വിദേശത്തേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന ദൗത്യം കേരള സര്‍ക്കാറിന് കീഴിലുള്ളതടക്കം മൂന്ന് ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ഏല്‍പിച്ചത് കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ്. അതനുസരിച്ച് 18  ഇ.സി.എന്‍.ആര്‍ രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ നഴ്സുമാരുടെ നിയമനത്തിന് പ്രൊട്ടക്റ്റര്‍ ഓഫ് എമിഗ്രന്‍റ്സ് ഓഫിസുകളില്‍നിന്ന് എമിഗ്രേഷന്‍ ക്ളിയറന്‍സ് വാങ്ങിയിരിക്കണം. ഈ ഉത്തരവിന്‍െറ മുന്നോടിയായി കേരളത്തിലെ വിവിധ റിക്രൂട്ട്മെന്‍റ് ഓഫിസുകളില്‍ നടന്ന സി.ബി.ഐ റെയ്ഡുകളിലൂടെ, നഴ്സിങ് റിക്രൂട്ട്മെന്‍റുകളില്‍ കോടികളുടെ ഇടപാടുകള്‍ നടന്നതായി ബോധ്യമായി. ഇന്ത്യയില്‍ ഇപ്പോള്‍ സി.ബി.ഐ അന്വേഷണം നടക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്‍റ് തട്ടിപ്പിന് കളമൊരുക്കിയത് രണ്ടാം യു.പി.എ സര്‍ക്കാറിന്‍െറ പ്രവാസികാര്യ മന്ത്രാലയം ഇറക്കിയ സര്‍ക്കുലറാണ്. 2013ല്‍ ഇറങ്ങിയ ആ സര്‍ക്കുലര്‍ പ്രകാരം കുവൈത്തില്‍ തൊഴില്‍ തേടുന്നതിനുള്ള എമിഗ്രേഷന്‍ വിലക്ക് നീക്കി. അതോടെ അഭ്യസ്തവിദ്യരായ മെഡിക്കല്‍, പാരാമെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ റിക്രൂട്ട് ചെയ്യുന്നതിന് ഇന്ത്യന്‍ എംബസിയുടെ ഡിമാന്‍ഡ് ലെറ്ററും എംബസി അറ്റസ്റ്റേഷനും  ആവശ്യമല്ളെന്ന് വന്നു. റിക്രൂട്ട്മെന്‍റ് ഏജന്‍സികള്‍ ചോദിക്കുന്ന ലക്ഷങ്ങള്‍ നല്‍കിയാല്‍ മാത്രമേ വിദേശതൊഴില്‍ കിട്ടൂ എന്നുവന്നു. ‘ലേലത്തുക’ അഞ്ചു ലക്ഷത്തില്‍നിന്ന് 20-25 ലക്ഷത്തിലേക്കും പിന്നീട് 30 ലക്ഷത്തിലേക്കും ഉയര്‍ന്നു. സുരക്ഷിതവും മാന്യവുമായ ജോലിയും വേതനവും സ്വപ്നം കണ്ട് നഴ്സിങ് പഠിച്ചവരെ റിക്രൂട്ട്മെന്‍റ് മാഫിയ സംഘങ്ങള്‍ കെണിയില്‍ കൃത്യമായി വീഴ്ത്തുകയായിരുന്നു. പ്രവാസി മന്ത്രാലയത്തിന്‍െറ ഉത്തരവ് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രഥമദൃഷ്ട്യാ തോന്നുമെങ്കിലും  വലിയതോതിലുള്ള തട്ടിപ്പിന് ഇടനല്‍കുമെന്ന് പലരും അന്നുതന്നെ മന്ത്രാലയത്തിനും എംബസിക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു.  
