മുംബൈയിലെ സോമയ്യ സ്കൂൾ പ്രിൻസിപ്പൽ പർവീൺ ശൈഖ് മൂന്ന് പതിറ്റാണ്ടായി വിദ്യാഭ്യാസ വികസന മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധയാണ്. അവരുടെ താൽപര്യവും ആവേശവും പ്രീസ്കൂളുകൾക്കും പ്രൈമറി, സെക്കൻഡറി സ്കൂളുകൾക്കുമായി നൂതനാശയങ്ങൾ രൂപപ്പെടുത്തുന്നതിന് സഹായകമായി.
അധ്യാപക പരിശീലനം, ഗവേഷണാധിഷ്ഠിത സമ്പ്രദായങ്ങൾക്ക് നേതൃത്വം നൽകൽ, പാഠ്യപദ്ധതികളുടെയും ക്ലാസ്റൂം ലേഔട്ടിന്റെയും രൂപകൽപന, സ്കൂൾ ഓഡിറ്റ്, സ്കൂൾ സ്റ്റാർട്ടപ്പുകൾ എന്നിവയിലെ അവരുടെ പ്രാവീണ്യം പർവീൺ ഒരുക്കിയ നിരവധി ശിൽപശാലകളിൽനിന്നും ഇന്ത്യയിലെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളിൽനിന്നും വ്യക്തമാണ്.
കഴിഞ്ഞ 12 വർഷമായി മുംബൈ സോമയ്യ സ്കൂളിലാണ് അവർ ജോലി ചെയ്യുന്നത്. ഏഴു വർഷം മുമ്പാണ് അവിടെ പ്രിൻസിപ്പലായി ചുമതലയേറ്റത്. പൊടുന്നനെയൊരുനാൾ പർവീണിനോട് രാജിവെച്ച് പുറത്തുപോകാൻ സ്കൂൾ മാനേജ്മെന്റ് ആവശ്യപ്പെട്ടതറിഞ്ഞ് സഹപ്രവർത്തകരും രക്ഷിതാക്കളും വിദ്യാർഥികളും ഉൾപ്പെടെ ഏവരും അമ്പരന്നു. അതിന്റെ കാരണമെന്തെന്നറിഞ്ഞപ്പോൾ അമ്പരപ്പ് നടുക്കമായി മാറി.
വർഗീയ വിദ്വേഷത്തിനും വ്യാജ വാർത്തകൾക്കും കുപ്രസിദ്ധമായ ഓപ്ഇന്ത്യ എന്ന വെബ്സൈറ്റ് അവർക്കെതിരെ ഒരു ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.
ഏപ്രിൽ 24ന് പ്രസിദ്ധീകരിച്ച ലേഖനത്തിൽ, പർവീൺ ഹമാസ് അനുഭാവിയും യു.എ.പി.എ ചുമത്തി ജയിലിലടച്ചിരിക്കുന്ന ജെ.എൻ.യു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദിന്റെ അനുകൂലിയുമാണെന്ന് പറയുന്നു. അവർ ട്വിറ്ററിലിട്ട ലൈക്കുകളെ അടിസ്ഥാനമാക്കി തയാറാക്കിയ ആ ലേഖനം വന്നതിന്റെ രണ്ടാംദിവസമാണ് സ്കൂൾ മാനേജ്മെന്റ് പർവീണിനോട് രാജി ആവശ്യപ്പെട്ടത്.
അത്തരമൊരു തീരുമാനത്തിലെത്തിയത് ഏറെ പ്രയാസപ്പെട്ടിട്ടാണെന്നും എന്നിരിക്കിലും രാജിവെക്കണമെന്നും അവർ ആവശ്യപ്പെടുകയായിരുന്നുവെന്ന് പ്രിൻസിപ്പൽ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ‘‘രാജി ആവശ്യം വകവെക്കാതെ ജോലിയിൽ തുടർന്ന തന്നെ നിർബന്ധിച്ച് രാജിവെപ്പിക്കാൻ മാനേജ്മെന്റ് പ്രതിനിധികളിൽനിന്ന് ഒളിഞ്ഞും തെളിഞ്ഞും സമ്മർദമുണ്ടായി.’’
ഞാൻ ജനാധിപത്യ ഇന്ത്യയിലാണ് ജീവിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ജനാധിപത്യത്തിന്റെ മൂലക്കല്ലായാണ് ഞാൻ കാണുന്നത്.
കഴിവുകളും പ്രയത്നങ്ങളും സ്ഥാപനത്തിനായി നൂറുശതമാനവും നൽകിയ ഒരാളെന്ന നിലയിൽ ഞാൻ രാജിവെക്കില്ല- ഇതാണ് പർവീൺ ശൈഖിന്റെ നിലപാട്. മാനേജ്മെന്റ് എല്ലാക്കാലത്തും തന്നെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും സേവനത്തെ എടുത്തുപറയുകയും ചെയ്തിരുന്നു, പക്ഷേ ഇപ്പോൾ ഏറെ പ്രയാസകരമായ സാഹചര്യത്തിൽ എത്തിനിൽക്കുന്നുവെന്നാണ് അവരുടെ പക്ഷം.
