിയായി പാക്കേജ് മാറും.

സര്‍വകലാശാലകള്‍/ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍
തിരൂരിലെ മലയാള സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല എന്നിവയും പാലക്കാട് ഐ.ഐ.ടിയും യാഥാര്‍ഥ്യമായി. കോട്ടക്കലില്‍ ആയുര്‍വേദ സര്‍വകലാശാല ചര്‍ച്ചകളില്‍ നില്‍ക്കുന്നു. അന്താരാഷ്ട്ര അറബിക് സര്‍വകലാശാലക്കുള്ള ശ്രമങ്ങള്‍ മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അട്ടിമറിച്ചു. ചീഫ് സെക്രട്ടറിയും ഉന്നത വിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറിയും ഇതില്‍ രേഖപ്പെടുത്തിയ പരാമര്‍ശങ്ങള്‍ സര്‍ക്കാറിന്‍െറ കഴിവുകേടായി വിലയിരുത്തപ്പെട്ടു. പൊലീസ് സയന്‍സ് ആന്‍ഡ് സെക്യൂരിറ്റി സ്റ്റഡീസ് സര്‍വകലാശാല സ്ഥാപിക്കാനുള്ള നീക്കവും  മുന്നോട്ടുപോയില്ല. സ്വകാര്യ സര്‍വകലാശാലകള്‍ക്ക്  അനുമതി നല്‍കാനുള്ള റിപ്പോര്‍ട്ടിനെതിരെ മന്ത്രിതന്നെ രംഗത്തുവന്നു.‘ഇഫ്ളു’കാമ്പസ് തുടങ്ങാന്‍ കേന്ദ്രസര്‍ക്കാറില്‍ നിന്നോ ‘ഇഫ്ളു’വില്‍ നിന്നോ പിന്തുണകിട്ടിയില്ല. മലപ്പുറം പെരിന്തല്‍മണ്ണ ചേലാമലയില്‍ തുടങ്ങിയ അലീഗഢ് മുസ്ലിം സര്‍വകലാശാലയെ കേന്ദ്രവും അവഗണിക്കുകയാണ്. അനുവദിച്ച മൂന്ന് കോഴ്സുകള്‍ക്കപ്പുറം മലപ്പുറം കേന്ദ്രം വളരേണ്ടെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. പാലായില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കാമ്പസ് യാഥാര്‍ഥ്യമായി. 

സ്വയംഭരണ കോളജുകളും അക്കാദമിക് സിറ്റിയും
മികച്ച സര്‍ക്കാര്‍, എയ്ഡഡ് കോളജുകള്‍ക്ക് അക്കാദമിക സ്വയംഭരണം നല്‍കാനുള്ള തീരുമാനവും ദുബൈ മാതൃകയില്‍ അക്കാദമിക് സിറ്റിക്കുള്ള ചര്‍ച്ചകളും  വിവാദമായി. എട്ട് എയ്ഡഡ് കോളജുകളും എറണാകുളം മഹാരാജാസും സ്വയംഭരണപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. ദുബൈ മാതൃകയില്‍ ലോകത്തെ മുന്‍നിര സര്‍വകലാശാലകളുടെയും സാങ്കേതിക സ്ഥാപനങ്ങളുടെയും കാമ്പസുകള്‍ ഉള്‍ക്കൊള്ളുന്നതാണ് അക്കാദമിക് സിറ്റി. വിദേശ സര്‍വകലാശാലകള്‍ക്കും സ്വകാര്യ സര്‍വകലാശാലകള്‍ക്കും പ്രവേശമില്ലാത്ത നാട്ടില്‍ അക്കാദമിക് സിറ്റിയും പ്രത്യേക ഉന്നത വിദ്യാഭ്യാസ മേഖലയും നടക്കാത്ത സ്വപ്നങ്ങളാണെന്ന് ആഗോള വിദ്യാഭ്യാസസംഗമത്തോടെ ബോധ്യമായി. സംഗമത്തിനത്തെിയ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ്ചെയര്‍മാന്‍ ടി.പി. ശ്രീനിവാസനെ എസ്.എഫ്.ഐ നേതാവ് മുഖത്തടിച്ച് വീഴ്ത്തിയത് ഇടതുപക്ഷത്തിന് അപമാനമായി. 

പഠനരംഗത്തെ നേട്ടങ്ങള്‍
അലീഗഢ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.പി.കെ. അബ്ദുല്‍ അസീസിന്‍െറ നേതൃത്വത്തിലുള്ള വിദഗ്ധസമിതി ശിപാര്‍ശയില്‍ ഒന്ന് മുതല്‍ പ്ളസ്ടു തലം വരെയുള്ള പാഠപുസ്തകങ്ങള്‍ പരിഷ്കരിച്ചു. ഐ.ടി അറ്റ് സ്കൂളിന്‍െറ സഹായത്തോടെ നടപ്പാക്കിയ ഡിജിറ്റല്‍ കൊളാബറേറ്റിവ് ടെക്സ്റ്റ് ബുക്കുകള്‍ മാറുന്ന കാലത്തിനനുസൃതമായ കാല്‍വെപ്പായി. വി.എച്ച്.എസ്.ഇ പാഠ്യപദ്ധതിയും പരിഷ്കരിച്ചു. എ.ഡി.ബി സഹായത്തോടെ ഹയര്‍സെക്കന്‍ഡറി, ഡിഗ്രി തലത്തില്‍ നടപ്പാക്കിയ ‘അസാപ്’ മികച്ച പദ്ധതികളിലൊന്നായിമാറി.

