മനസ്സറ്റുവീഴുന്ന മലയാളിയും മാനസികാരോഗ്യവും

പൊതുആരോഗ്യ സംവിധാനത്തിൽ ലോകരാജ്യങ്ങൾക്ക് മാതൃകയാണ് കേരളം. ഉന്നതനിലവാരത്തിലുള്ള ചികിത്സാസൗകര്യങ്ങൾ സാർവത്രികമായി ജനങ്ങളിലേക്കെത്തിക്കാൻ സാധിക്കുന്നു എന്നതാണ് കേരള ആരോഗ്യ മോഡലിന്റെ പ്രത്യേകത. നിതി ആയോഗ് പുറത്തിക്കുന്ന ആരോഗ്യസൂചികയിലും വർഷങ്ങളായി മുന്നിട്ടുനിൽക്കുന്നത് കേരളമാണ്. ശിശുമരണ നിരക്ക് നിയന്ത്രിക്കുന്നതിലും ആയുർദൈർഘ്യം വർധിപ്പിക്കുന്നതിലുമെല്ലാം നമ്മൾ കൈവരിച്ച നേട്ടം പ്രശംസനീയമാണ്. എന്നാൽ, മലയാളിയുടെ മാനസികാരോഗ്യവും അതിനുവേണ്ടിയുള്ള ചികിത്സാസംവിധാനങ്ങളുടെയും കണക്കുകൾ പരിശോധിക്കപ്പെടുമ്പോൾ ഈ നേട്ടങ്ങളെല്ലാം അപ്രസക്തമായി മാറുന്നു. മനസ്സറ്റുവീഴുന്ന മലയാളിക്കു മുന്നിൽ മാനസികാരോഗ്യ സംവിധാനങ്ങൾ ഇപ്പോഴും ഒരുചോദ്യചിഹ്നമാണ്. ആത്മഹത്യയിൽ ഒടുങ്ങുന്ന മനുഷ്യ൪ കേവലം വാർത്തകളിൽ മാത്രം ഒതുങ്ങിപ്പോവുകയാണ്.

മാനസികാരോഗ്യവും കേരളവും

കേരളം അഭിമുഖീകരിക്കുന്ന പ്രധാന സാമൂഹിക വെല്ലുവിളിയായി മാറിയിരിക്കുകയാണ് ആത്മഹത്യ. നാഷനൽ ക്രൈംറെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ആത്മഹത്യാനിരക്കിൽ രാജ്യത്ത് നാലാം സ്ഥാനത്താണ് കേരളം. 2020ൽ 8500 മാത്രമായിരുന്ന ആത്മഹത്യാമരണങ്ങൾ 2022 ൽ 10,162 ആയി ഉയർന്നു.

ആത്മഹത്യ കണക്കുകളിൽ കേരളം ദേശീയ ശരാശരിയേക്കാൾ ഇരട്ടിയാണ്. 2023ൽ മാത്രം കേരളത്തിൽ 10,972 ആത്മഹത്യാ കേസുകൾ റിപ്പോർട്ട്ചെയ്തതായി സംസ്ഥാന ക്രൈംറെക്കോഡ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2013ലെ കണക്കുകൾ പ്രകാരം ഒരുലക്ഷം ജനസംഖ്യയിൽ 24.6 ആയിരുന്നു ആത്മഹത്യ നിരക്ക്. എന്നാൽ, 2023ൽ ഇത് 30.9 ശതമാനമായി വളർന്നു. കുടുംബ ആത്മഹത്യകളും കേരളത്തിൽ വർധിച്ചുവരുകയാണ്. ആത്മഹത്യ മരണങ്ങളിലെ ഗണ്യമായ ഈ വളർച്ച മലയാളിയുടെ മാനസിക വെല്ലുവിളിയെയാണ് തുറന്നുകാണിക്കുന്നത്.

