വരുംനാളുകളിലേക്കുള്ള വരവുചെലവുകളും ദീർഘകാല പദ്ധതികളുമൊക്കെയാണ് ബജറ്റിൽ പൊതുവേ ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നിലുണ്ട്. വേണമെങ്കിൽ ചില പദ്ധതികൾ പ്രഖ്യാപിക്കാം. പക്ഷേ, ബജറ്റ് അവതരണത്തിന്റെ 80 ശതമാനവും ധനമന്ത്രി ചെലവഴിച്ചത് പത്തുവർഷത്തെ ഭരണത്തെ മഹത്വവത്കരിക്കാനാണ്
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിനെക്കുറിച്ച് എന്തെങ്കിലും പ്രത്യേകമായി എടുത്തുപറയാനില്ല എന്നതാണ് യാഥാർഥ്യം. ബജറ്റ് എന്നത് നിയമനിർമാണ സഭയുടെ നയപരമായ ഒരു പ്രക്രിയ കൂടിയാണ്. അതിനെ പൂർണമായി രാഷ്ട്രീയവത്കരിച്ച ആദ്യ ബജറ്റ് എന്ന് വേണമെങ്കിൽ ഈ ഇടക്കാല ബജറ്റിനെ വിശേഷിപ്പിക്കാം.
വരുംനാളുകളിലേക്കുള്ള വരവുചെലവുകളും ദീർഘകാല പദ്ധതികളുമൊക്കെയാണ് ബജറ്റിൽ പൊതുവേ ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നിലുണ്ട്. വേണമെങ്കിൽ ചില പദ്ധതികൾ പ്രഖ്യാപിക്കാം. പക്ഷേ, ബജറ്റ് അവതരണത്തിന്റെ 80 ശതമാനവും ധനമന്ത്രി ചെലവഴിച്ചത് കഴിഞ്ഞ പത്തുവർഷത്തെ കേന്ദ്രഭരണത്തെ മഹത്വവത്കരിക്കാനാണ്.
ഒരു ഫെഡറൽ സംവിധാനം എന്ന നിലയിൽ ഏതെങ്കിലും സംസ്ഥാനത്തിനുള്ള ആനുകൂല്യങ്ങളോ വികസന പദ്ധതികളോ ഈ ബജറ്റിൽ പറഞ്ഞിട്ടില്ല. അതേസമയം, മുത്തലാഖും അയോധ്യയും പോലുള്ള വിഷയങ്ങൾ ആദ്യമായി ബജറ്റിൽ കടന്നുവരുകയും ചെയ്തു. ബജറ്റും മുത്തലാഖും തമ്മിൽ എന്താണ് ബന്ധം? ഒരു സമ്പൂർണ ധ്രുവീകരണവും രാഷ്ട്രീയവത്കരണവുമാണ് ബജറ്റിൽ നടന്നത് എന്ന് പറയേണ്ടിവരുന്നത് അതുകൊണ്ട്കൂടിയാണ്.
ഈ ബജറ്റിൽ ഒന്നുമില്ല എന്നാണ് കേൾക്കുമ്പോൾ നമുക്ക് തോന്നുക. ഇതൊരു ഇടക്കാല ബജറ്റാണെന്ന് പറയുകയും അതേസമയം, ജനങ്ങൾക്ക് നൽകേണ്ട സന്ദേശം വളരെ വ്യക്തമായി നൽകുകയും ചെയ്യുന്നുണ്ട്. വികസനത്തെപ്പറ്റിയോ അതുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളോ ബജറ്റിൽ ഇല്ല. സാമ്പത്തികാവലോകനത്തിന് പകരം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത് കോവിഡ് കാലത്തെ മാന്ദ്യത്തിൽനിന്ന് ‘വി’ഷേപ്ഡ് തിരിച്ചുവരവ് ഉണ്ടായി എന്നാണ്.
എന്നാൽ, ഒരുവിഭാഗം മാത്രം സാമ്പത്തിക വളർച്ചയിൽ സംഭാവന ചെയ്യുന്നവരായി മാറുകയും മറ്റൊരു വിഭാഗം താഴേക്കിടയിലേക്ക് പോകുകയും ചെയ്ത ‘കെ’ഷേപ്ഡ് തിരിച്ചുവരവാണ് ഉണ്ടായതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം.