സാക്ഷരതാ മിഷന്‍
സമ്പൂര്‍ണ സാക്ഷരതയില്‍നിന്ന് സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസത്തിലേക്ക് കേരളം നടന്നത് സാക്ഷരതാ മിഷന്‍െറ  പ്രവര്‍ത്തനങ്ങളിലൂടെയാണ്. നാലാം ക്ളാസ് തുല്യത നേട്ടത്തിലൂടെയാണ് ഈ ഖ്യാതി നേടിയത്. പത്താംതരം തുല്യതക്ക് പുറമെ 12ാംതരം തുല്യത കോഴ്സ് തുടങ്ങാനുമായി.
എ.ഐ.പി സ്കൂളുകള്‍ക്ക് എയ്ഡഡ് പദവിന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളില്‍ കേന്ദ്ര സര്‍ക്കാറിന്‍െറ എരിയ ഇന്‍റന്‍സീവ് പദ്ധതിയില്‍ അനുവദിച്ച ആറ് ജില്ലകളിലെ 32 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കി. 

ചോദ്യചിഹ്നമായി അനാദായ സ്കൂളുകള്‍
ഒന്നാംക്ളാസില്‍ ചേരുന്ന കുട്ടികളുടെ  കുറവില്‍ പൊതുവിദ്യാലയങ്ങളുടെ പ്രതിസന്ധി തുടരുന്നു. ഇതോടെ അധ്യാപകര്‍ ജോലിയില്ലാതെ ശമ്പളം പറ്റുന്ന അവസ്ഥ. 3600 ലധികം സ്കൂളുകളില്‍ 60ല്‍ താഴെ കുട്ടികളാണുള്ളത്. ഒരാള്‍ പോലുമില്ലാത്തവയും ഇക്കൂട്ടത്തിലുണ്ട്. അണ്‍എയ്ഡഡ് സ്കൂളുകളും ഈ അവസ്ഥക്ക് പ്രധാന പങ്കുവഹിച്ചു. പൊതുവിദ്യാലയങ്ങളിലെ ഭൗതികസാഹചര്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കൊപ്പം  വിപരീതഫലം ചെയ്യുന്ന നടപടികളുമുണ്ടായി. 555 സി.ബി.എസ്.ഇ സ്കൂളുകള്‍ക്കാണ് എന്‍.ഒ.സി നല്‍കിയത്. അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ച 396 സ്കൂളുകള്‍ക്ക് അംഗീകാരവും നല്‍കി. പൊതുവിദ്യാലയ സംരക്ഷണത്തിനുള്ള ഫോക്കസ് പദ്ധതി ഗുണംചെയ്തില്ല. 
കോഴിക്കോട് മലാപറമ്പ്  സ്കൂള്‍ ഇടിച്ചുനിരത്തിയ മാനേജ്മെന്‍റ് നിലപാടിനെതിരെ ജനകീയ പ്രതിരോധം ഉയരുന്നതും പകരം സ്കൂള്‍ ഉയരുന്നതും കണ്ടു. തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ ഗവ. സ്കൂള്‍ ഇടിച്ചുനിരത്തി ബസ്സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ളക്സ് പണിയാനുള്ള കടലാസുപണികള്‍ നടത്തുന്നത് ഡി.പി.ഐ കസേര വിട്ട് കലക്ടറായ വ്യക്തിയാണ്.

സ്വാശ്രയക്കാര്‍ക്കുവേണ്ടി വിട്ടുവീഴ്ച
സ്വാശ്രയകോളജുകള്‍ക്ക് വേണ്ടി മെഡിക്കല്‍/എന്‍ജിനീയറിങ് പ്രവേശപരീക്ഷയില്‍ മിനിമം മാര്‍ക്ക് എടുത്തുകളയാനുള്ള തീരുമാനം വിമര്‍ശങ്ങളെ തുടര്‍ന്ന് പിന്‍വലിച്ചു. എന്‍ജി.കോളജുകളില്‍ ആയിരക്കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥക്ക് മാറ്റമുണ്ടായില്ല. സ്വാശ്രയ എന്‍ജി. പ്രവേശത്തില്‍ കാര്യമായ പ്രശ്നങ്ങളുണ്ടായില്ല. സ്വാശ്രയ മെഡിക്കല്‍ പ്രവേശം വിവാദങ്ങളിലായി. കൂടുതല്‍ കോളജുകള്‍ ന്യൂനപക്ഷപദവി നേടി സ്വന്തം പ്രവേശവുമായി മുന്നോട്ടുപോയപ്പോള്‍ ആരോഗ്യവകുപ്പ് നോക്കുകുത്തിയായി. ഇതുവഴി മെറിറ്റ് സീറ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.

നാളെ: മദ്യവിമുക്തിയിലേക്കുള്ള യാത്ര; അടിസ്ഥാന സൗകര്യവികസനത്തിലേക്കും

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.