അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ കാവിപ്പടക്ക് വലിയ ഭൂരിപക്ഷമുള്ള വാരാണസി പോലൊരു മണ്ഡലത്തിൽ അമിത് ഷായും മോദിയും തമ്മിൽ നടക്കുന്നൊരു മത്സരത്തെക്കുറിച്ച് സങ്കൽപിച്ചുേനാക്കൂ. ഒരു മൂന്നാംകക്ഷിയെന്ന നിലയിൽ യോഗിയും ഗോദയിലിറങ്ങിയെന്നിരിക്കെട്ട. എന്തായിരിക്കും അവിടെ സംഭവിക്കുക? പൗരത്വനിയമം, രാമക്ഷേത്ര നിർമാണം, ഗോമൂത്ര-ചാണക ചികിത്സാ പ്രോത്സാഹനം തുടങ്ങിയ വിഷയങ്ങളിലെല്ലാം മൂവരും ഒന്നിനൊന്ന് മുന്നിലാണല്ലോ; ഇതര ആശയക്കാരാണെങ്കിൽ മണ്ഡലത്തിൽ വിരളവും. അപ്പോൾപിന്നെ, കൂട്ടത്തിലെ 'തീവ്രഭക്തനെ' കണ്ടെത്താനുള്ള മത്സരമായിരിക്കും അവിടെ പൊടിപൊടിക്കുക. ഏതാണ്ടിതേ അവസ്ഥയിലാണിപ്പോൾ ഇസ്രായേലും. അല്ലെങ്കിലും, ആശയപ്പൊരുത്തമുള്ളവർ തെരഞ്ഞെടുപ്പിൽ കൊമ്പുകോർക്കുന്നതെന്തിനാണ്? ഉൗഴമിട്ട്, മാറിമാറിയങ്ങ് ഭരിച്ചാൽ പോെര. രണ്ടുവർഷമായി അനാവശ്യമായി തെരഞ്ഞെടുപ്പ് നടത്തി വെറുതെ സമയം പാഴാക്കുകയാണ് ഇസ്രായേലുകാർ. പ്രധാനപ്പെട്ട രണ്ടു മുന്നണികളെയും നയിക്കുന്നത് തികഞ്ഞ സയണിസ്റ്റുകൾ. ഇരുവിഭാഗത്തിെൻറയും പൊതുശത്രുവും ഒന്ന്; ഭൂമിയിൽ സ്വന്തമായൊരു ഇടം നിഷേധിക്കപ്പെട്ട ഫലസ്തീനികളാണത്. ആര് ജയിച്ചാലും ഇപ്പോൾ കാണുന്നപോലെ ഗസ്സയിൽ വ്യോമാക്രമണം ഉറപ്പ്. വെസ്റ്റ്ബാങ്കിലെ ജൂത അധിനിവേശത്തിനും കുറവുണ്ടാകില്ല. എന്നിട്ടും ആരും വിട്ടുവീഴ്ചക്ക് തയാറല്ല. ആ അധികാര വടംവലിക്കൊടുവിൽ ഇപ്പോൾ കസേര ലഭിച്ചിരിക്കുന്നത് നതാലി ബെന്നറ്റിനാണ്. ജൂതരാഷ്ട്രത്തിെൻറ 13ാമത്തെ പ്രധാനമന്ത്രി.
2019 ഏപ്രിലിൽ തുടങ്ങിയതാണീ പോർവിളി. തുടക്കത്തിൽ, ലിക്കുഡ് പാർട്ടിയുടെ നേതാവും സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രിയുമായ നെതന്യാഹുവും ബ്ലൂ ആൻഡ് വൈറ്റിെൻറ ബെന്നി ഗ്യാൻസും തമ്മിലായിരുന്നു മത്സരം. ഗസ്സയിലെ ഫലസ്തീനികളെ ബോംബിട്ട് ശിലായുഗത്തിലെത്തിക്കുമെന്ന് ഒരാൾ; അവിടം കൊണ്ടവസാനിപ്പിക്കില്ലെന്നും വെസ്റ്റ്ബാങ്കിലെ അനധികൃത ജൂത കുടിയേറ്റ പ്രദേശങ്ങൾ സ്വന്തമാക്കുമെന്നും ജൂലാൻകുന്നുകൾകൂടി തങ്ങളുടേതാക്കുമെന്നും രണ്ടാമെത്തയാൾ. പൊടിപാറിയ മത്സരത്തിനൊടുവിൽ രണ്ടുകൂട്ടർക്കും തുല്യ സീറ്റ്. അങ്ങനെ നെതന്യാഹുവിനെ കാവൽ ഭരണം ഏൽപിച്ച് തെരഞ്ഞെടുപ്പ് സെപ്റ്റംബറിലേക്ക് മാറ്റി. അപ്പോഴൂം സീറ്റിെൻറ കാര്യത്തിൽ ചില്ലറ ഏറ്റക്കുറച്ചിലുകളുണ്ടായി എന്നല്ലാതെ ഫലം തഥൈവ! അടുത്ത പോരാട്ടം 2020 മാർച്ചിൽ. സീറ്റു വിഹിതത്തിലൊന്നും അപ്പോഴും മാറ്റമില്ല. എന്നാലും, ബെന്നി ഗ്യാൻസുമായി ധാരണയുണ്ടാക്കി നെതന്യാഹു ഭരണത്തിൽ തുടർന്നു. 