കേരള സര്‍ക്കാറിന്‍െറ തളികയിലേക്ക് കേന്ദ്രം വെച്ചുനല്‍കിയതാണ് ഇപ്പോള്‍ നോര്‍ക്ക, ഒഡെപെക് എന്നിവ വഴിയുള്ള നഴ്സിങ് റിക്രൂട്ട്മെന്‍റ്. നഴ്സിങ് പഠിച്ചവര്‍ക്ക് നയാപൈസ ചെലവില്ലാതെ വിദേശത്ത് ജോലി ചെയ്യുന്നതിനുള്ള അവസരമാണ് ഇതുമൂലം കൈവന്നത്. എന്നാല്‍, ഈ തീരുമാനം വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്താന്‍ കേരള സര്‍ക്കാറോ ബന്ധപ്പെട്ട വകുപ്പോ സ്ഥാപനങ്ങളോ നാളിതുവരെ തയാറായിട്ടില്ല. ബന്ധപ്പെട്ട വകുപ്പിലെ മന്ത്രിയും വകുപ്പ് സെക്രട്ടറിമാരും ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചകള്‍ക്കെന്ന് പറഞ്ഞ് ഗള്‍ഫിലേക്ക് പറന്ന് വര്‍ഷം ഒന്നു കഴിഞ്ഞിട്ടും കേരളത്തില്‍നിന്ന് ഒരു നഴ്സിനെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും കുവൈത്തിലേക്ക് അയക്കാന്‍ കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളായ ഒഡെപെക്കിനോ നോര്‍ക്കക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ ചുമതല കിട്ടിയപ്പോള്‍ അവസരത്തിനൊത്തുയര്‍ന്ന് സത്യസന്ധമായി ഇടപെട്ടിരുന്നെങ്കില്‍ ഈ കാലയളവില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കു മാത്രം മൂവായിരത്തിനും നാലായിരത്തിനും ഇടയില്‍ നഴ്സുമാരെ റിക്രൂട്ട് ചെയ്യാമായിരുന്നു. അതിന് നടപടികള്‍ സ്വീകരിക്കുന്നതിനുപകരം മൂന്നു പ്രാവശ്യം കേരളത്തിന്‍െറ മുഖ്യമന്ത്രിയും സംഘവും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ കണ്ട് തീരുമാനം പിന്‍വലിക്കാനോ മരവിപ്പിക്കാനോ ശ്രമിക്കുന്നതാണ് കണ്ടത്. കുവൈത്തിലെ ആരോഗ്യമന്ത്രാലയത്തിലെ ഉന്നതാധികാര പ്രതിനിധികള്‍ പലവട്ടം ചര്‍ച്ചകള്‍ക്കായി തിരുവനന്തപുരത്ത് വരാന്‍ സന്നദ്ധത പ്രകടിപ്പിച്ച് സര്‍ക്കാറിനും എംബസിക്കും കത്തുകളയച്ചു.  ഓരോ പ്രാവശ്യവും ഓരോ തരം ഒഴികഴിവുകള്‍ പറഞ്ഞ് കേരളസര്‍ക്കാര്‍ വരവ് മുടക്കി. കഴിഞ്ഞ ഡിസംബര്‍ 18, 19 തീയതികളില്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ റിക്രൂട്ട്മെന്‍റ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി തിരുവനന്തപുരത്ത് എത്തുമെന്ന് വാര്‍ത്തയുണ്ടായെങ്കിലും അതും അട്ടിമറിക്കപ്പെട്ടു. പകരം കേരളത്തില്‍നിന്നു ‘നോര്‍ക്ക’ മന്ത്രി കെ.സി. ജോസഫ്, സെക്രട്ടറി റാണി ജോര്‍ജ്, സി.ഇ.ഒ ആര്‍.എസ്. കണ്ണന്‍ എന്നിവര്‍ കുവൈത്തിലത്തെി.