അറ്റുവീഴുന്ന മനുഷ്യർ

ജീവിതമവസാനിപ്പിക്കുന്നതിൽ 80 ശതമാനവും പുരുഷന്മാരും 77 പേരും വിവാഹിതരുമാണ്. ഇക്കൂട്ടത്തിൽ വിദ്യാസമ്പന്നരുടെ എണ്ണം ഒട്ടും കുറവല്ല. അവിവാഹിതരിൽ 18 ശതമാനം ആളുകൾ മാത്രമാണ് സ്വയം ജീവനൊടുക്കുന്നത്. 47ശതമാനം ആത്മഹത്യകൾക്കും കാരണമായി കണക്കാകുന്നത് കുടുംബ പ്രശ്‌നങ്ങളാണ്. കുടുംബ ആത്മഹത്യയിലും കേരളം പിറകിലല്ല. 2023ൽ മാത്രം 17 കുടുംബങ്ങളിലായി 40 പേർ കുടുംബ ആത്മഹത്യക്ക് ഇരയായിട്ടുണ്ട്. ദൈനംദിന ജീവിതത്തിലെ ചെറിയ വാക്കേറ്റങ്ങളും പിണക്കങ്ങളും പോലും കുരുക്കിലേക്കെത്തിക്കുന്നെന്നത് ഗൗരവമുണർത്തുന്നതാണ്. നല്ല ബന്ധങ്ങൾ മനോസമ്മർദങ്ങളെ പ്രതിരോധിക്കാനും ആത്മഹത്യാചിന്തകളെ കുറക്കാനും സഹായകമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ, നമ്മുടെ ബന്ധങ്ങൾ പ്രതീക്ഷയേകുന്നതിനു പകരം വെല്ലുവിളിയാകുന്നുവെന്നതാണ് യാഥാർഥ്യം. പ്രതീക്ഷയറ്റു വീഴുന്ന മനുഷ്യരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെങ്കിൽ മലയാളിയുടെ മാനുഷിക ഇടങ്ങൾ മാറിയേ തീരൂ, ബന്ധങ്ങൾ പരസ്പരം പ്രതീക്ഷ പകരേണ്ടതുണ്ട്.

മാറ്റങ്ങളിലൂടെ മാതൃകയാകാം

ആത്മഹത്യകളെ ചെറുക്കുന്നതിനായി ശാസ്ത്രീയമായി ആഗോളതലത്തിൽ പ്രചാരത്തിലുള്ള രീതിയാണ് ‘ഗേറ്റ്കീപ്പിങ് ട്രെയിനിങ്’. മനോസമ്മർദത്തിലകപ്പെട്ടവർക്ക് അവരുടെ ചുറ്റുമുള്ളവരിലൂടെതന്നെ സുരക്ഷ ഉറപ്പാക്കുന്നരീതിയാണിത്. ആത്മഹത്യ ചിന്തയുള്ളവരെയും വിഷാദത്തിലകപ്പെട്ടവരെയും വേഗത്തിൽ തിരിച്ചറിയാനും അടിയന്തര സഹായം ലഭ്യമാക്കാനും ഇതിലൂടെ സാധിക്കുന്നു. ഉറക്കമില്ലായ്മ, ഉത്സാഹക്കുറവ്, നിർവികാരത, ക്ഷീണം, അശ്രദ്ധ, അമിതമായ കുറ്റബോധം തുടങ്ങി വിഷാദത്തിന്റെ ലക്ഷണങ്ങൾ ആത്മഹത്യ ചിന്തയുടെ സൂചനകളാണ്. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ കൂടുതൽ കരുതൽ അനിവാര്യമാണ്. മാനസിക സുരക്ഷയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയാണ് ഇതിന്റെ ആദ്യപടി.

ജനങ്ങളിൽ അവബോധമുണ്ടാക്കി ആത്മഹത്യയുടെ സാമൂഹിക വളർച്ചയെ ചെറുക്കാൻ ശാസ്ത്രീയമായി അവലംബിക്കുന്ന രീതിയാണ് ’കമ്യൂണിറ്റി ഗേറ്റ്കീപ്പിങ്’ ട്രെയിനിങ്. പൊതുവിൽ ജനങ്ങൾ ഇടപെടുന്ന പള്ളികൾ, ക്ഷേത്രങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, ക്ലബുകൾ സർക്കാർസംവിധാനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരിലും അംഗങ്ങളിലും അധ്യാപരിലുമെല്ലാം കമ്യൂണിറ്റി ട്രെയിനിങ്ങിലൂടെ അവബോധം ഉണ്ടാക്കിയാൽ സാമൂഹിക സുരക്ഷ ഒരുപരിധിവരെ ഉറപ്പാക്കാനാകും. മാനസികാരോഗ്യ വിദഗ്‌ധരുടെ മേൽനോട്ടത്തിൽ നമ്മുടെ ഔദ്യോഗിക സംവിധാനങ്ങൾ ഇതിനാവശ്യമായ പുതു ചുവടുവെപ്പുകൾ നടത്തിയാൽ മാത്രമേ മാനസികാരോഗ്യം സംബന്ധിച്ച സമൂഹത്തിന്റെ തെറ്റിദ്ധാരണകളെയും തിരുത്താനാകൂ.

(റാഞ്ചി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയിൽ ഗവേഷണ വിദ്യാർഥിയാണ് ലേഖകൻ)

Tags:    
News Summary - A depressed Malayali and mental health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.