36 മാസം ഭരിക്കാനുള്ള കരാറായിരുന്നു. പറഞ്ഞിെട്ടന്ത്, എല്ലാം െപാട്ടി; പാർലമെൻറ് പിരിച്ചുവിട്ട് വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ആ തെരഞ്ഞെടുപ്പാണിപ്പോൾ കഴിഞ്ഞത്. ഇക്കുറിയും വലിയ ഒറ്റകക്ഷി ലിക്കുഡ് തന്നെ. പക്ഷേ, കേവല ഭൂരിപക്ഷമില്ല. ഇൗ തക്കം മുതലെടുത്താണ് നെതന്യാഹുവിെൻറ പഴയ ശിഷ്യൻ കളത്തിലിറങ്ങിയത്. കക്ഷിയുടെ യാമിന പാർട്ടിക്ക് ആകെ ഏഴ് സീറ്റേയുള്ളൂ. നെതന്യാഹു വിരുദ്ധരായ മറ്റ് ഏഴു പാർട്ടികളെ കൂട്ടിയാണ് ടിയാൻ ഭൂരിപക്ഷം തെളിയിച്ചത്. രണ്ടര വർഷത്തിനുശേഷം, ഘടകകക്ഷിയായ യെഷ് അതീദിെൻറ യായിർ ലാപിദിന് ഭരണം കൈമാറാം എന്ന വ്യവസ്ഥയിലാണീ അധികാരാരോഹണം.
സ്വന്തം ശിഷ്യൻ പിന്നിൽനിന്ന് കുത്തി കസേരയിൽനിന്ന് വലിച്ചു താഴെയിട്ടു എന്ന ആത്മനിന്ദയൊന്നും നെതന്യാഹുവിനുണ്ടാകില്ല. ജറൂസലമിലേയും വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും ഇസ്രായേലിെൻറ മാസ്റ്റർ പ്ലാനുകൾ തന്നേക്കാൾ വെടിപ്പായി ചെയ്യാൻ കഴിയുന്ന ആളാണ് ബെന്നറ്റ് എന്ന് 'ബീബി'ക്ക് നന്നായി അറിയാം. 'നെതന്യാഹുവിനേക്കാൾ വലിയ സയണിസ്റ്റ്' എന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലുടനീളം ബെന്നറ്റ് സ്വയം വിശേഷിപ്പിച്ചത്. ആ വിശേഷണത്തിൽ കാര്യമുണ്ട്. നെതന്യാഹുവിെൻറ സഹായിയായി പ്രവർത്തിച്ച് വർഷം മൂന്നു തികയുന്നതിന് മുന്നേതന്നെ, ലിക്കുഡ് പാർട്ടിക്കും നേതാവിനും 'സയണിസ്റ്റ് വികാരം' ഇത്ര പോരെന്ന് ബെന്നറ്റ് നിരീക്ഷിച്ചിട്ടുണ്ട്. മാത്രമല്ല, തീവ്രവലതുകക്ഷികൾക്കെന്നപോലെ മിതവാദ പ്രസ്ഥാനങ്ങളിലും സയണിസം കുത്തിെവച്ചാലേ 'വാഗ്ദത്ത ഭൂമി' സ്വന്തമാകൂ എന്ന സിദ്ധാന്തവും അവതരിപ്പിച്ചു. അതിെൻറ ഭാഗമായിട്ടാണ് 'മൈ ഇസ്രായേൽ' പ്രസ്ഥാനത്തിന് രുപം നൽകിയത്. അതും പോരാഞ്ഞിട്ടാണ് പിറ്റേവർഷം 'ഇസ്രായേലിസ്' സ്ഥാപിച്ചത്. രാജ്യത്തെ സർവ പാർട്ടികളിലും ജനങ്ങളിലും യഥാവിധം സയണിസം കുത്തിവെക്കുക; അതുവഴി മേഖലയിൽ രാഷ്ട്രീയ 'സ്ഥിരത'യുണ്ടാക്കുക എന്നതായിരുന്നു പ്രസ്ഥാനത്തിെൻറ ലക്ഷ്യം. ഇതൊക്കെ കഴിഞ്ഞാണ് പാർലമെൻറിലേക്കെത്തിയത്. ആ പാർലമെൻറിെൻറ അസ്ഥിത്വം തന്നെയും തീവ്രവംശീയതയിലധിഷ്ഠിതമായ സയണിസമാണെങ്കിലും അതൊന്നുകൂടി കടുപ്പിക്കണമല്ലോ. കുടിയേറ്റം, പ്രതിരോധം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളൊക്കെ പല കാലങ്ങളിൽ കൈകാര്യം ചെയ്ത് ആ പണിയും വൃത്തിയായി നിർവഹിച്ചശേഷമാണ് പ്രധാനമന്ത്രി പദത്തിലെത്തിയിരിക്കുന്നത്. കൂട്ടുകക്ഷി ഭരണമായതിനാൽ, നെതന്യാഹുവിനെപ്പോലെ പൂർണ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാനാവില്ലെന്നുറപ്പാണ്. എന്നാലും പരിമിത സ്വാതന്ത്ര്യത്തിൽ നെതന്യാഹുവിനെ 'തോൽപിക്കാനു'ള്ള മിടുക്കുണ്ട്്. ചെറിയൊരു ഇടവേളക്കുശേഷം ഗസ്സ മുനമ്പിൽ കേൾക്കുന്ന വെടിയൊച്ചതന്നെയാണ് അതിെൻറ സാക്ഷ്യം.