സ്കൂൾ മാനേജ്മെന്റ് വിളിച്ചറിയിക്കുന്നതു വരെ ഈ വെബ്സൈറ്റിനെക്കുറിച്ചോ ഇതുപോലൊരു ലേഖനത്തെക്കുറിച്ചോ അവർക്ക് കേട്ടുകേൾവിപോലുമില്ലായിരുന്നു. ഒരു സ്കൂൾ പ്രിൻസിപ്പലിന്റെ പ്രവർത്തനങ്ങളിൽ ഒരു പോർട്ടൽ ഇത്രമാത്രം താൽപര്യം കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ലെന്നും അവർ പറഞ്ഞു. ലേഖനം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പോർട്ടൽ പ്രതിനിധികൾ ബന്ധപ്പെട്ടിരുന്നതുമില്ല.
ട്വിറ്ററിൽ പർവീൺ ശൈഖിനെതിരെ വിദ്വേഷം തുളുമ്പുന്ന കടുത്ത പരാമർശങ്ങളാണ് ഈ ലേഖനത്തിന്റെ ഫലമായി നിറഞ്ഞുകവിഞ്ഞത്. അവളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ വളർച്ചയെ പ്രതികൂലമായി സ്വാധീനിക്കുമെന്ന് ചിലർ വാദിച്ചു.
വിദ്യാഭ്യാസ വകുപ്പ് മേധാവികളാണ് ഇത്തരം കാര്യങ്ങളിൽ അന്വേഷണവും പരിശോധനയും നടത്തി തീരുമാനമെടുക്കേണ്ടത് എന്നിരിക്കെ സോമയ്യ സ്കൂൾ മാനേജ്മെന്റ് ഈ പോർട്ടലിൽ വന്ന ക്ഷുദ്രകൃതി അന്തിമ കുറ്റപത്രമായി കണക്കാക്കി രാജി ആവശ്യപ്പെടുകയായിരുന്നു. പരസ്യമായി രാഷ്ട്രീയ പരാമർശം നടത്തുന്നതിന് ഈ സ്കൂളിലെ ജീവനക്കാർക്ക് നയപരമായ വിലക്കുകളൊന്നുമില്ല.
മാർച്ചിൽ നടന്ന ഒരു മീറ്റിങ്ങിൽ, ജീവനക്കാർക്ക് സ്വകാര്യ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വ്യക്തിപരമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ അനുവാദമുണ്ടെന്ന് മാനേജ്മെന്റ് വ്യക്തമാക്കിയിരുന്നതായും പർവീൺ ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസവും കുട്ടികളുടെ വികാസവും സംബന്ധിച്ച വിഷയങ്ങളിൽ മാത്രമാണ് അവർ സമൂഹ മാധ്യമ പോസ്റ്റുകൾ ഇട്ടിരുന്നത്. എന്നാൽ, ഫലസ്തീൻ ജനതയെ പിന്തുണക്കുന്നതും മോദി സർക്കാറിനെ വിമർശിക്കുന്നതുമായ പോസ്റ്റുകളെ അവർ ലൈക്ക് ചെയ്തിരുന്നു.
നിരവധി കുട്ടികളുടെ രക്ഷിതാക്കളാണ് പർവീണിന് പിന്തുണയുമായി മുന്നോട്ടുവന്നത്. അവരിൽ പലരും പ്രിൻസിപ്പലിനെ അനുകൂലിച്ച് മാനേജ്മെന്റിന് കത്തയക്കുകയും ചെയ്തു. സാംസ്കാരിക സൗഹാർദവും സഹിഷ്ണുതയും സമാധാനവും പരിപോഷിപ്പിക്കാൻ എന്നും ശ്രമിച്ചിട്ടുള്ള അവർ കുട്ടികളെയും രക്ഷിതാക്കളെയും വഴിതെറ്റിച്ചുവെന്ന് ചിന്തിക്കാൻ പോലുമാവില്ലെന്ന് രക്ഷിതാക്കളിൽ ഒരാളായ പ്രീതി ഗോപാലകൃഷ്ണൻ പറയുന്നു.
അതീവ പ്രതിഭാശാലിയായ ഒരു വിദ്യാഭ്യാസ പ്രവർത്തകയെ മുസ്ലിമായതിന്റെ പേരിൽ ഉന്നമിടുന്നത് അംഗീകരിക്കാനാവില്ലെന്ന് മറ്റൊരു രക്ഷിതാവായ ശിൽപ ഫാഡ്കേ അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.