കേരളത്തിലെ ഒഡെപെക് സൗദി സര്‍ക്കാര്‍ അംഗീകരിച്ച  ഏജന്‍സിയാണ്. യു.എ.ഇയിലെ വിവിധ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലേക്ക് ഒഡെപെക് റിക്രൂട്ട്മെന്‍റ് നടത്തിവരുകയാണ്. സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് മാത്രം ഈടാക്കിയാണ് ഈ റിക്രൂട്ട്മെന്‍റുകള്‍. അതിനാല്‍ അവിടങ്ങളില്‍ റിക്രൂട്ട്മെന്‍റ് തട്ടിപ്പും നിയമന ചൂഷണവും ഇല്ളെന്നുതന്നെ പറയാം. ഇക്കാര്യത്തില്‍ കുവൈത്ത് വേറിട്ടു നില്‍ക്കുന്നു. ഗള്‍ഫിലെ ഒരു രാജ്യത്തേക്ക് മാത്രം അഞ്ചു വര്‍ഷത്തിനിടെ ശരാശരി 10,000 നഴ്സുമാരെ ആവശ്യമുണ്ടെന്നാണ് കണക്ക്. തട്ടിപ്പുകാര്‍ക്ക് ഇത് വന്‍ ചാകരയാണ്. ചുരുങ്ങിയത് 2000 കോടി രൂപയെങ്കിലും കൈയില്‍ വരാനുള്ള അവസരം. അതുകൊണ്ടുതന്നെ കേന്ദ്രതീരുമാനത്തെ അട്ടിമറിക്കേണ്ടത് അവരുടെ ആവശ്യമാണ്. കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്തിനുള്ളില്‍ കുവൈത്തിലേക്ക് 2600ഓളം നഴ്സുമാരെ ഇന്ത്യയില്‍നിന്ന് റിക്രൂട്ട് ചെയ്തിരുന്നു. 2016ല്‍ 1000 നഴ്സുമാരെ ആവശ്യമുണ്ടെന്നാണ് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്.
വിദേശരാജ്യങ്ങളിലേക്ക് ഇടനിലക്കാരുടെ ചൂഷണത്തിനു വിധേയമാകാതെ കുടിയേറ്റ തൊഴിലാളിക്കും വിദേശ തൊഴില്‍ദാതാവിനും കുടിയേറുന്ന  രാജ്യത്തിനും റിക്രൂട്ട്മെന്‍റ് ഏജന്‍റിനും എങ്ങനെ പരമാവധി ഗുണപ്രദമാക്കാം എന്നത് ആഗോളതലത്തില്‍ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യയില്‍നിന്നു വിദേശരാജ്യങ്ങളിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനു നിബന്ധനകള്‍ ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ഉത്തരവുണ്ടായത്. വിദേശങ്ങളിലേക്ക് ജോലിക്കു പോകുന്നവരുടെ സുരക്ഷയും സേവന-വേതന വ്യവസ്ഥയും ഉറപ്പുവരുത്താന്‍ സര്‍ക്കാറുകള്‍തന്നെ മുന്‍കൈയെടുക്കേണ്ടതിന്‍െറ ആവശ്യകത തൊഴില്‍ശക്തി കയറ്റിയയക്കുന്ന രാജ്യങ്ങള്‍ തിരിച്ചറിഞ്ഞതോടെയാണ് ഏഷ്യയിലെ 18 രാജ്യങ്ങള്‍ ‘അബൂദബി സംഭാഷണ’ത്തിന് ഒത്തുചേര്‍ന്ന് ചൂഷണം ഒഴിവാക്കുന്നതിന് കൂട്ടായ തീരുമാനമെടുത്തത്. അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐ.എല്‍.ഒ) ചട്ടപ്രകാരം തൊഴില്‍ നല്‍കുന്നതിന് തൊഴിലാളിയുടെ കൈയില്‍നിന്നു പണം വാങ്ങുന്നത് കുറ്റകരമാണ്. പണം വാങ്ങി തൊഴില്‍ നല്‍കുന്നത് മനുഷ്യക്കടത്താണെന്ന് കൃത്യമായി അന്താരാഷ്ട്ര നിയമങ്ങളുടെ നിര്‍വചനത്തില്‍ വരുന്നു. എന്ന് മാത്രമല്ല, മധ്യപൂര്‍വ ദേശങ്ങളിലെ ഒട്ടുമിക്ക രാജ്യങ്ങളും നിയമംമൂലം മനുഷ്യക്കടത്ത് നിരോധിച്ചതുമാണ്.