വെടിയൊച്ചയിലും ബോംബിങ്ങിലുമൊക്കെ പണ്ടേ ആനന്ദം കണ്ടെത്തിയ ആളാണ്. ഒൗദ്യോഗിക ജീവിതം ആരംഭിക്കുന്നതുതന്നെ ഇസ്രായേൽ സൈന്യത്തിെൻറ ഭാഗമായിട്ടായിരുന്നുവല്ലോ. ആറുവർഷം മാത്രമാണ് പ്രവർത്തിച്ചതെങ്കിലും മേജർ പദവി വരെ എത്തി. എത്രയോ സൈനിക നീക്കങ്ങൾക്ക് നേതൃത്വം വഹിച്ചു. 96ൽ ലബനാൻ അതിർത്തിയിൽ നടത്തിയ 'ഒാപറേഷൻ ഗ്രേപ്സ് ഒാഫ് റാത്ത്' ഒാർമയില്ലേ? വെറും 16 ദിവസം കൊണ്ട് അഞ്ചുലക്ഷം ലബനീസ് ജനതയെയാണ് ബെന്നറ്റും സംഘവും വഴിയാധാരമാക്കിയത്. മേഖലയിൽ അഭയാർഥികൾക്കായി യു.എൻ സ്ഥാപിച്ച കെട്ടിടവും ബോംബിട്ട് തകർത്തു. ഖന കൂട്ടക്കൊല എന്നറിയപ്പെട്ട ആ സംഭവത്തിൽ നൂറിലധികം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതേ ആക്രമണോത്സുക മനോഭാവം ബെന്നറ്റിൽ പിന്നീടും കണ്ടു. പത്തുവർഷത്തിനിടെ ഇസ്രായേൽ ഗസ്സയിൽ നടത്തിയ ആക്രമണങ്ങളെയെല്ലാം അന്താരാഷ്ട്ര മാധ്യമങ്ങളിൽ ന്യായീകരിക്കാൻ മുൻനിരയിൽ നിന്നു. അതിനുള്ള വാക്ചാതുരിയുമുണ്ട്. സൈനിക സേവനത്തിനുശേഷം, സോഫ്റ്റ്വെയർ ബിസിനസിലാണ് ശ്രദ്ധിച്ചത്. ഇന്ന് ലോകത്തിലെ തന്നെ അറിയപ്പെടുന്ന 'സോഫ്റ്റ്വെയർ മാഗ്നറ്റു'കളിലൊരാളാണ് ഇൗ 49കാരൻ.
2005 മുതൽ രാഷ്ട്രീയത്തിലുണ്ടെങ്കിലും, 2013ലാണ് ആദ്യമായി മത്സരിക്കുന്നത്. അന്ന് 'ജ്യൂയിഷ് ഹോം' പാർട്ടിയിലായിരുന്നു. 2018ൽ പാർട്ടിവിട്ട് സ്വന്തമായി 'ന്യൂ റൈറ്റ്' പ്രസ്ഥാനം ആരംഭിച്ചു. അതിനുശേഷമാണ് യാമിനയിലേക്ക് വരുന്നത്. വർഷംചെല്ലുംതോറും തീവ്രമായി വലത്തേക്ക് സഞ്ചരിച്ചുകൊണ്ടിരുന്നുവെന്നും പറയാം. 2013മുതൽ നെതന്യാഹുവിനു കീഴിൽ വിവിധ മന്ത്രാലയങ്ങളുടെ ചുമതലയും വഹിച്ചു. ഫലസ്തീനിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഗസ്സ ഇൗജിപ്തിന് വിട്ടുനൽകണമെന്നൊരു നിർദേശം മുമ്പ് മുന്നോട്ടുവെച്ചിരുന്നു. ബാക്കിയുള്ള മേഖലകൾ ഇസ്രായേൽ നോക്കിക്കൊള്ളാമെന്നും. ആ ഫോർമുലയൊക്കെ ഇപ്പോഴും മനസ്സിലുണ്ടോ എന്തോ!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.