സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂർ ഉപയോഗിച്ച 86 മില്യൺ യൂനിറ്റ് വൈദ്യുതിയിൽ 73 മില്യൺ യൂനിറ്റും പുറമേനിന്ന് വാങ്ങിച്ചതാണ്. ഇതിനുവേണ്ടി വർഷാവർഷം ചെലവാക്കുന്ന തുകയാകട്ടെ 8500 കോടി രൂപയാണ്. ശമ്പളവും പെൻഷനും കൊടുക്കാൻ കടമെടുക്കുന്ന നമ്മുടെ സംസ്ഥാനത്ത് 778 മെഗാവാട്ട് ശേഷിയുള്ള 128 ചെറുകിട ജലവൈദ്യുതി പദ്ധതികളാണ് മുടങ്ങിക്കിടക്കുന്നത്. അത്തരം പദ്ധതികളിൽ ഏറ്റവും വലുതാണ് 60 മെഗാ വാട്ട് ശേഷിയുള്ള പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീം. കണ്ണൂർ ജില്ലയിലെ വഞ്ചിയത്ത് 30 വർഷം മുമ്പ് തുടങ്ങിയ മൂന്ന് മെഗാ വാട്ടിന്റെ പദ്ധതിയാണ് ഏറ്റവും പഴക്കംചെന്നത്.
പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീം നിർമാണം തുടങ്ങിയത് 2007 മാർച്ച് ഒന്നാം തീയതിയാണ്. 16 വർഷത്തിനു ശേഷവും നിർമാണം പൂർത്തിയായിട്ടില്ല. ഒരു ദിവസം 1.44 മില്യൺ യൂനിറ്റ് പള്ളിവാസലിലും, തത്തുല്യമായ ഉല്പാദനം ചെങ്കുളം പവർ ഹൗസിലും നഷ്ടപ്പെടുന്നു. തത്ഫലമായി പള്ളിവാസലിൽമാത്രം കെ.എസ്.ഇ.ബിക്കുണ്ടാകുന്ന പ്രതിദിന നഷ്ടം ഒരു കോടി രൂപയാണ്. മലബാറിലെ ആദ്യത്തെ ജലവൈദ്യുതി പദ്ധതിയായിരുന്ന വഞ്ചിയം, നിർമാണം തുടങ്ങിയത് 1993ലാണ്. 30 വർഷങ്ങൾക്കിപ്പുറം വെറും 20 ശതമാനമാണ് നിർമാണ പുരോഗതി. മലയോര പഞ്ചായത്തുകളായ പയ്യാവൂർ, എരുവേശ്ശി, ഉളിക്കൽ എന്നിവയുടെ സമഗ്രവികസനം സാധ്യമാക്കുന്ന പദ്ധതിയാണിത്. ജലവൈദ്യുതിക്ക് പുറമേ ടൂറിസം വികസനവും അനുബന്ധമായി നടത്താം. ഭൂമി ഏറ്റെടുക്കൽ നൂറു ശതമാനവും പൂർത്തിയായതുകൊണ്ട്, വഞ്ചിയം പദ്ധതി ആരംഭിക്കാൻ ഒരു തടസ്സവുമില്ല.
സംസ്ഥാനത്തിന്റെ ഊർജ സുരക്ഷ അത്യന്തം അപകടകരമായ സ്ഥിതിയിലേക്ക് പോയപ്പോഴാണ്, ‘‘സേവ് സ്മോൾ ഹൈഡൽ പ്രോജക്ട്ഡ്, സേവ് കേരള’’ എന്ന എൻജിനീയർമാരുടെ കൂട്ടായ്മ ഹൈകോടതിയെ സമീപിച്ചത്. 2017, നവംബർ മാസം 29ാം തീയതി ഡബ്ല്യു.പി.സി 33239 എന്ന നമ്പറിൽ പൊതുതാൽപര്യ ഹരജി ഫയൽ ചെയ്യപ്പെട്ടു. തുടർന്ന് കെ.എസ്.ഇ.ബി ഹൈകോടതിയിൽ, പദ്ധതികളുടെ പൂർത്തീകരണ തീയതി പലവട്ടം മാറ്റി ചോദിച്ചു. താഴത്തെ പട്ടികയിൽ മൂന്നു പ്രധാന പദ്ധതികളുടെ വിശദാംശങ്ങൾ ചേർത്തിരിക്കുന്നത് ശ്രദ്ധിക്കുക.
ഈയിടെ വൈദ്യുതി വകുപ്പിന്റെ പ്രസ് റിലീസിൽ പറയുന്നത് പള്ളിവാസലും തൊട്ടിയാറും ഈ വരുന്ന മേയ് മാസത്തിൽ ഉദ്ഘാടനം ചെയ്യപ്പെടുമെന്നാണ്. ഇതിൽനിന്ന് ഒരു കാര്യം വ്യക്തമാവുന്നത്, കെ.എസ്.ഇ.ബിക്ക് ജലവൈദ്യുതി പദ്ധതികൾ പൂർത്തീകരിക്കാനുള്ള താൽപര്യമോ ശേഷിയോ ഇല്ല. അതുകൊണ്ട് നിർമാണം പല ഘട്ടങ്ങളിലായി തടസ്സപ്പെട്ട് കിടക്കുന്ന ചെറുകിട ജലവൈദ്യുതി പദ്ധതികളിൽ പകുതിയെങ്കിലും, ജില്ലാ പഞ്ചായത്തുകൾക്കും ജില്ലാ സഹകരണ ബാങ്കുകൾക്കും നൽകണം. ബാക്കിയുള്ളവ സംസ്ഥാനത്തെ സ്വകാര്യ സംരംഭകർക്കും കെ.എസ്.ഇ.ബിക്കും വീതിച്ചുനൽകാം. ഇത്തരമൊരു നയസമീപനം സ്വീകരിച്ചാൽ മാത്രമേ സംസ്ഥാനത്തെ വൈദ്യുതി ഉൽപാദന രംഗത്ത് ഗുണപരമായ മാറ്റമുണ്ടാവൂ. ഘട്ടംഘട്ടമായി മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള വൈദ്യുതി ഇറക്കുമതി കുറക്കുകയും ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.