ജി.ഡി.പിയുടെ നട്ടെല്ല് എന്ന് പറയുന്നത് രാജ്യത്തെ 70 ശതമാനം വരുന്ന കർഷകരാണ്. പ്രതിവർഷം ശരാശരി 4.4 ശതമാനമാണ് ഇവർ ജി.ഡി.പിക്ക് സംഭാവന ചെയ്യുന്ന വളർച്ചാനിരക്ക്. ഇത് ഒട്ടും ചെറുതല്ല. എന്നാൽ, മുൻ ബജറ്റുകളിൽ എന്നതുപോലെ കാർഷികമേഖലയെ ഇത്തവണയും അവഗണിച്ചു. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച അഗ്രിടെക് പദ്ധതി പ്രകാരം ഇതുവരെ കാർഷിക മേഖലയിൽ ഒരു സ്റ്റാർട്ടപ് പോലും തുടങ്ങിയില്ല.
കർഷകരുടെ പ്രധാന ആവശ്യമായ മിനിമം താങ്ങുവില സംബന്ധിച്ച് ബജറ്റിൽ പ്രഖ്യാപനങ്ങൾ ഒന്നുമില്ല. ചുരുക്കത്തിൽ ഇത്ര ധിറുതികൂട്ടി ധനമന്ത്രി പറഞ്ഞത് കോർപറേറ്റ് ആദായ നികുതി കുറക്കുന്നു എന്നുതന്നെയാണ്. എന്നുവെച്ചാൽ കോർപറേറ്റുകൾക്ക് വേണ്ടി മൊത്തം സംവിധാനത്തെ പണയംവെക്കുക എന്നതാണ് നിലപാട്. സാധാരണക്കാരുടെ ക്ഷേമത്തിനോ നിക്ഷേപം ആകർഷിക്കാനോ അടിസ്ഥാനസൗകര്യ വികസനത്തിനോ ബജറ്റിൽ കാര്യമായ പ്രഖ്യാപനങ്ങൾ ഒന്നുമില്ല.
ചില മേഖലകളിൽ വായ്പ കൊടുക്കുന്നുവെന്ന് പറയുമ്പോൾ പോലും ഏത് പദ്ധതിക്ക്, എങ്ങനെ കൊടുക്കും എന്ന് വ്യക്തമല്ല. പൊതുവെ ഇത്തരം കബളിപ്പിക്കൽ ബജറ്റിൽ ഉള്ളതായി തോന്നിയിട്ടുണ്ട്. പണപ്പെരുപ്പത്തെ നിയന്ത്രിച്ചെന്ന് പറയുന്നു. എങ്ങനെ നിയന്ത്രിച്ചെന്ന് പറയുന്നില്ല.
ഭരണം വീണ്ടും തിരിച്ചുകിട്ടും എന്ന അമിത ആത്മവിശ്വാസത്തിൽ നിന്നുണ്ടായ ഈ ബജറ്റ് ദിശാബോധമില്ലാത്തതാണ്. പണ്ടത്തെപ്പോലെ നികുതി വരുമാനത്തിൽ ഇപ്പോൾ ഇഴച്ചിലില്ല, ആശങ്കകളില്ല. ഓരോ മാസവും തടസ്സമില്ലാതെ നികുതി ലഭിക്കുന്നു. അതുകൊണ്ടുതന്നെ കേന്ദ്രസർക്കാർ സമ്പന്നമാണ്. സംസ്ഥാനങ്ങൾക്കും കൊടുക്കേണ്ടതില്ല. സാമ്പത്തിക വിദഗ്ധൻ എന്ന് പറയാവുന്ന ആരും ഈ സർക്കാറിലില്ല; ആർ.ബി.ഐയിൽപോലും.
പഴയ ട്രെയിനുകൾ രൂപാന്തരപ്പെടുത്തി വന്ദേഭാരത് ആക്കുമെന്ന് പറയുന്നത് സർക്കാറിന്റെ മറ്റൊരുതരം ബ്രാൻഡിങ് ആയി മാത്രമേ കാണാനാകൂ. നിലവിലുള്ളതിനെ നവീകരിക്കുക മാത്രമാണ് ചെയ്യുന്നത്. അടുത്ത തെരഞ്ഞെടുപ്പിലും അധികാരത്തിൽ തിരിച്ചുവരാം എന്ന അമിത ആത്മവിശ്വാസമുള്ളതിനാൽ ബജറ്റിൽ വലിയ വാഗ്ദാനങ്ങൾക്കൊന്നും ധനമന്ത്രി മുതിർന്നില്ല എന്നാണ് മനസ്സിലാക്കേണ്ടത്.
(കൊച്ചി ശാസ്ത്ര, സാങ്കേതിക സർവകലാശാലയിലെ സെന്റർ ഫോർ ബജറ്റ് സ്റ്റഡീസിന്റെ ഡയറക്ടറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.