ആദിവാസികളുടെ അവകാശങ്ങളെപ്പറ്റി യു.എൻ നടത്തിയ പ്രഖ്യാപനത്തിന് ഇന്ന് ഒരു പതിറ്റാണ്ട് പൂര്‍ത്തിയാകുന്നു. ലോക രാഷ്ട്രങ്ങള്‍ ഇത്രയേറെ പുരോഗതി കൈവരിച്ചിട്ടും ശാസ്ത്ര സാങ്കേതിക വിദ്യകള്‍ പ്രതീക്ഷകള്‍ക്കപ്പുറം വളര്‍ന്നിട്ടും ലോകം ആദിവാസികളുടെ അവകാശത്തിനുവേണ്ടി പ്രഖ്യാപനം നടത്തുന്നത് കേവലം പത്തു കൊല്ലം മുമ്പ് മാത്രമാണെന്നത് വിശ്വസിക്കാന്‍ പ്രയാസമേറിയ കാര്യമാണ്. നൂറ്റാണ്ടുകളുടെ ചരിത്രവും പരിണാമ പ്രക്രിയയുടെ കണ്ണികളുമായ ആദിമ ഗോത്രവര്‍ഗത്തില്‍പെട്ടവരുടെ കാര്യത്തില്‍ ലോക രാജ്യങ്ങള്‍ ഇനിയുമേറെ ഗൗരവകരമായി ചിന്തിക്കേണ്ടതുണ്ട്.
ഭൂമിയില്‍ 90 രാജ്യങ്ങളിലായി 37 ലക്ഷത്തോളം ആദിവാസികള്‍ ജീവിക്കുന്നുവെന്നാണ് കണക്ക്. ലോക ജനസംഖ്യയുടെ കേവലം അഞ്ചു ശതമാനം മാത്രമാണ് ഇവര്‍. പക്ഷേ, ലോക ജനസംഖ്യയിലെ 15 ശതമാനത്തോളം വരുന്ന ദരിദ്രര്‍ ഇവരുടെ ഇടയില്‍ നിന്നുമാണ്. ഏഴായിരത്തോളം വ്യത്യസ്തമായ ഭാഷകള്‍ സംസാരിക്കുന്നു, അയ്യായിരത്തോളം വ്യത്യസ്തമായ സംസ്കാരങ്ങള്‍ പേറുന്ന ഇവര്‍ക്ക് പല അവകാശങ്ങളും ലംഘിക്കപ്പെടുകയാണ്. ആദിവാസി അവകാശ പ്രഖ്യാപനത്തിെൻറ പത്താം വാര്‍ഷികത്തില്‍ കേരളത്തിലെ ആദിവാസി അവകാശങ്ങള്‍ എവിടെ എത്തിനില്‍ക്കുന്നുവെന്ന അന്വേഷണം പ്രസക്തമാണ്. ഒരുപക്ഷേ, ലോകത്തുതന്നെ ഏറ്റവും അധികം ആദിവാസി ക്ഷേമ പദ്ധതികള്‍ ഉള്ള പ്രദേശമായിരിക്കും കേരളം. ആരോഗ്യ-വിദ്യാഭ്യാസ മേഖലയില്‍ വികസിത രാജ്യങ്ങളുടെ നിലവാരം കാത്തുസൂക്ഷിക്കുന്ന ഒരു സംസ്ഥാനത്തെ ആദിവാസികളുടെ ജീവിത സാഹചര്യവും കൃത്യമായി വിലയിരുത്തപ്പെടേണ്ടതാണ്.
ലോകത്തിലെ വിവിധ ആദിവാസി സമൂഹങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും വ്യത്യസ്തമാണ്. അതുപോലെ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ആദിവാസികളും. ഝാര്‍ഖണ്ഡിലെ കാടുകളില്‍ ജീവിക്കുന്ന ആദിവാസികളെയും നിലമ്പൂരിലെ കാടുകളില്‍ വസിക്കുന്ന ആദിവാസികളേയും ഇക്കാരണംകൊണ്ടുതന്നെ ഒരേ മാനദണ്ഡംകൊണ്ട് അളക്കാനാകില്ല. പക്ഷേ, നിര്‍ഭാഗ്യവശാല്‍ നമ്മുടെ ആദിവാസി സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ രൂപം കൊടുത്ത പദ്ധതികള്‍ക്കെല്ലാം ഒരേ സ്വഭാവമായിരുന്നു. കൃത്യമായ പഠനങ്ങളില്ലാതെ, പ്രത്യാഘാതങ്ങളറിയാതെ നടപ്പാക്കിയ ആദിവാസി വികസന പദ്ധതികള്‍ ഗുണത്തേക്കാളേറെ ദോഷമാണ് സൃഷ്ടിച്ചത്.