പശ്ചിമേഷ്യയിലെ സര്‍ക്കാറുകള്‍ മിക്കവാറും ആരോഗ്യരംഗത്തെ നിയമനങ്ങള്‍ക്ക് റിക്രൂട്ട്മെന്‍റ് ഏജന്‍റിനു കരാര്‍ നല്‍കുകയാണ് പതിവ്.  റിക്രൂട്ട് ചെയ്ത് ഉദ്യോഗനിയമനം നടത്തുന്നതിനു ന്യായമായ ഫീസ്, വിമാന ടിക്കറ്റ് എന്നിവ വിദേശ തൊഴിലുടമ നല്‍കും. അത് കൂടാതെ പ്രവാസികാര്യ മന്ത്രാലയം 1983ലെ എമിഗ്രേഷന്‍ ആക്ടില്‍ പറഞ്ഞപ്രകാരം ഇപ്പോള്‍ 20,000 രൂപ വരെ  ഉദ്യോഗാര്‍ഥിയില്‍നിന്ന് വാങ്ങാന്‍ അനുമതി നല്‍കിയിരിക്കുന്നു. എത്തിച്ചേരുന്ന രാജ്യത്ത് ജോലിക്കത്തെുന്ന നാള്‍ മുതല്‍ ഭക്ഷണവും താമസവും യാത്രച്ചെലവും നല്‍കേണ്ടത് വിദേശ തൊഴില്‍ദാതാവിന്‍െറ ചുമതലയാണ്. ഇത്രയും പണം  കേരളത്തിലെ നഴ്സിങ് ബിരുദധാരികളുടെ കുടുംബങ്ങളില്‍നിന്ന് ഇടനിലക്കാര്‍ തട്ടിയെടുക്കുന്നുവെന്നു ചുരുക്കം.
മറ്റൊരു തട്ടിപ്പ് ഒൗട്ട്സോഴ്സിങ് എന്ന പുറംകരാര്‍ പണിയാണ്. പുറംപണി കരാര്‍ ഏറ്റെടുത്ത കമ്പനികള്‍ നേരിട്ട് ഇന്ത്യയില്‍ പോയി റിക്രൂട്ട്മെന്‍റ് നടത്തി ഉദ്യോഗാര്‍ഥികളുടെ കൈയില്‍നിന്ന് അഞ്ചു ലക്ഷം മുതല്‍ എട്ടു ലക്ഷം വരെ വാങ്ങുന്നു. മിക്ക പുറംപണി കരാര്‍ കമ്പനികളും ഇന്ത്യക്കാരുടെതോ അവര്‍ നേതൃത്വം നല്‍കുന്നതോ ആണ്. തൊഴില്‍ശക്തി നല്‍കുന്ന വകയില്‍ പുറംപണി കരാറുകാര്‍ക്കു തൊഴിലാളിയുടെ വേതനത്തിനു സമമായ തുക തൊഴില്‍ദാതാക്കളില്‍ നിന്നു പ്രതിമാസം കിട്ടുന്നു. കരാര്‍ കാലാവധിയായ രണ്ടോ  മൂന്നോ വര്‍ഷം കഴിയുമ്പോള്‍ പഴയ സ്റ്റാഫിനെ കരാര്‍ തീരുന്ന മുറക്കു നാട്ടിലേക്കു കയറ്റിയയക്കുന്നു. വീണ്ടും പുതിയ കരാറില്‍ പുതിയ റിക്രൂട്ട്മെന്‍റ് നടത്തുന്നു. ഏറ്റവും ഒടുവില്‍ ഇങ്ങനെ വന്നവരില്‍ 86 പേര്‍ക്ക് വെറും രണ്ടു മാസമാണു ജോലി ചെയ്യാനായത്. അഞ്ചു ലക്ഷവും അതിലധികവും നാട്ടില്‍വെച്ചു വാങ്ങി വന്നവരാണിവര്‍. കൊടിയ വഞ്ചനയുടെ ചുരുള്‍ നിവരുന്നത് ടെര്‍മിനേഷന്‍  ലെറ്റര്‍ കിട്ടുമ്പോള്‍ മാത്രമാണ്. സര്‍ക്കാര്‍ ജോലിയെന്ന് പറഞ്ഞ് പുറം ജോലി കരാറിനാണ് അഞ്ചു ലക്ഷവും എട്ടു ലക്ഷവും തട്ടിപ്പുകാര്‍ വാങ്ങുന്നത്.  