ആദിവാസികളെ അവരുടെ ലോകത്തുനിന്ന് പറിച്ചെടുത്ത് നമ്മുടെ ലോകത്ത് നട്ടുപിടിപ്പിക്കാനുള്ള ശ്രമമായിരുന്നു ഒരു കാലത്ത് ആദിവാസി വികസനമെന്നത്. വേരുകള്‍ അറുത്തുമാറ്റിയുള്ള പറിച്ചുനടീല്‍ ഫലം കണ്ടില്ല. ആധുനിക ലോകത്തെ സൗകര്യങ്ങളോട് യോജിക്കാന്‍ ആദിവാസികള്‍ക്ക് കഴിയാതെ പോയി. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അവരുടെ താല്പര്യങ്ങള്ക്ക് വിരുദ്ധമായ ഒരു അന്തരീക്ഷത്തിലേക്ക് അവരെ മാറ്റിയത് ഉള്‍ക്കൊള്ളാന്‍ ഒരിക്കലും അവര്‍ക്ക് കഴിഞ്ഞില്ല. ആദിവാസി മേഖലയിലും അവരുടെ ആവാസ വ്യവസ്ഥയിലും വരെ വികസനത്തിെൻറ പുതുപുത്തന്‍ പരീക്ഷണങ്ങള്‍ കടന്നുവന്നു. ഗോത്രവിഭാഗങ്ങളുടെ ജീവിതരീതിയെയും വിശ്വാസങ്ങളേയും മുഖവിലയ്ക്കെടുക്കാതെയാണ് ഇവയില്‍ പലതും നടപ്പാക്കിയത്. ആദിവാസികളുടെ അവകാശങ്ങള്‍ നടപ്പാക്കുന്നതിനുപകരം അവരുടെ അവകാശങ്ങള്‍ക്ക് കടിഞ്ഞാണിടുന്ന രീതിയിലായിരുന്നു പലതും.
ഒട്ടേറെ പ്രാകൃതമായ വിശ്വാസങ്ങള്‍ തുടര്‍ന്നുപോരുന്ന വിഭാഗങ്ങളാണ് ആദിവാസികളില്‍ പലരും. ഉദാഹരണത്തിന്, മരണശേഷം വീടിന് മുന്നിലെ വരാന്തയില്‍ കിടത്തുന്നത് അവരുടെ പതിവാണ്. ഇതിനായി ചുരുങ്ങിയത് ആറടി നീളമുള്ളൊരു വരാന്ത ആവശ്യമാണ്. പക്ഷേ, സര്‍ക്കാര്‍ പദ്ധതി പ്രകാരം ഇവര്‍ക്ക് നിര്‍മിക്കുന്ന വീടുകള്‍ക്ക് വരാന്തയുടെ നീളം കേവലം നാലടി മാത്രമാണ്. അതുപോലെ വന്യമൃഗങ്ങളുടെ ഭീഷണിയുള്ള കോളനികളില്‍ വീടുകള്‍ കുറച്ച് ഉയരത്തില്‍ വേണം നിര്‍മിക്കാന്‍. എന്നാല്‍, ഇവ ഭൂമിയുടെ അതേ ഉയരത്തില്‍തന്നെ നിര്‍മിക്കാനുള്ള പദ്ധതിയെ സര്‍ക്കാരിനു കീഴിലുള്ളൂ. ഇതിെൻറ ഫലമായി ആദിവാസികള്‍ക്കായി നിര്‍മിച്ച വീടുകളില്‍ പലതും ഇന്ന് ഒഴിഞ്ഞുകിടക്കുകയാണ്. ചിലയിടത്ത് വളര്‍ത്തുമൃഗങ്ങള്‍ വീടിനകത്തും ഉടമസ്ഥര്‍ വീടിനു പുറത്തും കഴിയുന്നു. ഫണ്ടില്ലാത്തതല്ല പലപ്പോഴും ആദിവാസി ക്ഷേമപദ്ധതികളുടെ പരാജയമെന്ന് നേരിട്ട് മനസ്സിലാക്കിയ വ്യക്തിയാണ് ഞാന്‍. കാഴ്ചപ്പാടില്ലാത്തതുമല്ല പ്രശ്നം. പക്ഷേ, നമ്മുടെ കാഴ്ചച്ചാടിലേക്ക് അവരെ കൊണ്ടുവരുന്നതിനുപകരം അവരുടെ കാഴ്ചപ്പാടിന് ഉതകുന്ന വിധത്തിലുള്ള വികസനം അവര്‍ക്ക് നല്കാന് നമ്മള് തയാറാകുന്നില്ല എന്നതാണ് ഈ പദ്ധതികള്‍ ഫലം കാണാത്തതിനു കാരണം.
വികസനത്തെക്കുറിച്ചും അവര്‍ക്കുകൂടി അവകാശപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുകയെന്ന വലിയ ദൗത്യം ഇനിയും ഇവിടെ നടപ്പായിട്ടില്ല. മാധ്യമങ്ങളും ബ്യൂറോക്രാറ്റുകളും രാഷ്ട്രീയ നേതാക്കളും ചര്‍ച്ചചെയ്യുന്ന കാര്യങ്ങള്‍ ഒരു ഇന്‍ഫര്‍മേഷന്‍ എന്ന നിലയില്‍ ഇപ്പോഴും ഇവരിലേക്ക് എത്തുന്നില്ല. കേരളം കണ്ട ഏറ്റവും ബൃഹത്തായ പദ്ധതികളിലൊന്നായ സാക്ഷരത പദ്ധതിപോലെ അവകാശ സാക്ഷരത പ്രവര്‍ത്തനങ്ങള്‍ ആദിവാസി കോളനികളിലും നടപ്പാക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.