പുറംജോലി കരാറിനാണ് തെരഞ്ഞെടുത്തതെന്ന് ഉദ്യോഗാര്‍ഥി അറിയുന്നത് വിദേശത്തത്തെി പണിക്കു കയറുമ്പോള്‍ മാത്രമാണ്. വിദേശത്തത്തെിയശേഷം മാത്രമാണ് ഒപ്പിടാനായി  അറബിയില്‍ എഴുതിയ കരാര്‍ നല്‍കുന്നത്. ഇത് വായിക്കാനോ ഉള്ളടക്കം മനസ്സിലാക്കാനോ സമയമോ സാവകാശമോ നല്‍കാറില്ല. പണം കൊടുക്കുന്നതോടെ അടിമത്ത ഉടമ്പടിയിലാണ് ഒപ്പുവെക്കുന്നതെന്ന് അവര്‍ അറിയുന്നില്ല.
നഴ്സിങ് റിക്രൂട്ട്മെന്‍റ് രംഗത്ത് നടക്കുന്ന പുറംപണി കരാറുകാര്‍ ഈയിടെ 1250 പേര്‍ക്ക് ഒന്നരലക്ഷം രൂപ ശമ്പളം പ്രതിമാസം വാഗ്ദാനം ചെയ്ത് കുവൈത്തില്‍ ആരോഗ്യ മന്ത്രാലയത്തിലേക്കെന്നു പറഞ്ഞ് 20 മുതല്‍ 25 ലക്ഷം രൂപ വാങ്ങി വിസിറ്റ് വിസയില്‍ കൊണ്ടുവന്നു. സ്വന്തമായി എമിഗ്രേഷന്‍ നടപടികളും വിമാന ടിക്കറ്റുമെല്ലാമെടുത്ത് എത്തിയ ഇവരെ വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴില്‍ കരാര്‍പണിയിലേക്കു തള്ളുകയായിരുന്നു. ശമ്പളം ഇപ്പോള്‍ ഒരു ലക്ഷമായി ചുരുങ്ങിയിരിക്കുന്നു. ജോലിസ്ഥിരത ഇല്ല. ഇത്തരം തട്ടിപ്പുകള്‍ക്കൊക്കെ പരിഹാരമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ 18 രാജ്യങ്ങളിലേക്കുള്ള റിക്രൂട്ട്മെന്‍റ്. നിബന്ധനകള്‍ പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കിയാല്‍ ഒരു രൂപപോലും റിക്രൂട്ട്മെന്‍റ് ഏജന്‍റിനു നല്‍കാതെ മാന്യമായി വിദേശങ്ങളില്‍ പോയി ജോലി തേടാന്‍ നഴ്സുമാര്‍ക്ക് കഴിയും. അത് നടപ്പില്‍ വരുത്താന്‍ കേരള സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.